Kerala
വന്യജീവി അക്രമം; വയനാട്ടില്‍ യു ഡി എഫ് ഹര്‍ത്താല്‍ തുടങ്ങി
റോഡ് ഉപരോധിച്ച ഏതാനും പ്രവര്‍ത്തകരെ ലക്കിടിയില്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
![](https://assets.sirajlive.com/2025/02/2-1-897x538.jpg)
കല്‍പ്പറ്റ | വന്യജീവി അക്രമത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യു ഡി എഫ് ഹര്‍ത്താല്‍ തുടങ്ങി. റോഡ് ഉപരോധിച്ച ഏതാനും പ്രവര്‍ത്തകരെ ലക്കിടിയില്‍ രാവിലെ ഏഴുമണിക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് നീക്കം സംഘര്‍ഷത്തിനു വഴിവച്ചു.
വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ച് യു ഡി എഫിന്റെ പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കര്‍ തീരുമാനിച്ചതിനാല്‍ ബസ്സ് ഗതാഗതം നിലച്ചു. അതേസമയം കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്.
സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബത്തേരി കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തില്‍ നിന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധിക്കും മുന്‍ എം പി രാഹുല്‍ ഗാന്ധിക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് എല്‍ ഡി എഫ്. കേന്ദ്ര നിയമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാവാത്തെ കേരളത്തില്‍ നിന്നുള്ള എം പി മാരേയും കേന്ദ്രമന്ത്രിമാരേയുമാണ് എല്‍ ഡി എഫ് വിമര്‍ശിക്കുന്നത്.