National
വന്യമൃഗ- മനുഷ്യ സംഘര്‍ഷം; പരിഹാര വാഗ്ദാനവുമായി അമേരിക്കൻ സംഘടന
വി എഫ് എ ഇ എസ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു
പാലക്കാട് | സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യമൃഗ- മനുഷ്യ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ സഹായ വാഗ്ദാനവുമായി യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ സംഘടനയായ വോയ്സ് ഓഫ് ഏഷ്യന്‍ എലിഫൻ്റ്സ് സൊസൈറ്റി(വി എഫ് എ ഇ എസ്). കാട്ടാനകളുടെ ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ പൊലിയുന്നതിനൊപ്പം റെയില്‍വേ ട്രാക്കിലും വൈദ്യുതി കമ്പിയിലും തട്ടി കാട്ടാനകള്‍ ചരിയുന്നതും നിത്യസംഭവമായതോടെയാണ് വി എഫ് എ ഇ എസ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്.
ആനകളുടെ ആവാസ വ്യവസ്ഥകള്‍ സുരക്ഷിതമാക്കുക, ആനകള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇടനാഴികള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ പദ്ധതികളാണ് വി എഫ് എ ഇ എസ് നടപ്പാക്കാനൊരുങ്ങുന്നത്. കാട്ടിലെ നിലവിലെ ആവാസ കേന്ദ്രത്തിലെ ശോഷണമാണ് ആനകളെ നാട്ടിലേക്ക് ഇറക്കി കാര്‍ഷിക വിളകൾ നശിപ്പിക്കുന്നതിനും മനുഷ്യരെ ആക്രമിക്കുന്നതിനും പ്രേരിപ്പിക്കുന്നതെന്നാണ് വി എഫ് എ ഇ എസിൻ്റെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി ഉള്‍ക്കാടുകളില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിനൊപ്പം ചെറുകിട കുടിവെള്ള പദ്ധതികളും നിർമിക്കണം. നാട്ടിലിറങ്ങുന്നത് തടയാന്‍ വനമേഖലയുടെ അതിര്‍ത്തിയില്‍ ഫലപ്രദമായ കമ്പിവേലി നിര്‍മിക്കണമെന്നും നിർദേശിക്കുന്നു. ട്രെയിനിടിച്ച് ആനകള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് തടയാന്‍ ലോക്കോ പൈലറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള അലാറം സ്ഥാപിക്കുകയാണെങ്കില്‍ തീവണ്ടി നിർത്താൻ സാധിക്കും.
ആനകൾ ട്രാക്കിലുള്ളത് 500 കിലോ മീറ്റര്‍ അകലെ ലോക്കോപൈലറ്റുകള്‍ക്ക് അറിയാനുള്ള സംവിധാനമൊരുക്കണം. നിലവില്‍ കേരളത്തില്‍ ഇതുപോലുള്ള സംവിധാനമില്ലെന്നാണ് വി എഫ് എ ഇ എസ് പറയുന്നത്. ഇത്തരം പദ്ധതികള്‍ക്കുള്ള പൂർണ ചെലവും വി എഫ് എ ഇ എസ് വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്്. പശ്ചിമബംഗാളിലെ ജയ്പൂരില്‍ വി എഫ് എ ഇ എസിൻ്റെ പദ്ധതി വന്നതോടെ ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതും അപകടത്തിനിരയായി ചരിയുന്നതും കുറഞ്ഞിട്ടുണ്ടെന്ന് വി എഫ് എ ഇ എസ് അധികൃതര്‍ പറയുന്നു. വി എഫ് എ ഇ എസിൻ്റെ സഹായ വാഗ്ദാനം നടപ്പാക്കുന്നത് ആലോചനയിലാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.