From the print
ഗസ്സയില്‍ വ്യാപക ആക്രമണം; ആരോഗ്യ മേഖല തകര്‍ന്നു
തെക്കന്‍ മേഖലയായ റഫ, ഗസ്സ സിറ്റിയിലെ ജബാലിയ മേഖലകളില്‍ നിന്ന് സുരക്ഷിത പ്രദേശം തേടി ഫലസ്തീനികള്‍ കൂട്ടത്തോടെ പലായനം തുടരുകയാണ്.
ഗസ്സ/കൈറോ | ഗസ്സയുടെ വടക്ക്, തെക്ക് മേഖലകളില്‍ ഒരേസമയം ആക്രമണം കടുപ്പിച്ച് ഇസ്റാഈല്‍. തെക്കന്‍ മേഖലയായ റഫ, ഗസ്സ സിറ്റിയിലെ ജബാലിയ മേഖലകളില്‍ നിന്ന് സുരക്ഷിത പ്രദേശം തേടി ഫലസ്തീനികള്‍ കൂട്ടത്തോടെ പലായനം തുടരുകയാണ്.
ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയിലെ പ്രധാന മേഖലകളില്‍ ഇസ്റാഈല്‍ സൈന്യം ടാങ്കുകള്‍ വിന്യസിച്ചു. വ്യോമാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റഫയില്‍ ആക്രമണം ശക്തമാക്കിയതോടെ ഹമാസ് നേതാക്കള്‍ വടക്കന്‍ ഗസ്സയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജബാലിയ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്.
‘എങ്ങോട്ടാണ് ഇനി പോകേണ്ടതെന്ന് അറിയില്ല. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ആട്ടിയോടിക്കുകയാണ്. തെരുവുകളിലൂടെ ഞങ്ങള്‍ ഓടുകയാണ്. തെരുവുകള്‍ ടാങ്കുകളും ബുള്‍ഡോസറുകളും കീഴടിക്കിയിരിക്കുന്നു’- പേര് വെളിപ്പെടുത്താത്ത ഫലസ്തീന്‍ സ്ത്രീ പറഞ്ഞു. കരയാക്രമണത്തിന്റെ മുന്നോടിയായി ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയ റഫയില്‍ നിന്ന് 3.6 ലക്ഷം പേരാണ് ഇതിനകം അഭയാര്‍ഥികളായതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
ആരോഗ്യ മേഖല പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഗസ്സ മുനമ്പിലെ 36 ആശുപത്രികളില്‍ 12 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. റഫയിലെ കുവൈത്തി ആശുപത്രിയില്‍ നിന്ന് ആരോഗ്യ വിഭാഗം ജീവനക്കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്റാഈല്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് അവശേഷിക്കുന്ന ഏക ആശുപത്രിയാണിത്. ഇന്ധനം ലഭിക്കാതായതോടെ ഖാന്‍ യൂനുസിന് സമീപമുള്ള യൂറോപ്യന്‍ ഗസ്സ ആശുപത്രിയുടെ പ്രവര്‍ത്തനം നേരത്തേ നിലച്ചിരുന്നു. ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി അടച്ചതോടെ ഗുരുതര രോഗികളെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്റാഈല്‍ അധിനിവേശത്തിനിടെ ഇതുവരെ മരിച്ചവര്‍ 35,091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേരാണ് കൊല്ലപ്പെട്ടത്. നിരവധി മൃതദേഹങ്ങള്‍ പുറത്തെടുക്കാനാകാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതര്‍ പറഞ്ഞു.