Connect with us

Kerala

മുണ്ടൂരിലെ കാട്ടാന ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് ചര്‍ച്ച നടത്തും

Published

|

Last Updated

പാലക്കാട്|പാലക്കാട്ടെ മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തില്‍ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. നിലവില്‍ ആനകള്‍ എവിടെയാണ് തമ്പടിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാട്ടാന ആക്രമണം നടന്ന സ്ഥലം പ്രശ്‌ന ബാധിത പ്രദേശമായതുകൊണ്ട് തന്നെ നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതാണ്. എന്നാല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ പ്രതിരോധ ക്രമീകരണങ്ങളും തകര്‍ത്ത് കൊണ്ടാണ് കാട്ടാന ആക്രമണം നടത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കണ്ണാടന്‍ ചോലയ്ക്ക് സമീപം വെച്ചായിരുന്നു അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരുക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി. അലനെ ആശുപത്രിയിലേക്കെത്തിക്കും മുമ്പെ മരിച്ചിരുന്നു. പരുക്കേറ്റ വിജി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും.

 

 

Latest