From the print
വന്യമൃഗ ആക്രമണം തുടർക്കഥ ; സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ദുർബലം
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി, വയനാട്, തൃശൂർ ജില്ലകളിലായി കാട്ടാനയുടെ ആക്രമണത്തിൽ ഒമ്പത് പേരാണ് മരിച്ചത്
തൃശൂർ | സംസ്ഥാനത്ത് വന്യമൃഗ ആക്രമണം തുടർക്കഥയാവുമ്പോഴും പ്രതിരോധ നടപടികൾ ദുർബലം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി, വയനാട്, തൃശൂർ ജില്ലകളിലായി കാട്ടാനയുടെ ആക്രമണത്തിൽ ഒമ്പത് പേരാണ് മരിച്ചത്. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
ഇന്നലെ മാത്രം രണ്ടിടങ്ങളിലായി കാട്ടാന, കാട്ടുപോത്ത് ആക്രമണങ്ങളിൽ ഒരു സ്ത്രീക്കും കർഷകനുമാണ് ജീവൻ നഷ്ടമായത്. തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് വാച്ച്മരം കോളനിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സല(62)യാണ് കൊല്ലപ്പെട്ടത്.
കോഴിക്കോട് കക്കയം ഡാം സൈറ്റിന് സമീപത്ത് കർഷകൻ പാലാട്ടിൽ എബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്പേയാണ് തൃശൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്.
കഴിഞ്ഞ ദിവസം ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിര രാമകൃഷ്ണൻ (78) എന്ന സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ആനയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ ഇന്ദിരയെ ആശുപത്രിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടുവളപ്പിൽ കൂവ വിളവെടുക്കുന്നതിനിടെയാണ് ഇവർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഇടുക്കി മൂന്നാറിൽ ഫെബ്രുവരി 26ന് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (38) ആണ് മരിച്ചത്. മണിയുടെ വീടിന് സമീപത്തുവെച്ചാണ് ആന ആക്രമിച്ചത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും വീണ സുരേഷ് കുമാറിനെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു.
ഇടുക്കി ജില്ലയിൽ ജനുവരി എട്ടിന് മൂന്നാർ പന്നിയാർ എസ്റ്റേറ്റിലെ പരിമളം, 23ന് മൂന്നാർ തെന്മലയിലെ പാൽരാജ്, 26ന് മൂന്നാർ ചിന്നക്കനാലിലെ സൗന്ദർ രാജൻ, ഫെബ്രുവരി 26ന് മൂന്നാർ കന്നിമലയിലെ സുരേഷ്‌കുമാർ, ഈ മാസം നാലിന് കോതമംഗലം സ്വദേശിനിയായ ഇന്ദിര രാമകൃഷ്ണൻ എന്നിവരാണ് മരിച്ചത്.
വയനാട്ടിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 31ന് മാനന്തവാടി തോൽപ്പട്ടി നരിക്കല്ല് സ്വദേശിയായ ലക്ഷ്മണൻ, ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശിയായ അജീഷ്, 16ന് പനമരം സ്വദേശി പോൾ എന്നിവരും മരണത്തിന് കീഴടങ്ങി. ഒരുമാസം മുമ്പ് വിനോദസഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളായ രണ്ട് പേർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വനമേഖലയിൽ വന്യമൃഗ ആക്രമണം തുടർക്കഥയാണ്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ വീടിനുള്ളിൽ കയറി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാനകൾ ആക്രമിച്ചത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആനകൾ ആക്രമിച്ച വിവരം മനസ്സിലാക്കുന്നത്. കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് ഇവിടെ ആരുമുണ്ടാകാത്തതിനാൽ ആളപായമുണ്ടായില്ല. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ മൂന്ന് കെട്ടിടങ്ങൾ കൂടി ആനകൾ തകർത്തിരുന്നു.
കാട്ടാന, കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി, മാൻ തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്നത് പതിവായിട്ടും ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ചുറ്റുമതിൽ, ജൈവ വേലി, വൈദ്യുത കമ്പി വേലി, കിടങ്ങ് എന്നിവയുടെ നിർമാണം, നിലവിലുള്ളവയുടെ സംരക്ഷണം എന്നിവ പലയിടത്തും ഫലപ്രദമാകുന്നില്ല. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി, പാലപ്പിള്ളി മേഖലകളിൽ തുടരുന്ന വന്യമൃഗ ആക്രമണം തടയാൻ തൃശൂർ ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച വന്യമിത്ര പദ്ധതി ലക്ഷ്യം കണ്ടിട്ടില്ല. 35 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. പ്രധാനമായും വൈദ്യുതി കമ്പി വേലി സ്ഥാപിച്ച് വന്യമൃഗങ്ങളെ തുരത്തുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്. ട്രഞ്ച് നിർമാണവും ഇവിടെ ഫലവത്തായിട്ടില്ലെന്ന് പാലപ്പിള്ളി ആറാം വാർഡ് മെമ്പർ ജലാൽ സിറാജിനോട് പറഞ്ഞു. വരന്തരപ്പിള്ളി പഞ്ചായത്തിൽ മാത്രം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഏഴ് പേരാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.