Connect with us

cover story

തീയില്‍ കുരുത്ത കാട്ടുപൂക്കള്‍

അട്ടപ്പാടിയെന്ന ഗോത്ര ജനതയുടെ വന്യ ജീവിതത്തില്‍ നിന്ന് മുഖ്യധാരയില്‍ കണ്ണിചേര്‍ന്നൊഴുകുന്ന പുതിയ ജീവിതത്തിന്റെ പ്രവാഹമാണിപ്പോള്‍ ഊരുകളുടെ കരുത്തും കാന്തിയും. പ്രകാശമേല്‍ക്കാതെ ഇരുളടഞ്ഞ കാലമുണ്ടായിരുന്നു ഊരുകളില്‍. അക്ഷരവെളിച്ചം അവിടെ ഇരുട്ടകറ്റിയിരിക്കുന്നു. വിദ്യയുടെ വെളിച്ചത്തോടൊപ്പം കടന്നുവന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും അവരെ സര്‍ക്കാര്‍ ജോലിയിലേക്കു കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. 13 പേരാണ് കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നു സര്‍ക്കാര്‍ ജോലി നേടിയത്.വര്‍ണച്ചിറകുകള്‍ വിരിച്ച് സമത്വത്തിന്റെ നീലാകാശത്തിലേക്ക് പറക്കുകയാണ് ഒരു ജനത.

Published

|

Last Updated

പൂമ്പാറ്റകളുടെ ഈ താഴ്‌വാരത്തുനിന്ന് ജീവിതത്തിന്റെ വര്‍ണച്ചിറകുകള്‍ വിരിച്ച് സമത്വത്തിന്റെ നീലാകാശത്തിലേക്ക് പറക്കുകയാണ് ഒരു ജനത. അട്ടപ്പാടിയെന്ന ഗോത്ര ജനതയുടെ വന്യ ജീവിതത്തില്‍ നിന്ന് മുഖ്യധാരയില്‍ കണ്ണിചേര്‍ന്നൊഴുകുന്ന പുതിയ ജീവിതത്തിന്റെ പ്രവാഹമാണിപ്പോള്‍ ഊരുകളുടെ കരുത്തും കാന്തിയും. പ്രകാശമേല്‍ക്കാതെ ഇരുളടഞ്ഞ കാലമുണ്ടായിരുന്നു ഊരുകളില്‍.അക്ഷരവെളിച്ചം അവിടെ ഇരുട്ടകറ്റിയിരിക്കുന്നു. വിദ്യയുടെ വെളിച്ചത്തോടൊപ്പം കടന്നുവന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും അവരെ സര്‍ക്കാര്‍ ജോലിയിലേക്കു കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. 13 പേരാണ് കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നു സര്‍ക്കാര്‍ ജോലി നേടിയത്.

ഉപജീവനത്തിന് വേണ്ടി തൊഴിലുറപ്പ് തൊഴിലും കൃഷിപ്പണിയും നിര്‍മാണ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഏര്‍പ്പെട്ട കാനന മക്കളാണ് ഒഴിവ് സമയം പി എസ് സി പഠനത്തിന് നീക്കിവെച്ച് വിജയഗാഥ രചിച്ചത്. ബാല്യത്തിലെ കഷ്ടപ്പാടും പട്ടിണിയു പകര്‍ന്ന യാതനകളാണ് സര്‍ക്കാര്‍ സര്‍വീസെന്ന നിറമുള്ള സ്വപ്‌നത്തിലേക്ക് അവരെ വഴിതിരിച്ചുവിട്ടത്. പ്രകൃതി മനോഹാരിത നിറഞ്ഞ് പച്ചപുതച്ച് കിടക്കുന്ന മലഞ്ചെരിവുകളും അരുവികളും സമൃദ്ധമായ പ്രദേശമാണിത്. പലതരം വന്യമൃഗങ്ങള്‍ സ്വൈരവിഹാരം നടത്തുന്ന കാടകത്തെ കഷ്ടവഴി വകഞ്ഞ് മാറ്റിയാണ് ഊരിന്റെ മക്കള്‍ വിദ്യയുടെ വെളിച്ചം കൊളുത്തിയത്.

ഒരു കാലത്ത് കാടിനപ്പുറത്തെ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. നിരക്ഷരരായ പച്ച മനുഷ്യരായിരുന്നു ഇവിടെ. ജോലിയും കൂലിയുമില്ലാതെ കാട്ടിനുള്ളില്‍ പട്ടിണികിടന്ന ഓര്‍മകള്‍, കാടിന്റെ മക്കള്‍ക്ക് കാട് കനിഞ്ഞു നല്‍കിയ കാട്ടുകിഴങ്ങുകള്‍ കഴിച്ചും മലഞ്ചെരുവില്‍ നിന്ന് തെളിനീര്‍ കുടിച്ചും ജീവിതം തള്ളിനീക്കിയ കാലഘട്ടം. അക്ഷരാഭ്യാസം അന്യമായതിനാല്‍ പല തരത്തിലുള്ള ചൂഷണത്തിന് അവര്‍ ഇരയായി. അട്ടപ്പാടിയില്‍ നിന്ന് അശരണരായ ആദിവാസികളുടെ നൊമ്പരങ്ങള്‍ കേള്‍ക്കാറുണ്ട്. ശിശുമരണം, പോഷകാഹാരക്കുറവ്, പട്ടിണി, തൊഴിലില്ലായ്മ എന്നീ നീറുന്ന വേദനകള്‍ അനുഭവിച്ച തലമുറ ഇതിനെയെല്ലാം അതിജയിക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണ്.

തൊഴിലുറപ്പില്‍ നിന്ന് അധ്യാപനത്തിലേക്ക്

തൊഴിലുറപ്പ് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തി സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി മനോജ്. വീട്ടിലെ ബുദ്ധിമുട്ട് കാരണം തൊഴിലുറപ്പ് ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. ബാല്യകാലത്തെ സ്വപ്‌നമായിരുന്നു അക്ഷരത്തെളിനീര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അധ്യാപകനാകണമെന്ന മോഹം.

കേരള വര്‍മ കോളജില്‍ നിന്നാണ് ബി എസ്‌സി ബോട്ടണി ബിരുദം നേടിയത്. തുടര്‍ന്ന് ടി ടി സിയും. 2017 മുതല്‍ പി എസ് സി എഴുതാന്‍ തുടങ്ങി. വീട്ടിലിരുന്നായിരുന്നു പഠിച്ചത്. 30 ഓളം പരീക്ഷകള്‍ എഴുതി. ചിലതില്‍ റാങ്ക് കുറവായതിനാല്‍ ജോലി കിട്ടിയില്ല. വീണ്ടും പഠനം തുടര്‍ന്നപ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് അധ്യാപക ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്. നിലവില്‍ കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍ ജി വി എച്ച് എസ് എസ് സ്‌കൂളില്‍ എല്‍ പി അധ്യാപകനാണ്. അട്ടപ്പാടിയിലെ ഏറ്റവും വിദൂര ഊരായ ധാന്യത്തെ കാളിമുത്തുവിന്റെയും വടുകിയുടെയും ഏക മകനാണ്.

പ്രതിസന്ധികളെ പൂക്കളാക്കി…

അട്ടപ്പാടി ആനവായ് ഊരിലെ കാളി – കുറുമ്പി ദമ്പതികളുടെ മകന്‍ സുധീഷ് കുമാര്‍ പ്രതിസന്ധികളെ തരണം ചെയ്താണ് സര്‍ക്കാര്‍ സര്‍വീസിലെത്തിയത്. വീട്ടിലേക്ക് റോഡോ വൈദ്യുതിയോ ഇല്ലാത്ത കാലം. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പഠനം. അറിവ് നുകരാന്‍ കാട്ടില്‍ നിന്നിറങ്ങിയെങ്കിലും പട്ടണത്തിലെ രീതിയോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥ. ആദ്യ ഘട്ടത്തില്‍ പഠനം ബുദ്ധിമുട്ടായിരുന്നു. പുതിയ ഭാഷ, പുതിയ ആളുകള്‍, സംസ്‌കാരം എന്നിവ വല്ലാത്തൊരു അപരിചിതത്വമുണ്ടാക്കി. ക്ലാസ്സ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയാലോ എന്ന് പോലും ആലോചിച്ചിരുന്നു.

നല്ലൊരു നാളേക്കുള്ള തെളിച്ചത്തിനായി ഇവിടെ തുടരണമെന്ന് തിരിച്ചറിഞ്ഞ് പിടിച്ചുനില്‍ക്കാന്‍ മനസ്സിനെ പാകപ്പെടുത്തി. കിലോമീറ്ററുകളോളം ഉള്‍ക്കാട്ടിലൂടെ നടന്ന് വേണം പുറം ലോകമെത്താന്‍. പ്ലസ്ടു വരെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പഠിച്ചത്. കേരള വര്‍മ കോളജില്‍ ബി എ ഫിലോസഫി. പ്ലസ്ടു പഠന സമയത്ത് തന്നെ പി എസ് സി പഠനം ആരംഭിച്ചു. സ്‌കൂള്‍ ഇല്ലാത്ത സമയത്ത് മറ്റു തൊഴിലുകളിലേർപ്പെട്ടു. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയം പി എസ് സി പഠനത്തില്‍ മുഴുകി. ഇപ്പോള്‍ അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിലെ അംഗമാണ്.

സര്‍ക്കാര്‍ ജോലിയിലെ ദമ്പതികള്‍

സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് ദമ്പതിമാരായ ഹരീഷ് കണ്ണനും അനുമോളും. എസ് ടി പ്രമോട്ടറായി ജോലി ചെയ്യുന്ന ഹരീഷിന് ഇപ്പോള്‍ പോലീസ് കോണ്‍സ്റ്റമ്പിളിനുള്ള അഡ്വൈസ് മെമ്മോ കിട്ടിയിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി അനുമോള്‍ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. പ്ലസ്ടു വരെ അഗളിയില്‍ പഠിച്ച ഹരീഷ് കണ്ണന്‍ മഹാരാജാസ് കോളജില്‍ നിന്ന് ബി എ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തു. തുടർന്ന് സർക്കാർ ജോലി എന്ന ആഗ്രഹമുദിക്കുന്നു. ആദ്യത്തെ രണ്ട് തവണ പി എസ് സി ലിസ്റ്റില്‍ ഇടം പിടിച്ചെങ്കിലും ജോലി കിട്ടിയില്ല. ഇത്തവണ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ എഴുതിയപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചു.

അനുമോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ജനറല്‍ നഴ്‌സിംഗ് പഠിച്ചത്. രണ്ട് വര്‍ഷത്തോളം കോട്ടത്തറ ഗവണ്‍മെന്റ്ആശുപത്രിയില്‍ താത്കാലിക ജോലി. ആ സമയത്താണ് പി എസ് സി പഠനത്തിലൂടെ സർക്കാർ ജോലി സ്വന്തമാക്കിയത്. ഊരിലെ ശിശുമരണങ്ങളെല്ലാം ബാല്യത്തില്‍ കണ്ടിരുന്നു. അക്കാലത്ത് ഒരു നഴ്‌സ് പോലും ഊരുകളില്‍ ഉണ്ടായിരുന്നില്ല. സ്വന്തം സമൂഹത്തിലുള്ളവരെ പരിചരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ പേര്‍ പഠന രംഗത്തേക്ക് വരാന്‍ ഇത് പ്രചോദനമാകുമെന്നും അനുമോള്‍ പറഞ്ഞു.

പരാജയങ്ങളില്‍ പതറാതെ

സ്‌കൂള്‍, പി എസ് സി പഠന കാലത്ത് മല്ലേശ്വരന്‍ പല തവണ പരാജയങ്ങള്‍ നേരിട്ടു. പരാജയങ്ങളില്‍ അടിപതറാതെ പരിശ്രമം തുടര്‍ന്നാണ് പോലീസാകുക എന്ന സ്വപ്‌നം സഫലമാക്കിയത്. പ്ലസ്ടു ആദ്യ തവണ കടമ്പ കടക്കാന്‍ കഴിഞ്ഞില്ല. അടുത്ത ശ്രമത്തില്‍ വിജയം വരിച്ചു. ബി എ മലയാളം എടുത്തെങ്കിലും അഞ്ച് വിഷയങ്ങള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആത്മവിശ്വാസം കൈവിടാതെ പരിശ്രമം തുടര്‍ന്നപ്പോള്‍ വിജയം കൈപ്പിടിയിലായി. 2022 ൽ മലയാളത്തില്‍ ബിരുദം സ്വന്തമാക്കി. പിന്നീടാണ് സര്‍ക്കാര്‍ ജോലിയെന്ന മോഹമുദിക്കുന്നത്.

പി എസ് സി പഠനത്തിന് ദിനേന മൂന്ന് മണിക്കൂര്‍ നീക്കി വെക്കും. ബാക്കിയുള്ള സമയം മാതാപിതാക്കളായ കക്കിയേയും മരുതിയേയും പറമ്പിലെ കൃഷിയിടങ്ങളില്‍ സഹായിക്കും. ആദ്യ തവണ ബീറ്റ് ഫോറസ്റ്റ് ലിസ്റ്റില്‍ ഇടം നേടിയെങ്കിലും ജോലി ലഭിച്ചില്ല. സി പി ഒ, ഹവില്‍ദാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഐ ആര്‍ ബി എന്നിവയില്‍ എഴുത്തു പരീക്ഷയില്‍ വിജയിച്ചെങ്കിലും കായിക ക്ഷമതയില്‍ പരാജയപ്പെടുന്ന അവസ്ഥ. എന്നാല്‍ വാശിയോടെ വീണ്ടും പഠിച്ചു.

കൂടെ രാവിലെ അഞ്ച് കിലോ മീറ്റര്‍ ഓടി കായിക ക്ഷമത വര്‍ധിപ്പിച്ചു. ഇത്തവണ സിവില്‍ പോലീസ് ഓഫീസര്‍ എഴുത്തു പരീക്ഷയും കായിക ക്ഷമതയും പാസ്സായി 26-മത്തെ വയസ്സിൽ ജോലിയിലെത്തി. മല്ലേശ്വരന്റെ സുഹൃത്തായ കാളിമുത്തുവിന് ഐ ആര്‍ ബിയിലാണ് ജോലി ലഭിച്ചത്. ഒരുമിച്ചാണ് പഠനം നടത്തിയിരുന്നത്. അഡ്വൈസ് മെമ്മോ കൈയില്‍ ലഭിച്ചിട്ടുണ്ട്. അട്ടപ്പാടി വെള്ളമാരി ഊരിലെ ശങ്കരന്‍ – ലീലാമണി ദമ്പതികളുടെ മകനാണ്.
കാവുണ്ടിക്കല്‍ ഊരിലെ ശെല്‍വി 37 -മത്തെ വയസ്സിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനം നേടിയത്. പ്രൈവറ്റ് മേഖലയില്‍ വിവിധ ജോലി ചെയ്യുന്നതിനിടെയാണ് സ്ഥിരം ജോലിയെന്ന ചിന്തയുണ്ടാകുന്നത്. അമ്മ മീനാക്ഷി പഠനത്തിന് വേണ്ട പ്രചോദനമേകി. ഇപ്പോള്‍ വാളയാറിലെ ട്രെയ്‌നിംഗ് ക്യാമ്പിലാണ്. മുരുകേഷാണ് ഭര്‍ത്താവ്. മക്കള്‍: ശരവണകുമാര്‍, ശിവരഞ്ജിനി, ശിവകുമാര്‍.

അട്ടപ്പാടിയിലെ ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സൗജന്യ പി എസ് സി പരിശീലനം സംഘടിപ്പിച്ചിരുന്നെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് രവികുമാര്‍ പറഞ്ഞു. പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പഠനം നിര്‍ത്തുന്ന രീതി ഇപ്പോഴുമുണ്ട്. വീട്ടില്‍ പിന്തുണ കുറവായിരിക്കും. ഇവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം. എന്ത് ചെയ്യണം, പഠിക്കണം എന്ന് ധാരണയില്ല. ഊരുകളില്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധവത്കരണം നടത്തണം. പി എസ് സി ക്ലാസ്സുകള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരുടെ നേതൃത്വത്തില്‍ സൗജന്യമായി കൊടുക്കാനുള്ള പദ്ധതിയുണ്ട്.

ഐ ഐ ടിയിലേക്ക്
അട്ടപ്പാടിയിലെ പട്ടിക വര്‍ഗക്കാരില്‍ നിന്ന് ഐ ഐ ടി യില്‍ പി എച്ച് ഡി പഠനം നടത്തുന്ന ആദ്യത്തെയാളാണ് സുരേഷ്. അട്ടപ്പാടി കുറുക്കത്തിക്കല്ല് പ്രാക്തന ഗോത്ര വര്‍ഗ നഗറിലെ എല്‍ സുരേഷാണ് ജോധ്പൂര്‍ ഐ ഐ ടിയില്‍ സോഷ്യല്‍ സയന്‍സില്‍ പി എച്ച് ഡിക്ക് പ്രവേശനം നേടിയത്.

കുറുക്കത്തിക്കല്ലിലെ ലിങ്കന്റെയും നാഞ്ചിയുടെയും മകനാണ്. നാലാം ക്ലാസ്സ് വരെ ഊരിനടുത്തുള്ള ഗൊട്ടിയാര്‍കണ്ടി ഗവ. ട്രൈബല്‍ സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് കോഴിക്കോട് എം ആര്‍ എസില്‍ നിന്ന് എസ് എസ് എല്‍ സി. പാലക്കാട് പി എം ജി സ്‌കൂളില്‍ പ്ലസ്ടുവിന് ശേഷം തൃശൂര്‍ കേരള വര്‍മ കോളജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദവും കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി.

ഇപ്പോഴും അട്ടപ്പാടി മേഖലകളില്‍ സ്‌കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നുണ്ട്. ഇതിന് പുറമെ ബിരുദം നേടിയവരൊക്കെ ഉയര്‍ന്ന ജോലിക്ക് ശ്രമിക്കാതെ അവിടെയുള്ള കാര്‍ഷിക വൃത്തിയുമായി കഴിഞ്ഞു പോവുകയാണ്.ഇങ്ങനെയുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സുരേഷ് പറയുന്നു. കോളജ് അധ്യാപകനാകണമെന്നാണ് സുരേഷിന്റെ മോഹം. പല പല സ്വപ്‌നപ്പൂക്കള്‍ നെഞ്ചിലേറ്റിയാണ് കാടിന്റെ മക്കളുടെ യാത്ര. അത് സഫലീകരിക്കാന്‍ ലോകമൊപ്പമുണ്ടെന്ന പ്രതീക്ഷയും പേറി പ്രയാണം തുടരുകയാണവര്‍.

---- facebook comment plugin here -----

Latest