Editors Pick
സര്‍ക്കാറിന്‌റെ മദ്യനയത്തിൽ വ്യാപക പ്രതിഷേധം
മദ്യവര്‍ജനം പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തി അധികാരത്തിലേറിയ സര്‍ക്കാര്‍ മദ്യ വര്‍ധന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
തിരുവനനന്തപുരം | എല്‍ ഡി എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ ഇടത് മുന്നണിയില്‍ നിന്നുള്‍പ്പെെട വ്യാപക പ്രതിഷേധം. സി പി ഐയുടെ തൊഴിലാളി യൂനിയനായ എ ഐ ടി യു സിയാണ് എതിര്‍പ്പ് പരസ്യമാക്കി രംഗത്തുവന്നിരിക്കുന്നത്. ഇതോടൊപ്പം പ്രതിപക്ഷമടക്കം വിവിധ മേഖലകളില്‍ നിന്ന് മദ്യനയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഘട്ടം ഘട്ടമായി മദ്യവര്‍ജനമെന്ന എല്‍ ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനം അട്ടിമറിക്കുന്നതാണ് പുതിയ മദ്യനയമെന്നാണ് വിമര്‍ശം. സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ രാഷ്ട്രീയ, മത, സാമൂഹിക മേഖലകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മദ്യവര്‍ജനം പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തി അധികാരത്തിലേറിയ സര്‍ക്കാര്‍ മദ്യ വര്‍ധന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
ഘട്ടം ഘട്ടമായി മദ്യവര്‍ജനം നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 29 പഞ്ചനക്ഷത്ര ബാറുകളാണ് ഉണ്ടായിരുന്നത്. ഏഴ് വര്‍ഷം പിന്നിടുന്പോൾ അത് 49 ആണ്. നിര്‍ത്തലാക്കിയ ത്രീ, ഫോര്‍ സ്റ്റാര്‍ പദവിയുള്ള 813 ബാറുകകളില്‍ പഴയ ലൈസന്‍സുള്ള 438 ഉള്‍പ്പെടെ 684 എണ്ണം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇതിന് പുറമെ പുതിയ മദ്യനയത്തില്‍ കൂടുതൽ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടി അനുവദിക്കുന്നതിലൂടെ ഇടതുമുന്നണി സ്വന്തം പ്രകടന പത്രിക അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം. മദ്യ ലഭ്യത വര്‍ധിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് കാര്യമായ ഒരു പഠനവും നടത്താതെ കൂടുതല്‍ മദ്യം വിതരണം ചെയ്ത് പരമാവധി വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് പുതിയ മദ്യ നയത്തിലുള്ളതെന്നാണ് പ്രധാന വിമര്‍ശം.
വിമുക്തി ക്യാമ്പയിനൊപ്പം എന്‍ഫോഴ്‌സ്‌മെന്റ്ഫലപ്രദമാക്കുന്നതിനുള്ള പദ്ധതികളും കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ രാസലഹരി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും മദ്യനയത്തിലില്ല. അതേസമയം, ഒരുഭാഗത്ത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് അതിശക്തമായ പ്രചാരണത്തിന് പണം നല്‍കുമെന്ന് പറയുമ്പോള്‍ മറുഭാഗത്ത് 250 ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടി അനുവദിക്കുകയാണ്. ഇതുവഴി പുതുതായി അനുവദിക്കാന്‍ പോകുന്നത് നിലവിലുള്ള ഔട്ട്‌ലെറ്റുകളുടെ 70 ശതമാനമാണ്. മദ്യ വര്‍ജനത്തിന് പകരം മദ്യ വര്‍ധനയാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ഇതിനിടെ, ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി പി ഐയുടെ തൊഴിലാളി യൂനിയനായ എ ഐ ടി യു സിയും സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നുമുള്ള ആരോപണമാണ് എ ഐ ടി യു സി ഉയര്‍ത്തുന്നത്.