Connect with us

Aksharam Education

അന്യമാകരുത് വന്യജീവികൾ

Published

|

Last Updated

ഇന്ന് ലോക വന്യജീവി ദിനം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചുതന്ന വനങ്ങളും വൈവിധ്യമാർന്ന വന്യജീവിസമ്പത്തും സംരക്ഷിക്കണമെന്ന് ലോകത്തെ ഓർമിപ്പിക്കാൻ ഒരു ദിനം കൂടി.
ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ജീവി വർഗങ്ങളെ വീണ്ടെടുക്കുക എന്നതാണ് ഈ വർഷത്തെ ലോക വന്യജീവി ദിന സന്ദേശം. 2013 ഡിസംബറിൽ ചേർന്ന യു എൻ പൊതുസഭയുടെ 68ാമത് സമ്മേളനത്തിലാണ് എല്ലാ വർഷവും മാർച്ച് മൂന്ന് വന്യജീവിദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ജൈവവൈവിധ്യത്തിൽ എല്ലാ വന്യജീവികളും സസ്യജാലങ്ങളും സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഓർമിപ്പിച്ച് വനത്തെയും വന്യജീവികളെയും കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഭൂമുഖത്തെ പതിനായിരക്കണക്കിന് ജീവജാലങ്ങളുടെ വംശം നശിച്ചുതുടങ്ങിയിരിക്കുന്നു. പലതും പൂർണമായും ഇല്ലാതായി. ശേഷിക്കുന്നവയെ വേരറ്റുപോവാതെ നിലനിർത്താൻ വിവിധ രാജ്യങ്ങളിലായി പലവിധത്തിലുള്ള പദ്ധതികളാണ് വന്യജീവി ദിനത്തോടനുബന്ധിച്ച് നടപ്പാക്കിവരുന്നത്. 30,178 ജീവികളാണ് ചുവന്ന പട്ടികയിലുള്ളത് പറക്കാൻ ശേഷിയില്ലാത്ത തടിയൻ കകാപോ തത്തകളും അപൂർവയിനത്തിൽപ്പെട്ട ചുവന്ന ചെന്നായയും (റെഡ് വുൾഫ്) ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളായ ചൈനീസ് ഗ്രേറ്റ് സാലമാൻഡറുകളുമൊക്കെ വംശം നിലനിർത്താനുള്ള തത്രപ്പാടിലാണ്. ഒപ്പം ഒട്ടേറെ മറ്റുപല ജീവികളും.
ഇന്ന് ഭൂമുഖത്തുള്ള കാൽഭാഗത്തോളം സസ്യജീവിവർഗങ്ങളും വംശനാശഭീഷണി നേരിടുകയാണ്. നാശത്തിന്റെ തോത് പലതിനും കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഒരു പതിറ്റാണ്ടുകൂടി പിന്നിടുമ്പോഴേക്കും അവയിൽ പലതും പൂർണമായും ഇല്ലാതാകും.
ലോകത്ത് 80 ലക്ഷം തരത്തിലുള്ള സസ്യജീവിവർഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പത്ത് ലക്ഷവും വംശനാശഭീഷണി നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

ചുവന്ന പട്ടികയിലെ പുതിയ കണക്ക് പ്രകാരം ഇന്ത്യയിൽ 93 ഇനം സസ്തനികൾ, 93 ഇനം പക്ഷികൾ, 54 ഉരഗ വർഗങ്ങൾ, 75 ഉഭയജീവി വർഗങ്ങൾ, 235 മത്സ്യ വർഗങ്ങൾ, ഏഴ് ഇനം മൊളസ്‌കുകൾ, 131 ഇനം മറ്റ് നട്ടെല്ലില്ലാത്ത ജീവികൾ, രണ്ടിനം ഫംഗസുകൾ, 428 ഇനം സസ്യങ്ങൾ തുടങ്ങി 1118 ഇനം ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇതിൽ 90 ജന്തു ഇനങ്ങളേയും 86 സസ്യഇനങ്ങളേയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയായും 212 ജന്തുഇനങ്ങളേയും 189 സസ്യഇനങ്ങളേയും ഒരിനം ഫംഗസിനെയും വംശനാശഭീഷണി നേരിടുന്നവയായുമാണ് കണക്കാക്കിയിരിക്കുന്നത്.

വംശനാശം- കാരണങ്ങൾ
• കാലാവസ്ഥാ വ്യതിയാനം
• പ്ലാസ്റ്റിക്കിന്റെ ഉപയോഗം
• സമുദ്രങ്ങളിൽ രാസമാലിന്യം കലരുന്നത്
• കാട്ടുതീ
• അനിയന്ത്രിത വേട്ടയാടൽ… എന്നിങ്ങനെ നീളുന്നു
• ജീവികളുടെ ഇന്റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ (ഐ യു സി എൻ) • ഒട്ടേറെ ജീവികളെ വംശനാശഭീഷണിയുടെ തോതനുസരിച്ച് ചുവന്നപട്ടികയിൽ പെടുത്തിയിട്ടുണ്ട്.
• മൃഗങ്ങൾക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങൾ, വനനശീകരണം, ചൂഷണങ്ങൾ എന്നിവക്കെതിരെയുള്ള ഓർമപ്പെടുത്തലാണ് ലോക വന്യജീവി ദിനം.