wild boar
സ്വകാര്യ വ്യക്തികൾക്ക് കാട്ടുപന്നികളെ വെടിവെക്കൽ; ഹൈക്കോടതി സ്റ്റേ നീക്കാൻ നടപടി
മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരം| സ്വകാര്യ വ്യക്തികൾക്ക് കാട്ടുപന്നികളെ വെടിവെക്കുന്നതിന് ആയുധ പരിശീലനം നൽകുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നീക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വിഷയത്തിൽ സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്ന് ലിന്റോ ജോസഫിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
2016ലെ ആയുധ ചട്ടങ്ങൾ പ്രകാരം, ആയുധ പരിശീലനം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാറിനാണ്. ഇക്കാര്യം പരിശോധിച്ച് വരുന്നതിനാൽ ഒരു ഇടക്കാല ക്രമീകരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് വ്യക്തികൾക്ക് പരിശീലനം നൽകുന്നതിനുള്ള നടപടിക്രമം സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലനവും ആരംഭിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ ഒരു കർഷക സംഘടന ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹരജിയിലെ ഇടക്കാല ഉത്തരവിനെ തുടർന്ന് പരിശീലനം നിർത്തിവെക്കേണ്ടി വരികയായിരുന്നു. ചട്ടപ്രകാരം പരിശീലനം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരിശീലനം ഹൈക്കോടതി സ്റ്റേ ചെയ്തത്. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകർക്ക് ആയുധ ലൈസൻസ് അനുവദിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആയുധ ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച് ഈ മാസം ആറിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
അക്രഡിറ്റഡ് ട്രെയിനർ, മാസ്റ്റർ അക്രഡിറ്റഡ് ട്രെയിനർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിച്ച് ആയുധ ലൈസൻസ് നൽകാമെന്നാണ് സംസ്ഥാന നിലപാട്. ഇതറിയിച്ച് സ്റ്റേ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ചട്ടപ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.