Kerala
വന്യജീവി ആക്രമണം; സര്‍ക്കാരിന് നിസ്സംഗ സമീപനം, യു ഡി എഫ് മലയോര സമര ജാഥ സംഘടിപ്പിക്കും: വി ഡി സതീശന്‍
പെരിയ കൊലക്കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നതിനു വേണ്ടി പണപ്പിരിവ് നടത്തുന്നതിലൂടെ ജനങ്ങളെയും നീതിന്യായ വ്യവസ്ഥയെയുമാണ് സി പി എം വെല്ലുവിളിക്കുന്നതെന്നും സതീശന്‍.
ന്യൂഡല്‍ഹി | സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും നിസ്സംഗമായ സമീപനമാണ് വനംവകുപ്പ് മന്ത്രിയുടെയും വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വന്യജീവി ആക്രമണത്തില്‍ ആയിരത്തോളം പേരാണ് സമീപവര്‍ഷങ്ങളില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത്. കിടങ്ങുകള്‍ ഉണ്ടാക്കുന്നതും മതില്‍കെട്ടുന്നതും സൗരോര്‍ജ വേലി നിര്‍മ്മിക്കുന്നതും പോലുള്ള ഒരു സുരക്ഷാ ക്രമീകരണവും സര്‍ക്കാര്‍ ചെയ്യുന്നില്ല. സര്‍ക്കാര്‍ മനുഷ്യരെ അവരുടെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഭീതിയുടെ നിഴലിലാണ് മലയോര മേഖല. കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും സാധിക്കുന്നില്ല.
സര്‍ക്കാറിന്റെ നിസ്സംഗമായ സമീപനത്തിനെതിരെ മലയോര സമര ജാഥ സംഘടിപ്പിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരിക്കുകയാണെന്ന് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ സതീശന്‍ അറിയിച്ചു. ഈ മാസം 27 ന് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ നിന്നും ജാഥ ആരംഭിക്കും. എല്ലാ മലയോര പ്രദേശങ്ങളിലൂടെയും ജാഥ കടന്നുപോകും.
വന്യജീവികളുടെ ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണ് കൂനിന്‍മേല്‍ കുരു പോലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനം നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കര്‍ഷക വിരുദ്ധ ആദിവാസി വിരുദ്ധ നിയമമാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. വനം സംരക്ഷിക്കുന്നതിന് ആരും എതിരല്ല. ദേശീയ ശരാശരിയെക്കാള്‍ വനമേഖലയുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ മലയോര മേഖലയില്‍ ജീവിക്കുന്ന മനുഷ്യരുടെയും കാര്‍ഷികോത്പന്നങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. നിയമസഭയിലും പ്രതിപക്ഷം ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കാന്‍ പോകുന്നത് വന്യജീവി ആക്രമണത്തിനും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും ബഫര്‍ സോണ്‍ വിഷയത്തിനുമായിരിക്കും.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം നിരന്തരമായി ഉന്നയിക്കുന്നതാണ്. അന്‍വര്‍ ഉയര്‍ത്തിയപ്പോഴാണോ മാധ്യമങ്ങള്‍ ഈ വിഷയം കണ്ടത്. എറണാകുളം ഡി സി സി അധ്യക്ഷന്‍ ഷിയാസ്, എം എല്‍ എമാരായ മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെ മാസങ്ങള്‍ക്ക് മുമ്പേ ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്. സണ്ണി ജോസഫും സജീവ് ജോസഫും ഉള്‍പ്പെടെയുള്ള എം എല്‍ എമാര്‍ നിരവധി തവണയാണ് ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്.
അന്‍വര്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിയോടാണ് ഞാന്‍ മറുപടി പറഞ്ഞതെന്നും സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് സഭാനേതാവും എല്‍ ഡി എഫ് എം എല്‍ എമാരുടെ നേതാവും. യു ഡി എഫിലെ ഒരു എം എല്‍ എയ്ക്കും പ്രതിപക്ഷ നേതാവിന്റെ അറിവോടെയല്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിക്കാനാകില്ല. മുഖ്യമന്ത്രിയുടെ അനുമതി ഇല്ലാതെ ഇത്തരത്തില്‍ തരംതാണൊരു ആരോപണം നിയമസഭയില്‍ ഉന്നയിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും ആരോപണം ഉന്നയിച്ചതില്‍ പങ്കുണ്ട്. ഇത് മുഖ്യമന്ത്രിയും ഇതുവരെ നിഷേധിച്ചിട്ടില്ല. ആരോപണം തമാശയായി പോയപ്പോഴാണ് ആരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇല്ലാതെയായത്. നിങ്ങളെ ഓര്‍ത്ത് ചിരിക്കണോ കരയണോ എന്ന് ഞാന്‍ ചോദിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കിയാണ്. ആരോപണം സഭാ നടപടികളില്‍ നിന്നും നീക്കം ചെയ്യരുതെന്നും ഇങ്ങനെയും ആരോപണം ഉന്നയിക്കുന്നവരും നേതൃത്വവും കേരള നിയമസഭയില്‍ ഉണ്ടായിരുന്നെന്ന് വരും തലമുറ അറിയട്ടെ എന്നുമാണ് ഞാന്‍ നിയമസഭയില്‍ പറഞ്ഞത്. ആരോപണത്തിനു പിന്നില്‍ പി ശശിയോ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലുമോ ആകാം.
പെരിയ കൊലക്കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നതിനു വേണ്ടി പണപ്പിരിവ് നടത്തുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയും നീതിന്യായ വ്യവസ്ഥയെയുമാണ് സി പി എം വെല്ലുവിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രണ്ടു ചെറുപ്പക്കാരെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതികളെ ജയിലിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പാര്‍ട്ടി അന്തര്‍ദേശീയ തീവ്രവാദ സംഘടനകളേക്കാള്‍ മോശമാണ്. കൊന്നിട്ട് വന്നാലും സംരക്ഷിക്കുമെന്നാണ് സി പി എം പറയുന്നത്. പി ബി അംഗമായ ഒരാള്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് സി പി എം ജനങ്ങളെ വെല്ലുവിളിക്കുന്നത്. സി പി എമ്മിനു വേണ്ടി ആര് കൊല്ലാന്‍ ഇറങ്ങിയാലും കൊലയാളിയെയും കുടുംബത്തെയും പാര്‍ട്ടി സംരക്ഷിക്കും. ഫണ്ട് പിരിവ് സി പി എമ്മിലെ പൊതുരീതിയാണ്. അഭിമന്യുവിന് വേണ്ടി പിരിച്ച പണത്തിന്റെ മൂന്നിലൊന്നു പോലും കുടുംബത്തിന് നല്‍കിയില്ല. ബാക്കി പണം എവിടെ പോയെന്ന് പോലും അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.