Connect with us

Kerala

വന്യജീവി ആക്രമണം; കേരളത്തിലെ മലയോര ജനത സങ്കടക്കടലില്‍: വി ഡി സതീശന്‍

ആറേഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 60000ല്‍ അധികം വന്യ ജീവി ആക്രമണങ്ങളാണ്. 1000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

പത്തനംതിട്ട |  കേരളത്തിലെ മലയോരത്ത് മുഴുവന്‍ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫ് നയിക്കുന്ന മലയോര സമര യാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സ്വീകരണം ഏറ്റുവാങ്ങി ചിറ്റാറില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മലയോര ജനതയുടെ സങ്കടങ്ങള്‍ക്ക് പലകാരണങ്ങളുണ്ട്. അതില്‍ ഒരു പ്രധാനപ്പെട്ട കാര്യം വന്യ ജീവി ആക്രമണങ്ങളാണ്. പണ്ട് പറഞ്ഞിരുന്നത് വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ങ്ങളെന്നാണ്. ആറേഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 60000ല്‍ അധികം വന്യ ജീവി ആക്രമണങ്ങളാണ്. 1000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 8000ല്‍ അധികം പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞു. കോടി കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായി. ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെ. കേരളത്തില്‍ നാലായിരത്തോളം പേര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനുണ്ട്. മനുഷ്യ ജീവന്‍ മാത്രമല്ല, കൃഷി, ചേന, ചെമ്പ് കിഴങ്ങ് കൃഷികളെല്ലാം വന്യ മൃഗങ്ങള്‍ നശിപ്പിക്കുന്നു. ഇപ്പോള്‍ എവിടെയെങ്കിലും കിഴങ്ങുകൃഷി നടത്താന്‍ പറ്റുമോ? എല്ലാം പന്നിയെടുക്കും. തെങ്ങില്‍ നിന്നും തേങ്ങ കുരങ്ങനിട്ടോണ്ട് പോകും. റംബുട്ടാന്‍ അടക്കമുള്ള പഴങ്ങള്‍ മലയണ്ണാന്‍ കൊണ്ട് പോകും. വാഴ ആന നശിപ്പിക്കും.

ഇത് പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍കൂടി പറയണ്ടേ നമ്മള്‍. പരമ്പരാഘതമായ മാര്‍ങ്ങളുണ്ട്. മതിലുകെട്ടും, കിടങ്ങു കുഴിക്കും, വേലികളുണ്ട്, സോളാര്‍ വേലികളുണ്ട്, ഇലക്ട്രിക് വേലികളണ്ട്, കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടി ഒരു രൂപ ചെലവഴിച്ചിട്ടില്ല.

വനാതിര്‍ത്തിയില്‍ വന്യ മൃഗങ്ങളുടെ ചലനമുണ്ടാവുമ്പോള്‍ ആധുനിക വിദ്യയുടെ സഹായത്തോടെ മുന്നറിയിപ്പ് നല്‍കുന്നതിന് പല സംവിധാനങ്ങളുണ്ട്. കൃതൃമമായി ശബ്ദം ഉണ്ടാക്കി അതിനെ തിരിച്ചോടിക്കാം. തമിഴ്നാട്, കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എല്ലായിടത്തും ഇത് ആവിഷ്‌കരിച്ചു. ഇത് അറിയാത്ത ഒരു കൂട്ടര്‍ മാത്രമേയുള്ളുവെന്നും വി ഡി സതീശന്‍ പറഞ്ഞു

 

Latest