Kerala
വയനാട്ടില്‍ ഒന്‍പതാം ക്ലാസുകാരിക്കുനേരെ കാട്ടുപന്നി ആക്രമണം
കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമത് സഹനയെയാണ് കാട്ടുപന്നി ആക്രമിച്ചത്.
വയനാട്|വയനാട് വെണ്ണിയോടില്‍ ഒന്‍പതാം ക്ലാസുകാരിയെ കാട്ടുപന്നി ആക്രമിച്ചു. കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമത് സഹനയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. മദ്രസയില്‍ നിന്ന് മടങ്ങുന്നത് വഴിയാണ് വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാഞ്ഞടുത്തത്. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇപ്പോള്‍ കാട്ടുപന്നി ആക്രമണം നടന്ന പ്രദേശത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വാഹനം കാട്ടുപന്നി മറിച്ചിട്ട് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കേരളത്തില്‍ ഏറ്റവുമധികം വന്യമൃഗ ശല്യവും ആക്രമണവും നേരിടുന്നത് വയനാട്, ഇടുക്കി ജില്ലകളാണ്.
ഇന്നലെ ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ മുണ്ടോം കണ്ടത്തില്‍ ഇന്ദിര (70) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. രാവിലെ 8.30 ഓടെ കൃഷിയിടത്തില്‍ കയറിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തില്‍ കൂവ വിളവെടുത്തുകൊണ്ടിരുന്ന ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ ആനയെ ഓടിച്ച് ഇന്ദിരയെ നേര്യമംഗലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തെതുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.