Connect with us

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വെറും കസേര സംരക്ഷണ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കോപ്പിയടിച്ചതാണിതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് ചെയ്തത്. സാധാരണ ഇന്ത്യക്കാര്‍ക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികള്‍ക്ക് കൈക്കൂലി നല്‍കുന്ന ബജറ്റ്. സര്‍ക്കാരിന് തകര്‍ച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റില്‍ കേരളത്തിനോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ല. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണുണ്ടാക്കിയത്. മോദി സര്‍ക്കാരിന്റെ ജീവന് വേണ്ടിയുള്ള രാഷ്ട്രീയ വ്യായാമം മാത്രമാണ് ബജറ്റില്‍ കണ്ടതെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന് ഒരു പരിഗണയും കിട്ടിയില്ല. കടപരിധി വെട്ടിക്കുറച്ചതില്‍ പോലും ഒന്നും പറഞ്ഞില്ല. 24,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം അവഗണിച്ചു. രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന വിഴിഞ്ഞത്തിന് ഒരു രൂപ പോലും മാറ്റി വച്ചില്ല. എയിംസ് കിട്ടുമെന്ന് വാഗ്ധാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും കേരളത്തിന് വേണ്ടി മാറ്റിവെച്ചില്ല.
കേരളത്തിലെ ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാകും കേരളത്തിന്റെ അവഗണനക്കെതിരെ നിലപാട് എടുക്കണം. രാജ്യത്തിന്റെ ആരോഗ്യമല്ല, പകരം മോദി സര്‍ക്കാരിന്റെ ആയുസും ആരോഗ്യവും സംരക്ഷിക്കാനാണ് ഈ ബജറ്റ്. ബജറ്റ് കാണുമ്പോള്‍ സര്‍ക്കാര്‍ അധിക കാലം മുന്നോട്ട് പോകില്ലെന്ന് പേടിയുള്ള പോലെ തോന്നും. ഫെഡറലിസത്തെ കുറിച്ച് പറയാന്‍ മോദിക്ക് ഒരു അര്‍ഹതയും ഇല്ല. തൊഴില്‍ അടക്കം പല മേഖലയിലും പ്രഖ്യാപനങ്ങള്‍ മാത്രമാണുളളത്. തൊഴിലുറപ്പ് പദ്ധതി വിഹിതം പോലും വെട്ടിക്കുറച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ പോലും വേണ്ടത നീക്കിയിരിപ്പില്ല. പത്ത് ലക്ഷം തസ്തിക കേന്ദ്ര സര്‍ക്കാരില്‍ ഒഴിഞു കിടക്കുന്നു, അത് പോലും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest