Kerala
വന്യജീവി ശല്യം; കേന്ദ്രത്തെ ആശങ്കയറിയിച്ചതായി മന്ത്രി ശശീന്ദ്രന്‍, നടപടി ആലോചിക്കുമെന്ന് ഉറപ്പ് ലഭിച്ചു
തിരുവനന്തപുരം | വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പരിശോധിക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കിയതായി ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനുമായി ഡിസംബറില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കേരളം സന്ദര്‍ശിക്കും.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ശശീന്ദ്രന്‍ കേന്ദ്ര മന്ത്രിയെ കണ്ടത്. ഒരു വര്‍ഷത്തിനിടെ നാല് കര്‍ഷകരാണ് കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ അനുവാദം നല്‍കണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കാട്ടുപന്നിയെ വനത്തിന് പുറത്ത് എവിടെ വച്ചും ആര്‍ക്കും കൊല്ലാം. നിലവില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലോ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ മാത്രമാണ് കാട്ടുപന്നിയെ വെടിവക്കാന്‍ അനുമതിയുള്ളത്.