Articles
റിപോ നിരക്കിലെ കുറവ് ഇന്ത്യൻ സന്പദ്്വ്യവസ്ഥയെ ഉണർത്തുമോ?
ആഭ്യന്തര ആവശ്യത്തിലെ ഇടിവാണ് ഇന്ത്യൻ സമ്പദ്്വ്യവസ്ഥയെ നിലവിൽ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന്. ലളിതമായി പറഞ്ഞാൽ, നമ്മുടെ രാജ്യത്തെ ജനങ്ങൾ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി ചെലവഴിക്കുന്ന തുക കുറഞ്ഞുവരികയാണ്. സമ്പദ്്വ്യവസ്ഥയുടെ ആരോഗ്യം ഈ ആവശ്യത്തെ ആശ്രയിച്ചാണ് വിലയിരുത്തപ്പെടുന്നത്.
![](https://assets.sirajlive.com/2025/02/repo-rate-897x538.jpg)
ഇന്ത്യൻ സമ്പദ്്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റിസർവ് ബേങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) റിപോ നിരക്ക് കാൽ ശതമാനം കുറച്ചിരിക്കുകയാണ്. 6.5 ശതമാനത്തിൽ നിന്ന് 6.25 ശതമാനമാക്കിയാണ് കുറിച്ചിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഈ നിരക്കിൽ കുറവ് വരുത്തുന്നതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. വായ്പകൾ പ്രോത്സാഹിപ്പിക്കാനും പണലഭ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടികൾ ആർ ബി ഐ സ്വീകരിക്കുന്നതിനിടെ, കേന്ദ്ര ബജറ്റിൽ നികുതി ഇളവുകളും പൊതുചെലവുകളിലെ വർധനയും ഉൾപ്പെടുത്തി സർക്കാർ സാമ്പത്തിക വളർച്ചക്ക് ഊന്നൽ നൽകിയിട്ടുണ്ട്. ഈ ധനനയവും സാമ്പത്തിക നയവും ചേർന്നുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ സമ്പദ്്വ്യവസ്ഥയുടെ ഭാവിയിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാം.
ആഭ്യന്തര ആവശ്യത്തിലെ ഇടിവാണ് ഇന്ത്യൻ സമ്പദ്്വ്യവസ്ഥയെ നിലവിൽ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന്. ലളിതമായി പറഞ്ഞാൽ, നമ്മുടെ രാജ്യത്തെ ജനങ്ങൾ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി ചെലവഴിക്കുന്ന തുക കുറഞ്ഞുവരികയാണ്. സമ്പദ്്വ്യവസ്ഥയുടെ ആരോഗ്യം ഈ ആവശ്യത്തെ ആശ്രയിച്ചാണ് വിലയിരുത്തപ്പെടുന്നത്. ആളുകൾ കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോൾ, കൂടുതൽ ഉത്പാദിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകുകയും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കാരണമാകുന്നു.
ഈ കുറവ് പ്രധാനമായും രണ്ട് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. ഒന്നാമതായി, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) വളർച്ചാ നിരക്ക് പരിശോധിക്കാം. 2023ലെ നാലാം പാദത്തിൽ 8.6 ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2024ലെ ആദ്യ പാദത്തിൽ 6.7 ശതമാനമായും തുടർന്ന് രണ്ടാം പാദത്തിൽ 5.4 ശതമാനമായും മൂന്നാം പാദത്തിൽ 5.4 ശതമാനമായും കുറഞ്ഞു. ഈ തുടർച്ചയായ ഇടിവ് താത്കാലിക പ്രശ്‌നമായി കണക്കാക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നതിന്റെ സൂചനയാണിത്. രണ്ടാമതായി, കോർ ഇൻഫ്ലേഷൻ നിരക്ക് ശ്രദ്ധിക്കാം. 2024 നവംബറിൽ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സി പി ഐ) 3.64 ശതമാനമായിരുന്നു. ഇത് ഒക്ടോബറിലെ 3.67 ശതമാനത്തിൽ നിന്ന് നേരിയ കുറവാണ്. അഥവാ സുസ്ഥിരമായൊരു സ്വഭാവമാണ് പണപ്പെരുപ്പ നിരക്ക് മുൻനിർത്തുന്നത്. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിലകൾ വളരെ വേഗത്തിൽ ഉയരുന്നില്ല എന്നർഥം. ജനങ്ങളുടെ കൈയിൽ പണം ഉണ്ടെങ്കിൽ പോലും വലിയ തോതിൽ അത് ചെലവഴിക്കുന്നില്ല, അല്ലെങ്കിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണിത്. ഈ രണ്ട് സൂചകങ്ങളും ഒരുപോലെ ഇന്ത്യയുടെ സമ്പദ്്വ്യവസ്ഥയിൽ വളർച്ചാ നിരക്ക് കുറയുന്നുണ്ടെന്ന് വ്യക്തമായി പറയുന്നു. ഈ വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ബജറ്റിലും റിസർവ് ബേങ്കിന്റെ മോണിറ്ററി പോളിസിയിലും കാണാൻ സാധിച്ചത്.
കുറഞ്ഞ പലിശ നിരക്കുകൾ വ്യവസായങ്ങളെയും ഉപഭോക്താക്കളെയും കൂടുതൽ വായ്പയെടുക്കാൻ പ്രോത്സാഹിപ്പിക്കും. ഇത് സമ്പദ്്വ്യവസ്ഥയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കും. ആഭ്യന്തര ഡിമാന്റ്കൂട്ടും. നിലവിലെ സാഹചര്യത്തിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഉപഭോക്ത വില സൂചിക (സി പി ഐ) പണപ്പെരുപ്പം 4.2 ശതമാനമായാണ് കണക്കാക്കുന്നത്. ഇത് റിസർവ് ബേങ്ക് ലക്ഷ്യമിടുന്ന രണ്ട് മുതൽ ആറ് ശതമാനം വരെ എന്ന പരിധിക്കുള്ളിലാണ്. മുൻ വർഷങ്ങളിൽ ഉയർന്ന പണപ്പെരുപ്പം കാരണം പലിശനിരക്കുകൾ കുറക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ അനുകൂല സാഹചര്യം സാമ്പത്തിക നയങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സഹായിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
ആഗോളതലത്തിൽ യു എസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബേങ്ക് തുടങ്ങിയ പ്രമുഖ കേന്ദ്ര ബേങ്കുകളും പലിശ നിരക്കുകളിൽ ഇളവ് വരുത്താൻ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇന്ത്യയും അതേ പാത പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഉയർന്ന പലിശ നിരക്ക് നിലനിർത്തുന്നത് വിദേശ നിക്ഷേപം മറ്റു രാജ്യങ്ങളിലേക്ക് ഒഴുകിപ്പോകാൻ ഇടയാക്കും. ഇത് ആഭ്യന്തര പണലഭ്യതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മൊത്തത്തിൽ, സമ്പദ്്വ്യവസ്ഥയുടെ വളർച്ചാ ലക്ഷ്യം കൈവരിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ആഗോള വിപണികളുമായി ഏകോപിപ്പിക്കാനും റിപോ നിരക്ക് കുറക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
റിസർവ് ബേങ്ക് റിപോ നിരക്ക് കുറച്ചത് ബിസിനസ്സുകൾ, ഉപഭോക്താക്കൾ, ധനവിപണി എന്നിവയിൽ പല തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകും. പലിശ നിരക്ക് കുറയുന്നതോടെ ബേങ്കുകൾക്ക് വായ്പാ നിരക്ക് കുറക്കാൻ സാധിക്കുന്നു. ഇത് ഭവന വായ്പ, വാഹന വായ്പ, കോർപറേറ്റ് വായ്പ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇടയാക്കും. കുറഞ്ഞ പലിശ നിരക്ക് റിയൽ എസ്റ്റേറ്റ്, വാഹന നിർമാണം, ഉത്പാദന വ്യവസായം തുടങ്ങിയ മേഖലകളിൽ ഉണർവ് നൽകുമെന്നതും വ്യക്തമാണ്. കാരണം, ഈ മേഖലകളിൽ പലിശ നിരക്ക് കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ട്. വായ്പാ ചെലവ് കുറയുന്നത് ബിസിനസ്സുകൾക്ക് ലാഭകരവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായകവുമാകും. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഉത്പാദനത്തെ വർധിപ്പിക്കും. എന്നാൽ, വായ്പയെടുക്കുന്നവർക്ക് ഇത് ഗുണകരമാകുമ്പോൾ, നിക്ഷേപകർക്ക് ഇത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്നതും മറ്റൊരു സത്യമാണ്. ബേങ്കുകൾ റിപോ നിരക്ക് കുറച്ചാൽ, സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിവയുടെ പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ട്. ഇത് സ്ഥിര വരുമാനത്തെ ആശ്രയിക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ടായേക്കാം. കുറഞ്ഞ പലിശ നിരക്ക് കാരണം നിക്ഷേപകർ ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ, സ്വർണം തുടങ്ങിയവയിലേക്ക് ശ്രദ്ധ മാറ്റാൻ സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ ബോണ്ട് വിപണിയിലും പ്രതിഫലിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്.
റിസർവ് ബേങ്ക് റിപോ നിരക്ക് കുറച്ചത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഉത്തേജനം നൽകുന്ന നല്ല നീക്കമാണെങ്കിലും ഇതിന്റെ പൂർണമായ ഫലം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആഭ്യന്തരവും ബാഹ്യവുമായ ചില വെല്ലുവിളികൾ ഈ പരിഷ്‌കാരത്തിന്റെ ഫലപ്രാപ്തിക്ക് തടസ്സമുണ്ടാക്കിയേക്കാം.
ആഭ്യന്തര വെല്ലുവിളികൾക്ക് പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് ബേങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ്. 2024 ഡിസംബർ മാസത്തോടെ തുടങ്ങിയ ഈ പ്രതിസന്ധി 2025 ജനുവരിയിൽ മൂന്ന് ലക്ഷം കോടി രൂപയായി വർധിച്ചു. പലിശ നിരക്ക് കുറച്ചാലും ബേങ്കുകളിൽ മതിയാകുന്ന പണമില്ലെങ്കിൽ വായ്പകളുടെ വളർച്ച പരിമിതപ്പെടാൻ സാധ്യതയുണ്ടെന്നത്
പ്രതിസന്ധിയാണ്.
അന്താരാഷ്ട്രതലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യയുടെ വളർച്ചയെ ബാധിക്കാം. എണ്ണ വിലയിലെ വ്യതിയാനങ്ങൾ, രാഷ്ട്രീയ പ്രശ്‌നങ്ങൾ, ആഗോള വ്യാപാരത്തിലെ സ്ഥിരതയില്ലായ്മ എന്നിവയെല്ലാം നിക്ഷേപകരുടെ വിശ്വാസത്തെയും ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കാം. ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം ഇപ്പോഴും മന്ദഗതിയിലാണ്. മുന്പ് പലിശ നിരക്ക് കുറച്ചപ്പോഴും സ്വകാര്യ മേഖലയിൽ കാര്യമായ നിക്ഷേപം ഉണ്ടായിട്ടില്ല. പലിശ നിരക്ക് കുറക്കുന്നത് മാത്രമല്ല, വ്യവസായങ്ങൾക്ക് അനുകൂലമായ നയങ്ങൾ, അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ എന്നിവയും അനിവാര്യമാണ്. അതുകൊണ്ട്, പലിശ നിരക്ക് കുറച്ചത് നല്ലൊരു തുടക്കമാണെങ്കിലും ഇത്തരം വെല്ലുവിളികളെ മറികടക്കാൻ സാധിച്ചാൽ മാത്രമേ ഈ പരിഷ്‌കാരത്തിന്റെ പൂർണമായ പ്രയോജനം രാജ്യത്തിന്
ലഭിക്കുകയുള്ളൂ.