National
നിയന്ത്രണരേഖക്ക് സമീപം കാട്ടുതീ; കുഴിബോംബുകള്‍ കൂട്ടത്തോടെ പൊട്ടി
നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള വനത്തില്‍ തിങ്കളാഴ്ച ആരംഭിച്ച തീ മെന്‍ധാര്‍ സെക്ടറിലെ ഇന്ത്യന്‍ ഭാഗത്തേക്ക് പടരുകയായിരുന്നു.
ജമ്മു | ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ കാട്ടുതീയില്‍ നിരവധി കുഴിബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായി. നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള വനത്തില്‍ തിങ്കളാഴ്ച ആരംഭിച്ച തീ മെന്‍ധാര്‍ സെക്ടറിലെ ഇന്ത്യന്‍ ഭാഗത്തേക്ക് പടരുകയായിരുന്നു.
നുഴഞ്ഞുകയറ്റ നിരോധന സംവിധാനത്തിന്റെ ഭാഗമായ അര ഡസനോളം കുഴിബോംബുകളാണ് കാട്ടുതീ വ്യാപിച്ചതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
‘കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുതീ പടരുകയാണ്. ഞങ്ങളും സൈന്യവും ചേര്‍ന്ന് തീ അണയ്ക്കുവാനുള്ള ശ്രമത്തിലാണ്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഇന്ന് രാവിലെ ദരംഷാല്‍ ബ്ലോക്കില്‍ ആരംഭിച്ച് ശക്തമായ കാറ്റ് കാരണം വേഗത്തില്‍ പടരുകയായിരുന്നു- ഫോറസ്റ്റര്‍ കനാര്‍ ഹുസൈന്‍ ഷാ പറഞ്ഞു. അതിര്‍ത്തി ഗ്രാമത്തിനടുത്തെത്തിയപ്പോള്‍ സൈന്യത്തിന്റെ സഹായത്തോടെ് തീ നിയന്ത്രണവിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ (ഐബി) കാര്‍ഷിക പാടങ്ങളില്‍ വീണ്ടും വന്‍ തീപിടുത്തം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. ബി എസ് എഫിന്റെ ബേലി അസ്മത്ത് ബോറര്‍ ഔട്ട് പോസ്റ്റിന് (ബി.ഒ.പി) സമീപമുള്ള പ്രദേശത്താണ് തീ പടരുന്നത്.