From the print
കാട്ടുതീ; കരിഞ്ഞുണങ്ങി ലോസ് ഏഞ്ചൽസ്
മരണം 11 • ഒഴിപ്പിച്ചത് രണ്ട് ലക്ഷത്തിലേറെ പേരെ • തീ കെടുത്താൻ തടവുകാരും
വാഷിംഗ്ടൺ | അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന കാട്ടുതീയിൽ വൻ നാശനഷ്ടം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടിത്തത്തിൽ ഇതുവരെ 11 പേർ മരിച്ചെന്നാണ് വിവരം. 37,000 ഏക്കർ സ്ഥലം കത്തിനശിച്ചു. രണ്ട് ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. 15,000 കോ ടിയോളം ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
പാലിസേഡ്സിൽ നിന്ന് തീ പുതിയ ദിശയിലേക്ക് നീങ്ങുന്നെന്ന റിപോർട്ടിനെ തുടർന്ന് ബ്രെന്റ്‌വുഡിന് സമീപപ്രദേശങ്ങളിലും സാൻ ഫെർണാണ്ടോ താഴ്‌വരയിലുമുള്ളവരെ ഒഴിപ്പിച്ചതായി ഫയർ ഡിപാർട്ട്‌മെന്റ് ക്യാപ്റ്റൻ എറിക് സ്‌കോട്ട് പറഞ്ഞു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കൗണ്ടിയിലെ ഫയർ ഹൈഡ്രന്റുകളെക്കുറിച്ചും മറ്റ് ജല തകരാറുകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഒഴിപ്പിക്കലുകൾ. പാലിസേഡുകളിലെ ചില ഹൈഡ്രന്റുകൾ ഈ ആഴ്ച ആദ്യം ഉപയോഗശൂന്യമായിരുന്നു, റിസർവോയറുകളിൽ വെള്ളം ലഭ്യമല്ലാത്തതും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. വിഷയം അന്വേഷിച്ച് റിപോർട്ട് തയ്യാറാക്കാൻ ന്യൂസോം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യത യുണ്ടെന്നും കണക്കിൽപ്പെടാത്ത ധാരാളം പേരെ കണ്ടെത്താനുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അതേസമയം, വരുംമണിക്കൂറിൽ ശക്തമായ കാറ്റ് തുടരുമെന്നും തീ ആളിപ്പടരാൻ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പസഫിക്, പാലിസേഡ്സിൽ കത്തിയമർന്ന കെട്ടിട, വാഹനാവശിഷ്ടങ്ങൾ മാത്രമേ കാണാനുള്ളൂ. മഹാദുരന്തമായി പരിണമിച്ച കാട്ടുതീ സാധാരണക്കാരുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. തീ കെടുത്താനുള്ള പോരാട്ടത്തിൽ സംസ്ഥാനവും നാഷനൽ ഗാർഡും കാനഡയിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും ഉൾപ്പെടെ 7,500ലധികം എമർജൻസി ഉദ്യോഗസ്ഥരും ഫസ്റ്റ് റെസ്പോണ്ടർമാരും പ്രദേശത്തുണ്ട്. അതേസമയം തീ നിയന്ത്രണവിധേയമാക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. സാന്റാ മോണിക്കക്കും മാലിബുവിനും ഇടയിലുള്ള പാലിസേഡ്‌സിലും കിഴക്ക്, അൽതാഡെനക്കും പസഡെനയിലും തീ ചെറിയ തോതിൽ നിയന്ത്രണവിധേയമായിട്ടുണ്ട്. തീ പടർന്നത് എങ്ങിനെയെന്ന് വ്യക്തമല്ലെന്നും കാരണം കണ്ടെത്താൻ മാസങ്ങളെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, മഹാദുരന്തമായി പ്രഖ്യാപിച്ച കാട്ടുതീ കെടുത്താനുള്ള സന്നദ്ധ സേനയിൽ നിരവധി തടവുകാരെയും ഉൾപ്പെടുത്തി. ആയിരത്തോളും വരുന്ന തടവുകാരുടെ സംഘത്തിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നു. കാലിഫോർണിയ ഡിപാർട്ട്മെന്റ് ഓഫ് കറക്‌ഷൻസ് ആൻഡ് റീഹാബിലിറ്റേഷന്റെ (സി ഡി സിആർ) നേതൃത്വത്തിൽ കാട്ടുതീക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് തടവുകാരെയും ഉൾപ്പെടുത്തിയത്.
തടവുകാരെ സേനാംഗങ്ങളായി ഉപയോഗിക്കുന്ന രീതി കാലിഫോർണിയയിൽ പുതിയതല്ല. ഇതിന്റെ ഭാഗമായി അവർക്ക് പ്രതിദിനം ശമ്പളം നൽകുമെന്നും അധികൃതർ പറയുന്നു. അടിയന്തര സാഹചര്യങ്ങളിലും മറ്റ് സാഹചര്യങ്ങളിലും അധിക വേതനം നൽകുകയും ചെയ്യും.അതേസമയം ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വളണ്ടിയറായി പ്രവർത്തിക്കുന്നവർക്ക് അവരുടെ ജയിൽ ശിക്ഷ കുറക്കാൻ സഹായിക്കുന്ന ടൈം ക്രെഡിറ്റുകൾ നേടാൻ കഴിയുമെന്നാണ് സി ഡി ആർ സി അറിയിച്ചിരിക്കുന്നത്. എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പങ്കാളികളാകാൻ അർഹതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.