Connect with us

Narendra Modi

സഖ്യകക്ഷികള്‍ കളം മാറുമോ; ആശങ്കക്കിടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മോദിയുടെ നീക്കം

എന്‍ ഡി എയുടെ നിര്‍ണായക യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | സഖ്യകക്ഷികള്‍ കളം മാറുമോ എന്ന ആശങ്കക്കിടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. നിധീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവച്ചേക്കാവുന്ന എല്ലാ വ്യവസ്ഥകള്‍ക്കും കീഴടങ്ങിക്കൊണ്ടുതന്നെയുള്ള സര്‍ക്കാര്‍ രൂപീകരണ നീക്കമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

എന്‍ ഡി എയുടെ നിര്‍ണായക യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കും. മന്ത്രിസഭ രൂപീകരണത്തിനിടെ നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ ബിജെപിക്ക് ആശങ്കയുണ്ട്. ബി ജെ പി നേതാക്കള്‍ നിധീഷുമായി ചര്‍ച്ച നടത്തുന്നതിനിടെ ഇന്ത്യാ സഖ്യ നേതാക്കളും ആശയ വിനിമയം തുടരുന്നുണ്ട്.

ഇന്ന് നടക്കുന്ന എന്‍ ഡി എ യോഗത്തില്‍ നിതീഷ് പങ്കെടുക്കുമെന്നത് ബി ജെ പിക്ക് ആശ്വാസം പകരും. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഏഴു സ്വതന്ത്രര്‍ എന്‍ ഡി എയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചത് ബി ജെ പിക്ക് പ്രതീക്ഷ പകരുന്നു.

എന്‍ ഡി എ സഖ്യകക്ഷികളെ കളം മാറ്റാനുള്ള നീക്കങ്ങള്‍ ഇന്ത്യാ സഖ്യം ശക്തമായി നടത്തുന്നുണ്ട്. ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരുന്നുണ്ട്. വൈകിട്ട് ആറിന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന നിര്‍ണായക യോഗത്തില്‍ എന്‍ ഡി എയുടെ ഭാഗമായ ജെ ഡി യു, ടി ഡി പി പാര്‍ട്ടികളുമായുള്ള ആശയ വിനിമയത്തെ കുറിച്ചുള്ള വിശകലനം ഉണ്ടാവും.

ഇന്ത്യാ സഖ്യ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ മമത ബാനര്‍ജി സഹകരിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുകയാണ്. വിജയത്തില്‍ രാഹുല്‍ ഗാന്ധിയെ മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചു. ബി ജെ പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം എന്ന പ്രതീക്ഷ നഷ്ടമായതോടെ എന്‍ ഡി എ ഘടകക്ഷികള്‍ പരമാവധി വിലപേശലുമായി രംഗത്തുവരുമെന്നുറപ്പാണ്. രണ്ടു മോദി സര്‍ക്കാര്‍ തുടര്‍ന്ന ഹിന്ദുത്വ രാഷ്ട്രീയ നീക്കങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം എന്നതാണ് ആര്‍ എസ് എസ് ആഗ്രഹം. സ്വന്തം നിലയില്‍ ഭൂരിപക്ഷമില്ലെങ്കിലും ഭരണത്തുടര്‍ച്ചയുണ്ടുയിട്ടില്ലെങ്കില്‍ മോദി കെട്ടിപ്പൊക്കിയ ഹിന്ദുരാഷ്ട്ര നീക്കങ്ങള്‍ പാടെ തകര്‍ന്നുപോകുമെന്ന ആശങ്കയാണ് ആര്‍ എസ് എസ് മുന്നോട്ടു വയ്ക്കുന്നത്. അതിനാല്‍ ഘടക കക്ഷികള്‍ക്കു മുമ്പില്‍ ഏതുവിധേനെയും കീഴടങ്ങി ഭരണത്തില്‍ തുടരണമെന്ന നിര്‍ദ്ദേശമാണ് ആര്‍ എസ് എസ് മോദിക്കു നല്‍കുക എന്നാണ് വിശകലനം ചെയ്യപ്പെടുന്നത്.

240 സീറ്റുകളാണ് ബി ജെ പിക്ക് തനിച്ചു ലഭിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകളാണ് നേടിയത്. യുപിയിലും മഹാരാഷ്ട്രയിലും ബംഗാളിലും എന്‍ ഡി എക്ക് തിരിച്ചടിയേറ്റു. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായി. രാജ്യം ഹിന്ദുത്വ നീക്കങ്ങള്‍ക്കെതിരായി ചിന്തിക്കുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്.

400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടി ആര്‍ എസ് എസിനേയും ഞെട്ടിച്ചിട്ടുണ്ട്. 2014ലും, 2019ലും കേവല ഭൂരിപക്ഷത്തിനപ്പുറവും സീറ്റ് നേടി വിശ്വഗുരുപട്ടം നേടിയ മോദി ഏറെ ദുര്‍ബലമായി. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ കഴിയാതിരുന്നത് ബി ജെ പിയെ ഏറെ ദുര്‍ബലമാക്കും.

സ്വന്തം നിലയില്‍ നാനൂറ് ലക്ഷ്യമിട്ടെങ്കിലും സഖ്യത്തെപോലും മുന്നൂറ് കടത്താന്‍ കഴിഞ്ഞില്ലെന്നത് മോദിയുടെ പ്രതിച്ഛായക്കേറ്റ തിരിച്ചടിയായാണ് പാര്‍ട്ടിയും വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 4,79,000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ ഇടിഞ്ഞതോടെ മോദി മുന്നോട്ടു വച്ച വര്‍ഗീയ ആശയങ്ങളെ രാജ്യം തള്ളുന്നുവെന്ന വ്യക്തമായ സന്ദേശമാണു നല്‍കിയത്.

തെക്കേ ഇന്ത്യയില്‍ വന്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള മോദിയുടെ നീക്കവും പാളി.നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന, ചിരാഗ് പാസ്വാന്റെ എല്‍ ജെ പി എന്നീ പാര്‍ട്ടികളുടെ സഹായത്തോടെ മാത്രമേ മോദിക്ക് ഇനി മുന്നോട്ടു പോവാന്‍ കഴിയൂ. ഈ നേതാക്കള്‍ ഏതു ഘട്ടത്തിലും ഇന്ത്യസഖ്യത്തിലേക്ക് കൂറുമാറാന്‍ സാധ്യതയുള്ളവരാണ്. ഞാണിന്‍മേല്‍ കളിയായിരിക്കും ഇത്തവണ മോദിയുടെ സര്‍ക്കാര്‍ എന്നുറപ്പായിക്കഴിഞ്ഞു. ഇതോടെ ഹിന്ദുത്വ വര്‍ഗീയ നീക്കങ്ങള്‍ പരണത്ത് വച്ച് കീഴടങ്ങുന്ന വിശ്വഗുരുവിനെയാവും ഇനി ലോകത്തിനു ദര്‍ശിക്കാനാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest