Connect with us

Ongoing News

ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസ്; 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

അയിരൂര്‍ വെള്ളിയറ തീയാടിക്കല്‍ കടമാന്‍കുഴി കോളനിയില്‍ മുത്തു എന്ന് വിളിക്കുന്ന രാജീവ് (49) ആണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

Published

|

Last Updated

പത്തനംതിട്ട | ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ വെള്ളിയറ തീയാടിക്കല്‍ കടമാന്‍കുഴി കോളനിയില്‍ മുത്തു എന്ന് വിളിക്കുന്ന രാജീവ് (49) ആണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

ഇന്ന് രാവിലെ ആറരയോടെ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന പോലീസ് സംഘം, കണ്ണൂരില്‍ നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രാമധ്യേ പ്രതിയെ പിടികൂടുകയായിരുന്നു. ഭാര്യ സിന്ധുവും രണ്ട് കുട്ടികളുമൊത്ത് താമസിച്ചുവന്ന വീട്ടില്‍ വച്ച് 2010 നവംബര്‍ ഒന്നിനാണ് ഇയാള്‍ യുവതിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ സിന്ധു മരണപ്പെട്ടു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചുവന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി കണ്ണൂര്‍, എറണാകുളം ജില്ലകളിലെ പല സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരുവിലെ ഹോട്ടലുകളിലും കാന്റീനുകളിലും സഹായിയായി കഴിഞ്ഞു. രാജേഷ് എന്ന് പേരുമാറ്റി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ ഇയാള്‍ കൊട്ടാരക്കരയില്‍ ഒരു സ്ത്രീക്കൊപ്പം താമസമാക്കി. രാജേഷ് കൊട്ടാരക്കര എന്ന പേരില്‍ ഫേസ്ബുക്ക് ഐ ഡി സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. ബെംഗ്ലരൂവില്‍ ഹോട്ടല്‍ ജോലി ചെയ്തു താമസിച്ചു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറുമാസം മുമ്പ് പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് അവിടെ പോയിരുന്നു. പക്ഷെ, ഇയാള്‍ പിടിയിലാവാതെ രക്ഷപ്പെട്ടു. അന്നുമുതല്‍ ഇയാള്‍ കോയിപ്രം സ്‌ക്വാഡിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

ബെംഗളൂരുവിലെ ഒളിയിടം പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി കണ്ണൂരിലേക്ക് കടക്കുകയും, അവിടെ ഒരു ഹോട്ടലില്‍ ജോലിക്ക് കയറുകയും ചെയ്തു. ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസിന്, കൊട്ടാരക്കരയിലുള്ള വീട്ടിലേക്ക് ഇയാള്‍ വരുന്നതായി വിവരം ലഭിച്ചു. യാത്രയ്ക്കിടെയാണ് തിരുവല്ലയില്‍ നിന്നും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തിരുവല്ല ഡി വൈ എസ് പി. എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ്‌കുമാര്‍, എ എസ് ഐ. ഷിബുരാജ്, എസ് സി പി ഒ. ജോബിന്‍ ജോണ്‍, സി പി ഒമാരായ രതീഷ്, അനു ആന്റപ്പന്‍ എന്നിവരടങ്ങിയ കോയിപ്രം സ്‌ക്വാഡ് ആണ് 14 കൊല്ലമായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ശ്രമകരമായ ദൗത്യത്തില്‍ കണ്ടെത്തി പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Latest