Connect with us

editorial

വന്യമൃഗങ്ങൾ ഇനിയും മനുഷ്യജീവനെടുക്കരുത്

വന്യജീവി ആക്രമണം പൊടുന്നനെ ഉണ്ടായതല്ല. അത് കാലങ്ങളായി സംഭവിക്കുന്നുണ്ട്. അപ്പോഴെല്ലാം താത്കാലിക പരിഹാരമാണ് ആലോചിച്ചത് എന്നതിനാല്‍ കൂടിയാണ് ഇപ്പോഴും അത് തുടരുന്നത്.

Published

|

Last Updated

സംസ്ഥാനത്ത് വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 180 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2024ല്‍ മാത്രം കാട്ടാനയാക്രമണത്തില്‍ മരിച്ചത് 12 പേരാണ്. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് നാല് പേരുടെ ജീവനെടുത്തു കാട്ടാനകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്ന എട്ടാമത്തെയാളാണ് അട്ടമല സ്വദേശി ബാലന്‍. വന്യജീവികളുടെ ആക്രമണത്തിനിരയായി അപകടം സംഭവിച്ച എത്രയോ വാര്‍ത്തകള്‍ വേറെയുമുണ്ട്. കൊല്ലപ്പെടുന്നത് മനുഷ്യരാണ്. കാടിനോട് ചേര്‍ന്ന് ജീവിതം നയിക്കുന്നവരാണ് അവരില്‍ മിക്കവരും.

ഓരോ മരണത്തിന് പിറകെയും ജനം ഏതാനും മണിക്കൂറുകള്‍ പ്രതിഷേധിക്കും, മാധ്യമങ്ങള്‍ ഒന്നോ രണ്ടോ ദിവസം വാര്‍ത്തകള്‍ നല്‍കും. അതുകഴിഞ്ഞാല്‍ പിന്നെ കുടുംബം കണ്ണീരുണങ്ങാതെ ജീവിക്കേണ്ടുന്ന അവസ്ഥ. കേരളത്തിന്റെ നിയമസഭയിലടക്കം ചര്‍ച്ച നടന്നിട്ടുണ്ട്. സര്‍ക്കാര്‍ പലവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ ശാശ്വത പരിഹാരത്തിലേക്കെത്താന്‍ സാധിച്ചിട്ടില്ല. വന്യജീവികള്‍ നാട്ടിലിറങ്ങി ജനങ്ങളെ ഉപദ്രവിക്കുന്നതില്‍ നാട്ടുകാരെ തന്നെ പഴി പറയുന്നവരും കുറവല്ല. വന്യജീവികളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യന്‍ നടത്തിയ കൈയേറ്റത്തിന്റെ ഫലശ്രുതിയാണ് ഈ അക്രമണങ്ങളെന്ന് വാദിക്കുന്ന തീവ്രപരിസ്ഥിതിവാദികളും മൃഗസ്‌നേഹികളുമുണ്ട്. അവരെക്കൂടി പേടിച്ചാണ് അധികാരികള്‍ പലപ്പോഴും പ്രായോഗിക പരിഹാരങ്ങളിലേക്ക് നീങ്ങാത്തത്.

കേന്ദ്ര വനം വന്യജീവി നിയമം പരിഷ്‌കരിക്കുകയാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി. 1972ലെ വനം- വന്യജീവി സംരക്ഷണ നിയമം വന്യജീവികളെ വേട്ടയാടുന്നത് പൂര്‍ണമായും വിലക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിര്‍ദേശിക്കുന്നുണ്ട്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം പരിഷ്‌കരിക്കണമെന്ന് പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം ചോദ്യമായി ഉന്നയിച്ചിരുന്നു അഡ്വ. ഹാരിസ് ബീരാന്‍. നിയമ പരിഷ്‌കരണം കേന്ദ്രത്തിന്റെ അജന്‍ഡയില്‍ ഇല്ലെന്നും വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയമെന്നുമാണ് കേന്ദ്രം നല്‍കിയ മറുപടി.

വന്യജീവി പ്രശ്നം പരിഹരിക്കാനാവശ്യമായ തുക കേന്ദ്രം നല്‍കുന്നുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി. അതേസമയം, കേരളത്തിലെ വന്യജീവി പ്രശ്‌നം പരിഹരിക്കുന്നതിന് 620 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുമ്പാകെ വെച്ചിരുന്നെങ്കിലും തുക അനുവദിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടെന്ന നിലപാടാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് സ്വീകരിച്ചത്. തുക അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പി നല്‍കിയ കത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പോലും കേന്ദ്രമന്ത്രി തയ്യാറായില്ല. ബജറ്റുകളില്‍ പോലും കേരളത്തെ പൂര്‍ണമായി അവഗണിക്കുന്നതിന്റെ തുടര്‍ച്ചയാണ് വന്യജീവി ആക്രമണ വിഷയത്തിലും കാണുന്നത്.

മനുഷ്യരുടെ ജീവനും ജീവിതോപാധികളും വന്യജീവികള്‍ കവരുന്നത് ഇനിയും തുടര്‍ന്നുകൂടാ. അതിന് കേന്ദ്രം കനിയണം. കേരളവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രായോഗികമായ മാര്‍ഗങ്ങളിലൊന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയുന്ന വിധത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയാണ്. അതിന് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെങ്കില്‍ കേരളം സാധ്യമായ വഴികള്‍ തേടണം. സ്വകാര്യ മേഖലയെ ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ കഴിയുമോ എന്നാലോചിക്കണം. ഫണ്ട് യഥാവിധി ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്താന്‍ സംവിധാനമുണ്ടാകണം. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

വന്യജീവി ആക്രമണം പൊടുന്നനെ ഉണ്ടായതല്ല. അത് കാലങ്ങളായി സംഭവിക്കുന്നുണ്ട്. അപ്പോഴെല്ലാം താത്കാലിക പരിഹാരമാണ് ആലോചിച്ചത് എന്നതിനാല്‍ കൂടിയാണ് ഇപ്പോഴും അത് തുടരുന്നത്. ഈ ആവശ്യത്തിലേക്ക് വകയിരുത്തുന്ന തുക പൂര്‍ണമായും വിനിയോഗിക്കപ്പെട്ടിട്ടുണ്ടോ, പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയിട്ടുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. വെള്ളാനകള്‍ യഥേഷ്ടം വിലസുന്നുണ്ട് വനം വകുപ്പിലെന്ന ആക്ഷേപം ഉച്ചത്തില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട് പലപ്പോഴും. വനം വകുപ്പിനെതിരെ രൂക്ഷവിമര്‍ശമാണ് സി പി എമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഈയിടെ ഉണ്ടായത്. വകുപ്പ് മന്ത്രിയുടെ ശ്രദ്ധ മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതില്‍ മാത്രമായിപ്പോകുന്നുവോ എന്ന് സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ചോദ്യമുയർന്നു. വന്യജീവി പ്രശ്‌നം പരിഹരിക്കുന്നതിന് കേരളത്തില്‍ ആദ്യം കാര്യക്ഷമത കാട്ടേണ്ടത് വനം വകുപ്പ് തന്നെയാണ്. ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ പ്രവർത്തനം മുന്നണി നേതൃത്വം വിലയിരുത്തണം. മീറ്റിംഗുകളും പ്രസ്താവനകളും കൊണ്ട് മാത്രം വന്യജീവി പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കണം.

വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും വിമര്‍ശിക്കപ്പെടണം. നിരവധി ആളുകള്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്രപേര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാറുണ്ട്. തിരുവനന്തപുരത്തിരുന്ന് നിര്‍ദേശങ്ങള്‍ കൊടുക്കുന്നതിനപ്പുറം എന്ത് ഇടപെടലാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്താണ് ശരിയായ പ്രശ്നമെന്നോ മതിയായ പരിഹാരം എന്താണെന്നോ പോലും അന്വേഷിക്കാന്‍ സമയം കിട്ടാത്ത ഉന്നതോദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

ശാശ്വത പരിഹാരത്തിലേക്ക് വനം വകുപ്പിനെയും ഭരണകൂടത്തെയും എത്തിക്കുന്നതിന് പൗരസമൂഹവും അവര്‍ക്കിടയിലെ സംഘടനകളും ശക്തമായ സമ്മര്‍ദം ചെലുത്തണം. വന്യജീവി സംഘര്‍ഷം രൂക്ഷമായ ജില്ലകളിലേക്ക് ഐ എ എസ് ഉദ്യോഗസ്ഥനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കട്ടെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമത്തിനകത്തുനിന്നു കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ അദ്ദേഹത്തിന് അധികാരവും നല്‍കട്ടെ. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നടപടികളല്ല ഇനിയാവശ്യം. മനുഷ്യര്‍ക്ക് സ്വന്തം നാട്ടിലൂടെ പേടികൂടാതെ സഞ്ചരിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ഇടപെടലുകള്‍ തന്നെയാണ് വേണ്ടത്.