National
വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം
ബൂത്തില്‍ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തില്‍ എറിയപ്പെട്ടത്. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് തടസപ്പെട്ടില്ലെന്നുമാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നത്.
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ വ്യാപക സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഒരു വിഭാഗം ആളുകള്‍ വോട്ടിങ് മെഷീന്‍ കുളത്തിലെറിഞ്ഞു. ജാദവ്പൂര്‍ നിയോജക മണ്ഡലത്തിലെ ഭംഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റേയും അനുഭാവികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും സംഘര്‍ഷത്തെത്തുടര്‍ന്ന് ബോംബേറും ഉണ്ടായി.
പോലീസ് സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങി.തുടര്‍ന്ന് പോലീസ് ലാത്തി വീശി. പ്രദേശത്ത് നിന്ന് നിരവധി ബോംബുകള്‍ പൊലീസ് കണ്ടെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ആറ് ബൂത്തുകളില്‍ വിവിധ സംഘര്‍ഷങ്ങളില്‍ കേസെടുത്തിട്ടുണ്ട്.അതേസമയം ബൂത്തുകളില്‍ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികള്‍ കുളത്തില്‍ എറിഞ്ഞതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ബൂത്തില്‍ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തില്‍ എറിയപ്പെട്ടത്. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് തടസപ്പെട്ടില്ലെന്നുമാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നത്.
അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ഒമ്പത് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദം ഡം, ബരാസത്, ബസിര്‍ഹത്ത്, ജയനഗര്‍, മഥുരാപൂര്‍, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പൂര്‍, കൊല്‍ക്കത്ത ദക്ഷിണ്, കൊല്‍ക്കത്ത ഉത്തര്‍ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.