Connect with us

Articles

എ കെ ഡി ലങ്കയിലെ തീയണയ്ക്കുമോ?

സുസ്ഥിര സര്‍ക്കാറിനുള്ള മാന്‍ഡേറ്റാണ് ശ്രീലങ്കന്‍ ജനത നല്‍കിയിരിക്കുന്നത്. എന്നാല്‍ എ കെ ഡിക്ക് മുമ്പോട്ടുള്ള വഴി ഒട്ടും പൂവിരിച്ചതല്ല. ഐ എം എഫിനെ അനുനയിപ്പിക്കാന്‍ സാധിക്കണം. ചൈനയുമായുള്ള വായ്പ പുനഃക്രമീകരിക്കുകയെന്ന വെല്ലുവിളിയുമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ വേറെയും.

Published

|

Last Updated

കഴിഞ്ഞ സെപ്തംബറില്‍ നടന്ന ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി അനുര കുമാര ദിസ്സനായകെ അധികാരമേല്‍ക്കുമ്പോള്‍ എല്ലാ നിരീക്ഷകരും ചോദിച്ചത് അദ്ദേഹത്തിന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രത്തലവനാകാന്‍ സാധിക്കുമോയെന്നായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ഒരാള്‍ അധികാര തലപ്പത്തെത്തുന്നതില്‍ രാഷ്ട്രീയ വിയോജിപ്പുള്ളവരുടെ കുറ്റംകാണല്‍ ചോദ്യമായിരുന്നില്ല അത്. മറിച്ച് അദ്ദേഹത്തിന്റെ സഖ്യത്തിന് പാര്‍ലിമെന്റില്‍ മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തിയുള്ള ആശങ്കയായിരുന്നു. പ്രസിഡന്‍ഷ്യല്‍ ഉത്തരവുകള്‍ പാര്‍ലിമെന്റില്‍ ചെല്ലുമ്പോള്‍ പന്തടിച്ച പോല്‍ തിരിച്ചുവരുന്ന സ്ഥിതിയാകില്ലേയെന്നതായിരുന്നു ചോദ്യം. നിയമനിര്‍മാണ സഭക്ക് മേല്‍ സ്വാധീനമില്ലാതെ ഒരു എക്സിക്യൂട്ടീവ് അധികാരിക്കും മുന്നോട്ട് പോകാനാകില്ല. ഈ ദൗര്‍ബല്യം മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് ദിസ്സനായകെ ഇടക്കാല പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ശ്രീലങ്കന്‍ ജനത ആ വിശ്വാസം കാത്തുസൂക്ഷിച്ചു. ‘എ കെ ഡി’യെന്ന് അനുയായികള്‍ സ്നേഹപൂര്‍വം വിളിക്കുന്ന ദിസ്സനായകെയുടെ പാര്‍ട്ടിയടങ്ങുന്ന സഖ്യത്തിന് ശക്തമായ മേല്‍ക്കൈയുള്ള പാര്‍ലിമെന്റ് നിലവില്‍ വന്നിരിക്കുന്നു.

ഇത് ചരിത്രം
ദിസ്സനായകെയുടെ കമ്മ്യൂണിസ്റ്റ് ആശയധാരയിലുള്ള പാര്‍ട്ടിയാണ് ജനത വിമുക്തി പെരമുന (ജെ വി പി). ഇതടക്കം 21 ഗ്രൂപ്പുകളടങ്ങുന്ന രാഷ്ട്രീയ മുന്നണിയാണ് എന്‍ പി പി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഈ സഖ്യം പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുറപ്പിച്ചു. 159 സീറ്റ്. 22ല്‍ 21 ഇലക്ടറല്‍ ജില്ലകളിലും ആധിപത്യം. 1978ല്‍ രാജ്യത്ത് പ്രപോര്‍ഷനല്‍ റപ്രസന്റേഷന്‍ സംവിധാനം ആവിഷ്‌കരിച്ചതിന് ശേഷമുള്ള ഏറ്റവും ആധികാരികമായ വിജയം. 2010ല്‍ പുലികളെ കൊന്നുതള്ളിയതിന് പിറകെ ഗോതബായ രജപക്സെ സിംഹള വംശാഭിമാനം ജ്വലിപ്പിച്ച് നേടിയ വിജയത്തെപ്പോലും അപ്രസക്തമാക്കിയ ഉജ്ജ്വല മുന്നേറ്റം.

225 അംഗ പാര്‍ലിമെന്റില്‍ 22 ഇലക്ടറല്‍ ജില്ലകളില്‍ നിന്നായി 196 പേരെയാണ് ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നത്. ബാക്കി 29 സീറ്റ്, ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കും. നാല് വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് നേടിയത് 145 സീറ്റുകളായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ (എസ് ജെ ബി) 54 സീറ്റും തമിഴ് നാഷനല്‍ അലയന്‍സ് 10 സീറ്റും നേടി. ദിസ്സനായകെയുടെ എന്‍ പി പി നേടിയത് മൂന്ന് സീറ്റ് മാത്രം. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ദിസ്സനായകെ ദയനീയമായി തോല്‍ക്കുകയായിരുന്നുവെന്ന് കൂടി ഓര്‍ക്കണം. ശ്രീലങ്കന്‍ ജനത മാറ്റത്തിന് വേണ്ടി കൊതിച്ചിരുന്നുവെന്ന് വ്യക്തം. രജപക്സെമാരുടെ സ്വേച്ഛാധിപത്യ ഭരണം സൃഷ്ടിച്ച സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ ജനം സഹികെട്ടിരുന്നു. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ അധികാരമേറ്റ ഇടക്കാല സര്‍ക്കാറിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് പുതിയ പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന, പുതിയ നേതൃനിരയെ മുന്‍ നിര്‍ത്തുന്ന ഇടത് രാഷ്ട്രീയ സഖ്യത്തില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. ഇടത് സാമ്പത്തിക ചിന്തയില്‍ വിമോചന സാധ്യതയുണ്ടെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷ ചുമലിലേറ്റി പ്രസിഡന്റ് പദത്തിലേറിയ എ കെ ഡിക്ക് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജമാണ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തിലൂടെ കൈവന്നിരിക്കുന്നത്.

കുടുംബാധിപത്യത്തിനെതിരെ
മഹിന്ദ രജപക്സെയുടെയും ഗോതബായ രജപക്സെയുടെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി നടന്ന പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാണ് ദിസ്സനായകെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. രാജി സമര്‍പ്പിക്കാന്‍ പോലും കാത്തുനില്‍ക്കാതെ നാടുവിട്ടോടിയ രജപക്സെമാര്‍ അധികാര പ്രമത്തതയില്‍ കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ കയറി ആനന്ദ നൃത്തം ചവിട്ടുകയും പോലീസും പട്ടാളവും നോക്കി നില്‍ക്കെ കൊട്ടാരം സമ്പൂര്‍ണമായി കൊള്ളയടിക്കുകയും ചെയ്ത യുവാക്കള്‍ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനമാണ് എ കെ ഡിയെ പ്രസിഡന്റാക്കിയത്. എല്‍ ടി ടി ഇയെ ചോരയില്‍ മുക്കിക്കൊന്ന രജപക്സെയുടെ ക്രൗര്യം ഒരിക്കല്‍ നെഞ്ചേറ്റിയവരാണ് ശ്രലീങ്കന്‍ ജനത. പിന്നെ ബാലറ്റിലൂടെ തന്നെ രജപക്സെ കുടുംബത്തിന് തിരിച്ചടി നല്‍കി. സലഫി ഗ്രൂപ്പുകള്‍ ചര്‍ച്ച് ആക്രമിച്ചപ്പോള്‍ ഇസ്ലാമോഫോബിയയെന്ന രാഷ്ട്രീയ ആയുധം പുറത്തെടുക്കുകയും സിംഹള ഏകീകരണം സാധ്യമാക്കുകയും ചെയ്തതോടെ അധികാരം രജപക്സെയിലേക്ക് തന്നെ ചെന്നെത്തി. അതേ രജപക്സെമാരെ നാടുകടത്താന്‍ ആ ജനത ഒറ്റക്കെട്ടായാണ് തെരുവിലിറങ്ങിയത്. അതോടെ വര്‍ഗീയ വിഭജനം അസാധ്യമായി. തൊഴിലില്ലായ്മ, പട്ടിണി, ഇന്ധന ക്ഷാമം, വിദേശ കടഭാരം, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അവരുടെ മുന്നില്‍. അപ്പോള്‍ പിന്നെ സിംഹള ഭൂരിപക്ഷമെന്നോ തമിഴ്, മുസ്ലിം ന്യൂനപക്ഷമെന്നോ നോക്കാനുള്ള നേരം വോട്ടര്‍മാര്‍ക്കുണ്ടായിരുന്നില്ല.

അങ്ങനെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്പന്‍മാരെ വീഴ്ത്താന്‍ എ കെ ഡിക്ക് സാധിച്ചത്. രജപക്സെ നാടുവിട്ടപ്പോള്‍ ഇടക്കാല പ്രസിഡന്റായ റനില്‍ വിക്രമ സിംഗെയും (യു എന്‍ പി), പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുമായിരുന്നു പ്രധാന എതിരാളികള്‍. റനില്‍ മുന്നോട്ട് വെച്ചത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതികളും മുസ്ലിം, തമിഴ് ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളലും തന്നെയായിരുന്നു. പക്ഷേ, ജനങ്ങള്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുത്തില്ല. രജപക്സെ കുടുംബത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ റനിലിനെ കണ്ടത്. സജിത് പ്രേമദാസക്കും റനിലിനുമായി മധ്യവയസ്‌കരുടെയും മുതിര്‍ന്നവരുടെയും വോട്ടുകള്‍ ചിതറിയപ്പോള്‍ അഭ്യസ്തവിദ്യരും ചെറുപ്പക്കാരും എ കെ ഡിക്കൊപ്പം നിലയുറപ്പിച്ചു. ദിസ്സനായകെയെ അന്ന് ജയിപ്പിച്ച അതേ വികാരമാണ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചത്. സിംഹളാധിപത്യ രാഷ്ട്രീയത്തില്‍ നിന്ന് മതേതര, ജനകീയ രാഷ്ട്രീയത്തിലേക്കുള്ള സഞ്ചാരം.

പ്രതീക്ഷ കാക്കുമോ?
ജനകീയ ബദലിന് വോട്ട് ചെയ്തവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പാകത്തില്‍ ഭരണപരമായ പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ദിസ്സനായകെക്കും അദ്ദേഹത്തിന്റെ സഖ്യത്തിനും സാധിക്കുമോയെന്നതാണ് ചോദ്യം. കടമെടുക്കുക, ചെലവഴിക്കുക എന്നതായിരുന്നു രണ്ട് ദശകമായി ശ്രീലങ്കന്‍ ഭരണാധികാരികളുടെ സാമ്പത്തിക നയം. ഹമ്പന്‍തോട്ട പോലുള്ള വമ്പന്‍ പദ്ധതികളിലായിരുന്നു അവര്‍ക്ക് താത്പര്യം. ഇന്ത്യക്കും ചൈനക്കുമിടയില്‍ അലയുകയായിരുന്നു അവരുടെ അയല്‍ നയം. ഇതിനെല്ലാം ബദലുണ്ടാക്കാന്‍ എ കെ ഡിക്ക് സാധിക്കണം. പക്ഷേ, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ വി പിയെ ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി നിരീക്ഷകര്‍ കാണുന്നില്ല എന്നതാണ് സത്യം. ബുദ്ധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും സിംഹള വംശാഭിമാന ഗീതങ്ങള്‍ ഉരുവിട്ട ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ബുദ്ധ മേധാവിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയുമാണ് എ കെ ഡി ഭരണസാരഥ്യത്തിലേക്ക് കയറിയത്. സ്വയം മാര്‍ക്‌സിസ്റ്റ് എന്ന് വിളിക്കുന്നുവെങ്കിലും സിംഹള ദേശീയ പാര്‍ട്ടിയായാണ് ശ്രീലങ്കന്‍ രാഷ്ട്രീയ വിദഗ്ധരെല്ലാം ജെ വി പിയെ അടയാളപ്പെടുത്തുന്നത്. എല്‍ ടി ടി ഇയുമായുള്ള സംഘര്‍ഷത്തില്‍ ഈ പാര്‍ട്ടി സിംഹള ഭൂരിപക്ഷത്തിനൊപ്പമായിരുന്നു.

പ്രത്യയശാസ്ത്ര ശാഠ്യങ്ങളിലേക്ക് ദിസ്സനായകെ നീങ്ങില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ പലതും വ്യക്തമാക്കുന്നത്. ഐ എം എഫ് സഹായം വേണ്ടെന്നുവെക്കില്ലെന്ന് എ കെ ഡി പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനീസ് മൂലധനത്തെ ആശ്രയിക്കുകയെന്ന എളുപ്പ വഴി അദ്ദേഹം സ്വീകരിക്കാനിടയില്ല.

ഇന്ത്യയോടെങ്ങനെ
ഇന്ത്യാവിരുദ്ധ ക്യാമ്പയിനുകളില്‍ സജീവമായിരുന്നു ദിസ്സനാകെയുടെ യുവത്വം. 1987ലെ ഇന്ത്യ- ലങ്ക ഉടമ്പടിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ജെ ആര്‍ ജയവര്‍ധനെയും ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഒപ്പുവെച്ച കരാറാണിത്. എല്‍ ടി ടി ഇയും ശ്രീലങ്കന്‍ സേനയും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിനിടെ നടന്ന യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യത്തിനും എതിരായിരുന്നു ദിസ്സനായകെ. ഭരണസാരഥ്യത്തിലേറിയ എ കെ ഡി ഈ ഇന്ത്യാവിരുദ്ധത അതേ അളവില്‍ തുടരുമെന്ന് തോന്നുന്നില്ല. മേഖലയിലെ പ്രധാന ശക്തിയും ബ്രിക്സിലെ സജീവ അംഗവുമായ ഇന്ത്യയെ പിണക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കും. ശ്രീലങ്കയുടെ കടലും കരയും വ്യോമാതിര്‍ത്തിയും ഇന്ത്യക്കും പ്രാദേശിക സ്ഥിരതക്കും ഭീഷണിയായ രീതിയില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ദിസ്സനായകെ ഈയിടെ നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഒക്ടോബറില്‍ ശ്രീലങ്കയിലെത്തിയിരുന്നു. രാഷ്ട്ര സാരഥ്യം ഏറ്റെടുത്ത ദിസ്സനായകെയുമായി ചര്‍ച്ചക്കെത്തിയ ആദ്യ വിദേശ പ്രതിനിധിയാണ് ജയ്ശങ്കര്‍. തങ്ങളുടെ സ്വാഭാവിക സുഹൃത്തായ ശ്രീലങ്കയെ ചൈനക്ക് വിട്ടുകൊടുക്കാന്‍ ഇന്ത്യ തയ്യാറാകില്ല.

സുസ്ഥിര സര്‍ക്കാറിനുള്ള മാന്‍ഡേറ്റാണ് ശ്രീലങ്കന്‍ ജനത നല്‍കിയിരിക്കുന്നത്. എന്നാല്‍ എ കെ ഡിക്ക് മുമ്പോട്ടുള്ള വഴി ഒട്ടും പൂവിരിച്ചതല്ല. സാമ്പത്തിക വളര്‍ച്ച തിരിച്ചു പിടിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. പണപ്പെരുപ്പ നിരക്ക് പിടിച്ചു കെട്ടണം. 2023 മാര്‍ച്ചില്‍ ഐ എം എഫ് പാസ്സാക്കിയ 2.9 ബില്യണ്‍ ഡോളറിന്റെ രക്ഷാ പാക്കേജ് പൂര്‍ണമായി കിട്ടണമെങ്കില്‍ നികുതി നയത്തിലടക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത് ജനവിരുദ്ധമാകുമെന്നുറപ്പാണ്. ഐ എം എഫിനെ അനുനയിപ്പിക്കാന്‍ സാധിക്കണം. ചൈനയുമായുള്ള വായ്പ പുനഃക്രമീകരിക്കുകയെന്ന വെല്ലുവിളിയുമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ വേറെയും. ഈ ബദല്‍ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദിസ്സനായകെക്ക് സാധിച്ചാല്‍ ഈ ഭരണത്തെ അക്ഷരം തെറ്റാതെ വിളിക്കാം- ഇതാ ഇടതുപക്ഷം.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്