Connect with us

Kerala

ഭാര്യയെ വലിച്ചിറക്കി കുത്തിക്കൊന്നു; യുവാവിന്റെ ക്രൂരതയില്‍ നടുങ്ങി പുതുപ്പാടി

ഇവരുടേത് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു

Published

|

Last Updated

കോഴിക്കോട് | മയക്കുമരുന്ന് അടിമയായ യുവാവിന്റെ ക്രൂരതയില്‍ നടുങ്ങി മലയോരം. നോമ്പുതുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈങ്ങാപ്പുഴ കക്കാട് നാക്കിലമ്പാട് പാറക്കണ്ടി അബ്്ദുര്‍റഹ്്മാന്റെ മകള്‍ ഷിബില (24)യെ ഭര്‍ത്താവ് യാസിര്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദനം കാരണം ഒരു മാസത്തോളമായി ശിബില പിതാവിനൊപ്പമായിരുന്നു താമസം. നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ ഇവിടെയെത്തിയ യാസിര്‍ ശിബിലയെ വിലച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച അബ്്ദുര്‍റഹ്്മാനെയും ഭാര്യ ഹസീനയെയും യാസര്‍ കുത്തി വീഴ്ത്തി.
നേരത്തേ ഇവരുടെ വീടിന് സമീപത്തായിരുന്നു യാസിറും കുടുംബവും വാടകക്ക് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് യാസിറും ശിബിലയും പരിചയപ്പെടുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്ത് ഇരുവരും ഒരുമിച്ച് കഴിഞ്ഞുവരികയായിരുന്നു. വിവാഹം കഴിഞ്ഞതോടെ ആക്രമണവും അസഭ്യവര്‍ഷവും ആരംഭിച്ചതായും ക്രൂരമായി മര്‍ദിക്കുന്നതായും കാണിച്ച് ഷിബില കഴിഞ്ഞ മാസം താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ കാര്യമായ നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും തന്റെയും മൂന്ന് വയസ്സായ കുഞ്ഞിന്റെയും വസ്്ത്രം പോലുമെടുക്കാന്‍ അനുവദിച്ചില്ലെന്നും ഷിബില പരാതിപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി യാസിര്‍ ശിബിലയുടെ വസ്്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും ഇത് വീഡിയോ എടുത്ത് വാട്സാപ്പില്‍ സ്റ്റാറ്റസ് വെക്കുകയും അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെയാണ് കത്തിയുമായി എത്തി കുത്തിക്കൊലപ്പെടുത്തിയത്. ആള്‍ട്ടോ കാറില്‍ ആണ് പ്രതി എത്തിയിരുന്നത്. അക്രമത്തിന് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പാര്‍ക്കിംഗില്‍ നിന്ന് രാത്രിയോടെ പിടികൂടി.

കഴിഞ്ഞ ജനുവരി 17ന് പുതുപ്പാടിയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് അടിമയായ പ്രതി മാതാവില്‍ നിന്ന് പണവും സ്വത്തും ആവശ്യപ്പെട്ടായിരുന്നു ക്രൂരമായ ആക്രമണം നടത്തിയത്.

പുതുപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി മാഫിയയുടെ വിളയാട്ടം ശക്തമായതിനെത്തുടര്‍ന്ന് അടിവാരത്ത് ഉള്‍പ്പെടെ ജനങ്ങള്‍ ജാഗ്രതാ സമിതി രൂപവത്കരിക്കുകയും ശക്തമായ പ്രതിരോധം ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലഹരി മാഫിയയുടെ വിളയാട്ടത്തിന് യാതൊരു കുറവും ഉണ്ടാകുന്നില്ലെന്നാണ് ഇന്നലെ നടന്ന കൊലപാതകത്തില്‍ നിന്ന് വ്യക്തമാകുന്നത്.

 

Latest