Uae
യുഎഇയില്‍ പരക്കെ ഭൂചലന പ്രകമ്പനം
ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇറാനില്‍ എട്ട് ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
ദുബൈ | ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇറാനില്‍ രണ്ട് തവണയുണ്ടായ ഭൂചലനങ്ങള്‍ യുഎഇയിലുടനീളം പ്രകമ്പനം സൃഷ്ടിച്ചു. ദുബൈ, അബൂദബി, ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ, കല്‍ബ തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടതായി നിരവധി താമസക്കാര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുകയും ചെയ്തു. ഷാര്‍ജയില്‍ നിരവധി താമസക്കാര്‍ തുറസ്സായ സ്ഥലങ്ങളില്‍ ഒത്തുകൂടി.
ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇറാനില്‍ എട്ട് ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.2 മുതല്‍ 6.3 വരെ തീവ്രത രേഖപ്പെടുത്തിയവയാണ് ചലനങ്ങളെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ യഥാക്രമം പുലര്‍ച്ചെ 1.32നും 3.24നുമാണ് ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് യു എ ഇയില്‍ അനുഭവപ്പെട്ടത്.
പ്രകമ്പനം ഇത്ര ശക്തമായി അനുഭവപ്പെടുന്നത് ആദ്യമാണെന്ന് ആദ്യകാല താമസക്കാര്‍ പറഞ്ഞു. ഇറാനിലെ ഭൂകമ്പങ്ങളുടെ അലയൊലി ഗള്‍ഫ് രാജ്യങ്ങളില്‍ പതിവ് സംഭവങ്ങളാണ്. ഇന്നലെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ യു എ ഇയില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇറാന്റെ ഗള്‍ഫ് തീരത്തിനടുത്തുള്ള സയേ ഖോഷ് ഗ്രാമത്തില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു