Connect with us

Kerala

വന്യമൃഗ ആക്രമണം; കൊല്ലപ്പെട്ട വത്സയുടെയും അബ്രഹാമിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും

വത്സയുടെ കുടുംബത്തിന് ആദ്യ ഗഡു ധനസഹായമായ അഞ്ച് ലക്ഷം രൂപയും അബ്രഹാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഇന്ന് നല്‍കും.

Published

|

Last Updated

തൃശൂര്‍/കോഴിക്കോട് | തൃശൂര്‍ അതിരപ്പിള്ളി വാച്ചുമരം കോളനിയില്‍ കാട്ടാന ചവിട്ടിക്കൊന്ന വത്സയുടെയും കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച പാലാട്ടിയില്‍ അബ്രഹാമിന്റെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.

അതിരപ്പിള്ളിയില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സയെ കാട്ടാന ചവിട്ടിക്കൊന്നത്. രാവിലെ ചാലക്കുടി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലാണ് വത്സയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം വാഴച്ചാല്‍ ഡി എഫ് ഒ ആദ്യഗഡു ധനസഹായമായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും. മേഖലയില്‍ കരിദിനാചരണത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലാണ്, കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച അബ്രഹാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ടുപോകും. വൈകീട്ട് നാലിന് കക്കയം പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

അബ്രഹാമിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് കക്കയത്ത് ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അബ്രഹാമിന്റെ കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ 10 ലക്ഷം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം.

---- facebook comment plugin here -----

Latest