Kerala
വന്യജീവി ആക്രമണം: വനം മന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാര്‍
കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവേയാണ് ഇരുവരും സര്‍ക്കാരിനും വനം മന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
![](https://assets.sirajlive.com/2025/02/wi-897x538.jpg)
താമരശ്ശേരി | വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ താമരശ്ശേരി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാര്‍. വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ്പും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോയെന്ന് ബിഷപ്പ് ചോദിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവേയാണ് ഇരുവരും സര്‍ക്കാരിനും വനം മന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
കാട്ടുമൃഗങ്ങള്‍ വനത്തില്‍ ജീവിക്കേണ്ടവയാണെന്നും വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് പതിവാകുമ്പോള്‍ സര്‍ക്കാരും വനംവകുപ്പും എവിടെ പോയെന്നും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ചോദിച്ചു. നാട്ടിലെ ജനങ്ങളെപ്പറ്റി ആര്‍ക്കും വ്യാകുലതയില്ല.
വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരും ബന്ധപ്പെട്ടവരും ഏറ്റെടുക്കണം. നഷ്ടപരിഹാരത്തുക നല്‍കിയതു കൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ തീരില്ല. ജനങ്ങളെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവച്ച് മാറിനില്‍ക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.