Connect with us

indian presidential election

ഗുജറാത്തും അസമുമടക്കം പലയിടത്തും വ്യാപക ക്രോസ് വോട്ടിംഗ്; അമ്പരന്ന് കോണ്‍ഗ്രസ്‌

ഗുജറാത്തില്‍ മാത്രം 17 കോണ്‍ഗ്രസ് എം എല്‍ എമാരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തത്‌

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ വലിയ തോതില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തതായി വിലയിരുത്തല്‍. ഗുജറാത്തില്‍ 17 കോണ്‍ഗ്രസ് എം എല്‍ മാരാണ് എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തത്. അസമില്‍ 22 പ്രതിപക്ഷ എം എല്‍ മാരാണ് ക്രോസ് വോട്ട് ചെയ്തത്. നിലവിലെ അംഗബലം അനുസരിച്ച് അതില്‍ 17 വോട്ടെങ്കിലും കോണ്‍ഗ്രസിന്റേതാണ്. പാര്‍ട്ടിക്ക് സ്വാധീനുമള്ള പല ഭാഗങ്ങളിലും ക്രോസ് വോട്ടിംഗ് നടന്നതായാണ് വിവരം.

പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും എം എല്‍ എമാര്‍ ഇത്തരത്തില്‍ ക്രോസ് വോട്ട് ചെയ്തതില്‍ ഞെട്ടലിലാണ് പാര്‍ട്ടി. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം വിശ്വാസ വഞ്ചന എം എല്‍ എമാരില്‍ നിന്നുണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ 96 വോട്ടിനെതിരെ 79 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 17 പേര്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്തു. അവര്‍ ആരെല്ലാമാണെന്ന് തിരിച്ചറിയുക പ്രയാസമാണെന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നു.

ല്ലാ എം എല്‍ എമാരുടെയും വിശ്വസ്തതയെ സംശയിക്കുന്നതിന് തുല്യമായ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഗുജറാത്ത് പി സി സി അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു. ഇപ്പോള്‍ ഒരു നടപടിയും എടുക്കുന്നില്ല. ക്രോസ് വോട്ട് ചെയ്ത എം എല്‍ എമാര്‍ താമസിയാതെ ബി ജെ പിയിലേക്ക് കൂറുമാറുമെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിനുള്ളില്‍ ക്രോസ് വോട്ടിംഗ് നടന്നതായി പി സി സി പ്രസിഡന്റ് തന്നെ പറയുന്നു. അടുത്തയാഴ്ച റാഞ്ചിയില്‍ പാര്‍ട്ടിയുടെ എല്ലാ എം എല്‍ എമാരെയും വിളിച്ചുവരുത്തി പാര്‍ട്ടി ലൈനിനെ ധിക്കരിച്ചത് ആരാണെന്ന് കണ്ടെത്താന്‍ അവരുമായി നേരിട്ട് സംസാരിക്കുമെന്ന് ജാര്‍ഖണ്ഡ് പി സി സി അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പറഞ്ഞു.

ഛത്തീസ്ഗഡില്‍ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഒഡീഷയില്‍, കോണ്‍ഗ്രസ് എം എല്‍ എ മുഹമ്മദ് മൊക്വിം മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.