Kerala
കിണറ്റില്‍ വീണ കാട്ടാനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വെക്കും; ഡി എഫ്ഒ
ആന ചവിട്ടി കൊല്ലുമ്പോള്‍ കൊടുക്കാനുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും ആനയെ കിണറ്റില്‍ തന്നെ മണ്ണിട്ട് മൂടണമെന്നാണ് അഭിപ്രായമെന്നും പിവി അന്‍വര്‍.
മലപ്പുറം| ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ വയനാട്ടില്‍ നിന്ന് വിദഗ്ധസംഘം എത്തി പരിശോധിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ്ഒ പി കാര്‍ത്തിക്. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവെച്ച് പിടുകൂടാനാണ് ആലോചന. ഇതു സംബന്ധിച്ച് ചീഫ് എലിഫന്റ് വാര്‍ഡിന്റെ നിര്‍ദ്ദേശം ലഭിക്കണം. നിര്‍ദ്ദേശം കിട്ടിയാല്‍ മാത്രമേ നടപടികളുമായി മുന്നോട്ടു പോകാനാകൂ. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വെക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തൂവെന്നും ഡിഎഫ്ഒ പി കാര്‍ത്തിക് പറഞ്ഞു.
കിണറിന്റെ വശങ്ങള്‍ ഇടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പം. എന്നാല്‍ നാട്ടുകാരുടെ വികാരം കൂടി മനസ്സിലാക്കിയേ തീരുമാനമെടുക്കൂ. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വെക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. വനം മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിഎഫ്ഒ പറഞ്ഞു. ആനയെ മയക്കുവെടി വച്ച് കിണറ്റില്‍ നിന്ന് കയറ്റി ഉള്‍ക്കാട്ടില്‍ വിടണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
മുന്‍ എംഎല്‍എ പിവി അന്‍വര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ആന ചവിട്ടി കൊല്ലുമ്പോള്‍ കൊടുക്കാനുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും ആനയെ കിണറ്റില്‍ തന്നെ മണ്ണിട്ട് മൂടണമെന്നാണ് അഭിപ്രായമെന്നും പിവി അന്‍വര്‍ പറഞ്ഞു. ഫോറസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.