National
ബംഗാളില്‍ ബി ജെ പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വ്യാപക സംഘര്‍ഷം
നേതാക്കള്‍ കസ്റ്റഡിയില്‍: ബംഗാളിനെ മമത നോര്‍ത്ത് കൊറിയയാക്കി മാറ്റുകയാണെന്ന് സുവേന്ദു അധികാരി
കൊല്‍ക്കത്ത | മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് പശ്ചിമ ബംഗാളില്‍ ബി ജെ പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ വ്യാപക സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയ പോലീസ് നേതാക്കളേയും പ്രവര്‍ത്തകരേയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.
മാര്‍ച്ചിനായി ട്രെയിനിലും ബസിലുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പലയിടത്തും ഇതിനെത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായി. ഹൗറയടക്കമുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. സെക്രട്ടേറിയറ്റ് പരിസരത്തേക്ക് മാര്‍ച്ചുമായെത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയേയും സംഘത്തേയും രണ്ടാം ഹൂഗ്ലി ബ്രിഡ്ജില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് സുവേന്ദു അധികാരി, എം പിമാരായ ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ്, മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കടുത്ത വിമര്‍ശനം സുവേന്ദു അധികാരി നടത്തി. പശ്ചിമ ബംഗാളിനെ മമത ബാനര്‍ജി നോര്‍ത്ത് കൊറിയയാക്കി മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മമതാ ബാനര്‍ജിക്ക് അവരുടെ പാര്‍ട്ടിയില്‍ നിന്നുപോലും പിന്തുണയില്ല. അതുകൊണ്ട് നോര്‍ത്ത് കൊറിയയെ പോലെ ബംഗാളില്‍ അവര്‍ സ്വേച്ഛാധിപത്യം നടപ്പാക്കുന്നു. ഇപ്പോഴത്തെ നടപടികള്‍ക്ക് പോലീസ് പിഴയൊടുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.