Articles
ഈ പ്രതിസന്ധി എ എ പി മറികടക്കുമോ?
ബി ജെ പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് ഇന്ത്യയിലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പൊതു ധാരണ പോലും ഉണ്ടാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോടെ പങ്കുവെക്കപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ സത്യം. പ്രതിപക്ഷത്തെ നയിക്കേണ്ട കോണ്‍ഗ്രസ്സിന് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച ചെയ്യാനായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഫലം ഇതിനേക്കാള്‍ മെച്ചപ്പെട്ടതാകുമായിരുന്നു.

കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് അധികാരം പിടിച്ചതോടെ ഹിന്ദുത്വത്തിന് അടി തെറ്റുന്നു, മോദി പ്രഭാവം മാഞ്ഞു പോകുന്നു എന്നതായിരുന്നു ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളുടെ പൊതുവായ നിരീക്ഷണം. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തോടെ ഹിന്ദുത്വ അതിന്റെ പൂര്‍ണതയില്‍ എത്തിയെന്നും ഇനി വളര്‍ച്ച താഴോട്ടായിരിക്കും എന്നുമായിരുന്നു ഇന്ത്യയിലെ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്. എന്നാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലത്തോടെ ഈ ധാരണ പൊളിഞ്ഞു. തീവ്ര ഹിന്ദുത്വം പിന്തുടരാതെ തന്നെ ബി ജെ പിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാകുമെന്ന് കണ്ടു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലവും അതിന്റെ പിന്തുടര്‍ച്ച പോലെ മാറിയിരിക്കുകയാണ്. നാളിതുവരെ വികസന രാഷ്ട്രീയം മാത്രം പറഞ്ഞ കെജ്രിവാളിന് താന്‍ ഒരു ഹിന്ദുവാണെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. സ്വന്തം മതപരമായ വ്യക്തിത്വത്തെ ‘ഭക്തനായ ഹിന്ദു’ ആയും സ്വയം പ്രഖ്യാപിച്ചു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും ഹനുമാന്‍ ചാലിസ പാരായണം ചെയ്തും പാകിസ്താനെ വിമര്‍ശിച്ചും സംഘ്പരിവാറിന്റെ ഹിന്ദുത്വത്തിന് ബദലാകാന്‍ ശ്രമിച്ചിടത്താണ് ആപ്പിന് അടി തെറ്റിയത്.
ഇന്ദ്രപ്രസ്ഥത്തില്‍ ബി ജെ പി
ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബി ജെ പിയുടെ ഇന്ദ്രപ്രസ്ഥം പിടിച്ചടക്കാനുള്ള നീണ്ട കാലത്തെ ശ്രമങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. മോദി യുഗം അതിന്റെ ഔന്നത്യത്തില്‍ എത്തിയ സമയത്ത് പോലും ബി ജെ പിക്ക് പിടികൊടുക്കാതിരുന്ന മണ്ണായിരുന്നു ഡല്‍ഹി. 1998ല്‍ മുഖ്യമന്ത്രിയായിരുന്ന സുഷമാ സ്വരാജിന് ശേഷം രാജ്യതലസ്ഥാനത്ത് ഭരണസിംഹാസനത്തില്‍ മറ്റൊരു ബി ജെ പി മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണവും അതിനു ശേഷം അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിയുടെ 10 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണവുമാണ് 27 വര്‍ഷത്തിനു ശേഷം ബി ജെ പിക്ക് അധികാരത്തിലേക്കുള്ള വഴി തുറന്നത്.
70 അംഗ അസംബ്ലിയില്‍ 48 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം ബി ജെ പി നേടിയിട്ടുണ്ട്. നേരത്തേ 62 സീറ്റുകള്‍ അസംബ്ലിയില്‍ ഉണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. മാത്രവുമല്ല ആം ആദ്മിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, പാര്‍ട്ടിയിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ, മന്ത്രി സൗരഭ് ഭരദ്വാജ് തുടങ്ങിയ അഞ്ച് പ്രധാന നേതാക്കന്മാര്‍ക്കാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ പരാജയം നേരിടേണ്ടി വന്നത്. ഒരുപക്ഷേ ആം ആദ്മിയുടെ രൂപവത്കരണ ശേഷം പാര്‍ട്ടിക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ രാഷ്ട്രീയ പരാജയം കൂടിയായി ഇത് വിലയിരുത്തപ്പെടും. കോണ്‍ഗ്രസ്സിനും ആം ആദ്മിക്കും എതിരെ ഒരുപോലെ പ്രചാരണം ശക്തമാക്കിയാണ് ബി ജെ പി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം ‘ഇന്ത്യ’ സഖ്യത്തില്‍ ഒരുമിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്സും ആം ആദ്മിയും മുഖാമുഖം പോരാടിയതും തിരഞ്ഞെടുപ്പ് രംഗത്തെ ഇവര്‍ തമ്മിലുള്ള ഇടവേളകളില്ലാത്ത അക്രമണ പ്രത്യാക്രമണങ്ങളും ബി ജെ പിയുടെ മുന്നേറ്റത്തിന് വലിയ സഹായം ചെയ്തു. അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും എതിരെ രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചത് ബി ജെ പി ഇതര മതേതര വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമായി. അണ്ണാ ഹസാരെക്ക് കീഴില്‍ ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന മൂവ്മെന്റിന്റെ ഭാഗമായി അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍ 12 വര്‍ഷം മുമ്പാണ്, ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ ഒരു പുതിയ പ്രത്യയശാസ്ത്ര രാഷ്ട്രീയം മുന്നോട്ടുവെച്ച് ഡല്‍ഹിയിലെ ശമ്പളക്കാരായ മധ്യവര്‍ഗ സമൂഹത്തെ ആവേശം കൊള്ളിച്ച് അധികാരത്തിലേറുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ ഊന്നിയുള്ള സൗജന്യങ്ങള്‍ നല്‍കിയ ഭരണം, മധ്യവര്‍ഗ വോട്ടുകള്‍ 10 വര്‍ഷത്തോളം ആം ആദ്മിയുടെ പെട്ടിയില്‍ തന്നെ കിടത്തി. എന്നാല്‍ മദ്യനയ അഴിമതി ആരോപണവും 2020ലെ ഡല്‍ഹി കലാപവും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഡല്‍ഹി സര്‍ക്കാറുമായുള്ള ഭരണ തര്‍ക്കങ്ങളും ഈ വോട്ട് ബേങ്ക് പൊളിയാന്‍ കാരണമായി. മദ്യനയ കേസില്‍ രാജിവെച്ച് ജയിലില്‍ പോകേണ്ടി വന്നതോടെ അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും പ്രതിച്ഛായക്ക് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കിയിട്ടുണ്ടാകണം. മാത്രവുമല്ല പ്രഖ്യാപിച്ച പല വികസന പദ്ധതികളും ക്ഷേമ പ്രഖ്യാപനങ്ങളും നടപ്പില്‍ വരുത്തുന്നതില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തടസ്സം സൃഷ്ടിക്കും വിധം പ്രവര്‍ത്തിച്ചത് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായി. പാര്‍ട്ടി പ്രതിസന്ധിയിലായതോടെ ആം ആദ്മിയില്‍ നിന്ന് ബി ജെ പിയിലേക്കും കോണ്‍ഗ്രസ്സിലേക്കും പോയ ജാതി വോട്ട് ബേങ്കിനെ സ്വാധീനിക്കാന്‍ ശേഷിയുണ്ടായിരുന്ന നേതാക്കളുടെ അഭാവവും തിരഞ്ഞെടുപ്പ് രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ആം ആദ്മി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട മൊഹല്ല ക്ലിനിക്കുകളുടെ പരാധീനതകളും പ്രശ്നങ്ങളും വലിയ അളവില്‍ തിരഞ്ഞെടുപ്പ് രംഗത്ത് ചര്‍ച്ചയാക്കാനും ബി ജെ പിക്ക് കഴിഞ്ഞു. ഇത് ബി ജെ പി വോട്ടാക്കി മാറ്റുകയും ചെയ്തിട്ടുണ്ട് എന്നതാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബി ജെ പിയും കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഒരുപോലെ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചത് ആപ്പിന് നേരത്തേ കിട്ടിയിരുന്ന അധിക ആനുകൂല്യം തടയുന്നതിലേക്ക് നയിച്ചു. ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമപരമായ ഒരു പദ്ധതിയും നിര്‍ത്തലാക്കില്ലെന്നുള്ള ബി ജെ പിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളും ജനങ്ങള്‍ക്ക് ആപ്പില്‍ നിന്ന് ബി ജെ പിയിലേക്ക് മാറി ചിന്തിക്കാന്‍ വഴിയൊരുക്കി. യമുനാ നദിയിലെ മലിനജല പ്രശ്നത്തില്‍ ഹരിയാനയില്‍ നിന്നാണ് വിഷം കലര്‍ന്ന ജലം യമുനയില്‍ എത്തുന്നത് എന്നുള്ള ആം ആദ്മിയുടെ പ്രതികരണങ്ങളും ഡല്‍ഹിയിലെ മറ്റു മാലിന്യ പ്രശ്നങ്ങളും പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്തു. അഴിമതിക്കെതിരെ ബി ജെ പി നയിച്ച പരിവര്‍ത്തന യാത്രയും മഹിളാ സമൃദ്ധി യോജന എന്ന പേരില്‍ മഹിളകള്‍ക്ക് പ്രതിമാസം 2,500 രൂപ, ഗര്‍ഭിണികള്‍ക്ക് മാതൃ സുരക്ഷാ വന്ദന പദ്ധതി പ്രകാരം 21,000 രൂപ എന്നിവ പ്രഖ്യാപിക്കപ്പെട്ടത് ജനങ്ങള്‍ക്ക് ആപ്പിനേക്കാള്‍ മികച്ച ചോയ്്‌സ് ബി ജെ പിയായി മാറുന്നതിന് കാരണമായി. ഫെബ്രുവരി ഒന്നിന് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റാണ് ബി ജെ പിക്ക് വലിയ മുന്നേറ്റത്തിന് സഹായിച്ചത്. ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തിയതും മധ്യവര്‍ഗത്തിന്റെ ജീവിതം ക്രമപ്പെടുത്തിയ ബജറ്റിലെ പ്രഖ്യാപനങ്ങളുമായിരുന്നു ഇതില്‍ വലിയ പങ്കുവഹിച്ചത്.
എ എ പി തിരിച്ചുവരുമോ?
ആം ആദ്മി വലിയ പ്രതിസന്ധി നേരിടുന്നു എന്നതാണ് ഈ അസംബ്ലി തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് നല്‍കുന്ന അപായ സൂചന. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുക എന്നതിനപ്പുറം കൃത്യമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കാന്‍ കഴിയാതിരുന്നത് ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ പാകത്തില്‍ ഒരു തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ എങ്കിലും മുന്നോട്ടുവെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തൂക്ക് സഭയിലേക്കെങ്കിലും കാര്യങ്ങളെ എത്തിക്കാമായിരുന്നു. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ്സില്‍ നിന്ന് ആപ്പിനെ അധികാരം പിടിക്കാന്‍ സഹായിച്ചത് മധ്യവര്‍ഗത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് ബേങ്കായിരുന്നു. എന്നാല്‍ 2020ലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ അരങ്ങേറിയ കലാപം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് അരവിന്ദ് കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായി. ഈ വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള മറ്റു മതേതര പാര്‍ട്ടികളുടെ പല പെട്ടികളിലേക്ക് വിഭജിക്കപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദില്‍ ബി ജെ പി സ്ഥാനാര്‍ഥി മോഹനന്‍ സിംഗ് ബിഷ്ട് പതിനേഴായിരത്തിന് മുകളില്‍ വോട്ടിനാണ് ജയിച്ചത്. ഇത് ബി ജെ പി വിരുദ്ധ വോട്ടുകള്‍ എത്രമാത്രം ഭീകരമായ രീതിയില്‍ വിഭജിക്കപ്പെട്ടു എന്നതിന്റെ നേര്‍ സാക്ഷ്യമാണ്. ഡല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ട പ്രദേശമായിരുന്നു മുസ്തഫാബാദ്. ബി ജെ പിക്കെതിരെ വലിയ വോട്ട് സമാഹരിക്കേണ്ട പ്രദേശത്ത് പോലും ബി ജെ പി ജയിച്ചു കയറുന്നത് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ ദുര്‍ബലതയുടെ അടയാളമായി കാണാം. ബി ജെ പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് ഇന്ത്യയിലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പൊതു ധാരണ പോലും ഉണ്ടാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോടെ പങ്കുവെക്കപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ സത്യം. പ്രതിപക്ഷത്തെ നയിക്കേണ്ട കോണ്‍ഗ്രസ്സിന് പോലും ഡല്‍ഹി തിരഞ്ഞെടുപ്പിലെങ്കിലും വിട്ടുവീഴ്ച ചെയ്യാനായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഫലം ഇതിനേക്കാള്‍ മെച്ചപ്പെട്ടതാകുമായിരുന്നു. തുടര്‍ച്ചയായ മൂന്നാം അസംബ്ലി തിരഞ്ഞെടുപ്പിലും നിയമസഭയില്‍ ഒരാളെ പോലും എത്തിക്കാന്‍ കഴിയാത്ത വിധം രാഷ്ട്രീയ ശക്തി ചോര്‍ന്നുപോയ പാര്‍ട്ടിയായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് മാറിയിരിക്കുന്നു. ഒരു ദശാബ്ദം മുമ്പ് 15 വര്‍ഷക്കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന് ഇത്തവണ ആകെക്കൂടി 6.38 ശതമാനം വോട്ട് മാത്രമാണ് പെട്ടിയിലാക്കാന്‍ ആയത്. അതേസമയം അധികാരം നഷ്ടപ്പെടുമ്പോഴും വോട്ട് ശതമാനത്തില്‍ താഴേക്ക് പോകാതിരിക്കാന്‍ ബി ജെ പിക്ക് എല്ലാ കാലത്തും കഴിഞ്ഞിട്ടുമുണ്ട്. സംഖ്യാപരമായി ആപ്പിന് പരാജയം സമ്മതിക്കേണ്ടി വന്നെങ്കിലും 45.89 ശതമാനം നേടിയ ബി ജെ പിക്കൊപ്പം 43.59 ശതമാനം വോട്ട് നിലനിര്‍ത്താന്‍ ആപ്പിന് സാധിച്ചിട്ടുണ്ട്. ഇത് ആപ്പിന്റെ സംഘടനാശക്തി ചോര്‍ന്നു പോയിട്ടില്ല എന്നതിന് തെളിവാണ്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആപ്പിന്റെ തിരിച്ചുവരവ് സാധ്യതകള്‍ തുറന്നുവെക്കപ്പെടുന്നതാണ്. അതേസമയം, ഡല്‍ഹിയില്‍ ഇനിയൊരു തിരിച്ചുവരവിന് കോണ്‍ഗ്രസ്സിന് ഏറെ പണിയെടുക്കേണ്ടിവരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പോലും ബി ജെ പിയെ പ്രതിരോധിക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയ മൂലധനം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം ആത്യന്തികമായി പറഞ്ഞുവെക്കുന്നത്.