Kerala
ആറളം ഫാമില്‍ കാട്ടാന ആക്രമണം; ദമ്പതികള്‍ക്ക് പരുക്ക്
പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

കണ്ണൂര്‍| ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്.
പതിമൂന്നാം ബ്ലോക്കിലെ ദമ്പതികള്‍ക്കാണ് പരുക്കേറ്റത്. പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കോട്ടപ്പാറക്ക് സമീപം വെച്ചാണ് ആക്രമണമുണ്ടായത്.
ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ ദമ്പതികളെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ആന ബൈക്ക് തകര്‍ത്തു. പ്രദേശത്ത് ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. ആറളം വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഫാം ബ്ലോക്ക് 13 ലാണ് സംഭവം. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്.