Kerala
നാല് ദിവസത്തിനിടെ കേരളത്തില്‍ കാട്ടാന കൊന്നത് മൂന്ന് പേരെ
വന്യജീവി ആക്രമണങ്ങള്‍ പതിവാകുന്നു; ആശങ്കയില്‍ മലയോര ജനത
![](https://assets.sirajlive.com/2024/07/wild-elephant-897x538.jpg)
കോഴിക്കോട് | കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍. നാല് ദിവസത്തിനിടെയാണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലെ നൂല്‍പ്പുഴയില്‍നിന്നാണ്.
തിങ്കളാഴ്ച വൈകിട്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിവരുമ്പോഴാണ് കാപ്പാട് ഉന്നതിയിലെ മനു എന്ന നാല്‍പ്പത്തഞ്ചുകാരന് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇതേ ദിവസം ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സോഫിയ എന്ന 45കാരിക്കും ജീവന്‍ നഷ്ടമായി. വീടിന് അടുത്തുള്ള അരുവിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് സോഫിയയെ ആന ആക്രമിച്ച് കൊലപ്പെടുത്തിയത്.
നാല് ദിവസത്തിനിടെ ഇടുക്കി ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സോഫിയ.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയതും തിങ്കളാഴ്ചയായിരുന്നു. കുളത്തൂപ്പുഴ വനം റേഞ്ച് പരിധിയില്‍പെട്ട വേല ഇലവുപാലം അടിപറമ്പ് തടത്തരികത്ത് വീട്ടില്‍ ബാബു (54) എന്നയാളെയാണ് ആന കൊന്നത്. നാല് ദിവസത്തിന് ശേഷമാണ് ബാബുവിന്റെ മൃതദേഹം കണ്ടെടുത്തത്.
2024ല്‍ മാത്രം ഇടുക്കി ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 57 പേരാണ്. 2025 തുടങ്ങി 42 ദിവസം പിന്നിടുമ്പോള്‍ വന്യജീവി ആക്രമണത്തില്‍ ഇതുവരെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 12 പേരാണ്. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെട്ടത് കാട്ടാനക്രമണത്തിലാണ്. ഫെബ്രുവരി മാസത്തെ മാത്രം കണക്കുനോക്കിയാല്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അഞ്ച് പേരാണ്. 11 ദിവസത്തിനിടെ അഞ്ച് പേര്‍.
വന്യജീവി ആക്രമണം സംസ്ഥാനത്ത് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള മരണങ്ങള്‍ സാധാരണവാര്‍ത്തകളായി മാറിക്കഴിഞ്ഞു. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാന്‍ ആരെയാണ് സമീപിക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് മലയോര ജനത.