Articles
പഞ്ചാബില്‍ അങ്കമാര് ജയിക്കും?
ജാതി, സമുദായ സമവാക്യങ്ങളും കര്‍ഷക വോട്ടുകളുമാണ് പഞ്ചാബില്‍ നിര്‍ണായകമാകുക. സംസ്ഥാനത്ത് ഒ ബി സി ജനസംഖ്യക്ക് സമാനമാണ് ദളിത് ജനസംഖ്യ. ഇന്ത്യയിലെ ഏറ്റവും വലിയ ദളിത് വോട്ട് ബേങ്കാണ് പഞ്ചാബിലേത്. ഇത്തവണ ആപ്പ് ഒഴികെയുള്ള എല്ലാ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടുകളിലും വലിയ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പഞ്ചാബ് ഫോട്ടോ ഫിനിഷിലാകും മത്സരം അവസാനിക്കുക.
അടുത്ത മാസം ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങള്‍ക്കൊപ്പം പഞ്ചാബിലും അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ്സിന് അനായാസം അധികാരം നിലനിര്‍ത്താന്‍ കഴിയുമായിരുന്ന ഏക സംസ്ഥാനമായിരുന്നു പഞ്ചാബ്. ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് പാര്‍ട്ടി വിട്ടതും തുടര്‍ന്നുണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ സംഭവങ്ങളും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനെ സസ്പെന്‍സ് നിലനിര്‍ത്തുന്ന രാഷ്ട്രീയ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഇപ്പോള്‍ അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ് എന്നതും ഈ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കി നിര്‍ത്തുന്ന മറ്റൊരു ഘടകമാണ്.
2017ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഗോവ എന്നീ നാല് സംസ്ഥാനങ്ങളില്‍ മോദി തരംഗത്തില്‍ വലിയ നേട്ടമുണ്ടാക്കാനും ഭരിക്കാന്‍ വേണ്ടത്ര സീറ്റില്ലാതിരുന്നിട്ടും മണിപ്പൂരിലും ഗോവയിലുമൊക്കെ സര്‍ക്കാര്‍ രൂപവത്കരിക്കാനും ബി ജെ പിക്ക് കഴിഞ്ഞിരുന്നു. പക്ഷേ അന്ന് ബി ജെ പിയെ നിലം തൊടാതെ നിര്‍ത്തിയത് പഞ്ചാബ് മാത്രമായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതെ അകാലിദള്‍-ബി ജെ പി സഖ്യം തകര്‍ന്നടിയുകയായിരുന്നു. ബി ജെ പിയുടെ അംഗബലം 2012ലെ പന്ത്രണ്ട് സീറ്റില്‍ നിന്ന് മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങിയ ദയനീയതക്കാണ് അന്ന് പഞ്ചാബ് സാക്ഷിയായത്.
ഭരണത്തിലേറി ആദ്യ മാസങ്ങളില്‍ തന്നെ മികവുറ്റ ഭരണം കാഴ്ചവെച്ച് ജനങ്ങളുടെ പ്രതീക്ഷയെ ശരിവെക്കുന്ന തരത്തിലായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൊവിഡും കര്‍ഷക സമരവും വരുന്നത് വരെ സംസ്ഥാന ഭരണം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയാണ് അമരീന്ദറിന്റെ ശത്രുക്കള്‍ക്ക് വാളെടുക്കാന്‍ ആദ്യ അവസരം നല്‍കിയത്. കര്‍ഷക സമരം പഞ്ചാബിനെ പിടിച്ചുലക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ഷകരോട് ഡല്‍ഹിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതും വലിയ വിവാദമായി മാറി. അമരീന്ദറുമായുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്ന് 2019ല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് അവസരം കാത്തിരുന്ന പഞ്ചാബ് കോണ്‍ഗ്രസ്സിലെ രണ്ടാമനും പി സി സി അധ്യക്ഷനുമായ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു ആദ്യ സിക്സറടിച്ചതും അമരീന്ദറിന്റെ അവസാന ഓവറിലെ ഈ രണ്ട് നോ ബോളുകളിലായിരുന്നു. മാത്രമല്ല തൊട്ടടുത്ത ഇന്നിംഗ്സില്‍ തന്നെ അമരീന്ദറിനെ ടീമില്‍ നിന്ന് പുറത്താക്കി പകരം മുഖ്യമന്ത്രിയായി തന്റെ ഇഷ്ടക്കാരനും ദളിതനുമായ ചരണ്‍ജിത്ത് സിംഗ് ഛന്നിയെ പ്രതിഷ്ഠിച്ചു കൊണ്ട് ആ ഇന്നിംഗ്സ് സിദ്ദു തന്ത്രപരമായി സ്വന്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് ഇതാ ഒരു ദളിതനെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു എന്നതായിരുന്നു വിഭാഗീയതയുടെ പൊട്ടലും ചീറ്റലും പുറത്തു വരാതിരിക്കാന്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ പ്രധാന പ്രചാരണം. പഞ്ചാബിന്റെ ചുമതലയുണ്ടായിരുന്ന പാര്‍ട്ടി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് വിഭാഗീയ പ്രശ്നത്തില്‍ പക്ഷം പിടിച്ചതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. പ്രശ്നത്തെ പരിഹരിക്കാന്‍ ശ്രമിക്കാതെ പ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ശ്രമം എന്ന നിലയിലാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡില്‍ നിന്നുള്ള കമാന്‍ഡുകള്‍ വന്നത്. ഇതോടെ പഞ്ചാബിലെ പാര്‍ട്ടി സംവിധാനം പാടെ ദുര്‍ബലപ്പെടുകയായിരുന്നു. താന്‍ അവഗണിക്കപ്പെട്ടു എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞായിരുന്നു അമരീന്ദറിന്റെ രാജി. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമായിരുന്നിട്ടും ഈ അധികാരത്തര്‍ക്കത്തില്‍ ഏകപക്ഷീയമായ നിലപാടെടുത്ത കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡാണ് ഇപ്പോള്‍ പഞ്ചാബിനെ നൂലില്‍ കെട്ടി നിര്‍ത്തിയതിന് പ്രധാന ഉത്തരവാദി. 79 വയസ്സായ അമരീന്ദറില്‍ നിന്ന് ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും എന്നാല്‍ 58കാരനായ സിദ്ദുവില്‍ നിന്ന് പാര്‍ട്ടിക്ക് ഒരുപാട് കിട്ടിയേക്കാമെന്നുമുള്ള തെറ്റായ ഉപദേശമായിരിക്കാം ഒരു പക്ഷേ വെറ്ററനായ അമരീന്ദറിനെ അവഗണിച്ചു കൊണ്ട് താരതമ്യേന ചെറുപ്പക്കാരനായ സിദ്ദുവിന്റെ പക്ഷം ചേരാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
പ്രശ്നങ്ങള്‍ കെട്ടടങ്ങി എന്ന് തോന്നിയിടത്തു നിന്നാണ് പുതിയ മുഖ്യമന്ത്രി തന്നോട് കൂടിയാലോചന നടത്തുന്നില്ലെന്ന് ആരോപിച്ച് പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ദു രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാജി സ്വീകരിക്കാതിരുന്നതോടെ സമ്മര്‍ദത്തിലായ സിദ്ദുവിന് തത്്സ്ഥാനത്ത് തുടരേണ്ടിയും വന്നു. പക്ഷേ, അമരീന്ദര്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസ്സ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇനി അങ്ങനെ സംഭവിച്ചാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ബി ജെ പിക്കൊപ്പം സഖ്യം ചേരുമെന്നും കരുതിയിരിക്കില്ല. ആ കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ പോയി അമിത് ഷായെ കാണുന്നതും പിന്നീട് പഞ്ചാബ് ലോക് കോണ്‍ഗ്രസ്സ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് അടുത്ത ഇന്നിംഗ്സ് ആരംഭിക്കുന്നതും. ഇതോടെയാണ് കോണ്‍ഗ്രസ്സ് തങ്ങളുടെ ശരിക്കുള്ള അബദ്ധം തിരിച്ചറിയുന്നത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത സിദ്ദുവും ചരണ്‍ജിത്ത് സിംഗ് ഛന്നിയും തമ്മിലായി മാറിയപ്പോള്‍ പാര്‍ട്ടിക്ക് പുറത്ത് അമരീന്ദര്‍ സിംഗ് വലിയ വെല്ലുവിളിയാകുകയും ചെയ്തു.
ഇതുവരെ പഞ്ചാബിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവും എന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് നിലപാട് പറഞ്ഞിട്ടില്ല. എന്നിരുന്നാലും ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ ചരണ്‍ജിത്ത് സിംഗ് ഛന്നി സാമാന്യം നല്ല മേല്‍വിലാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഛന്നി താത്കാലിക മുഖ്യമന്ത്രി മാത്രമാകും എന്നാണ് സിദ്ദു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ തന്നെ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്തതോടെ സിദ്ദുവിന് ഒരുപക്ഷേ ഇനിയും ബെഞ്ചിലിരിക്കേണ്ടി വരും.
നിലവില്‍ 117 അംഗ സഭയില്‍ 79 സീറ്റ് കോണ്‍ഗ്രസ്സിനൊപ്പമാണ്. രണ്ടാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടിക്ക് പന്ത്രണ്ടും ശിരോമണി അകാലിദളിന് പതിമൂന്നും സീറ്റുകളാണുള്ളത്. അഞ്ച് അംഗങ്ങള്‍ മാത്രമുള്ള ബി ജെ പി നിലവില്‍ ചിത്രത്തിലില്ല എന്ന് തന്നെ പറയാം. കര്‍ഷക സമരം കൂടി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ ബി ജെ പിക്ക് കാര്യമായ പുരോഗതിയുണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ, രണ്ട് തവണ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗ് സംസ്ഥാനത്ത് ഏറെ ജനസമ്മതിയും കരിഷ്മയുമുള്ള നേതാവാണ്. തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്കൊപ്പമാണ് അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ്സുള്ളത് എന്നത് എന്‍ ഡി എക്ക് ചെറിയ പ്രതീക്ഷയാണ്. കര്‍ഷക ബില്ലിനെ ചൊല്ലി എന്‍ ഡി എ സഖ്യത്തില്‍ നിന്ന് പുറത്തുവന്ന പ്രകാശ് സിംഗ് ബാദലിന്റെ ശിരോമണി അകാലിദളും ബി എസ് പിയും മത്സരത്തിന് കൊഴുപ്പ് കൂട്ടുന്നുണ്ട്. 2017ല്‍ കോണ്‍ഗ്രസ്സിന് പിന്നില്‍ 25 ശതമാനം വോട്ട് നേടിയ ശിരോമണി അകാലിദള്‍ ആറ് തവണ പഞ്ചാബ് ഭരിച്ച സിഖ് പാര്‍ട്ടിയാണ്. അതേസമയം കോണ്‍ഗ്രസ്സ് ഒറ്റക്കാണ് മത്സരിക്കുന്നത്. ഒറ്റക്ക് മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ഇരു പക്ഷത്തിനും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഒരു ചതുഷ്‌കോണ മത്സരത്തിനാണ് പഞ്ചാബില്‍ ഇത്തവണ അരങ്ങൊരുങ്ങുന്നത്.
അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആം ആദ്മിക്കൊപ്പമാണ്. ഡല്‍ഹി കഴിഞ്ഞാല്‍ ആം ആദ്മിക്ക് മികച്ച സംഘടനാ സംവിധാനമുള്ള സംസ്ഥാനം കൂടിയാണ് പഞ്ചാബ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 23.8 ശതമാനം വോട്ട് വിഹിതത്തോടെ 20 സീറ്റുകള്‍ വരെ അവര്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും എ എ പി വലിയ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ടെലി വോട്ടിംഗ് നടത്തി തിരഞ്ഞെടുത്ത കെജ്രിവാള്‍ ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു രീതി കൂടി തിരഞ്ഞെടുപ്പ് രംഗത്ത് പരീക്ഷിച്ചിരിക്കുകയാണ്.
ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന ഇമേജുമായാണ് ഭഗവന്ത് മാനിനെ കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇത് യുവജനങ്ങള്‍ക്കിടയില്‍ വലിയ ഓളമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. എന്നാല്‍ ഇതിനിടെ കെജ്രിവാളില്‍ ഏകാധിപത്യ സ്വഭാവം ആരോപിച്ച് എ എ പിയുടെ ഫിറോസ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി ആഷു ബാംഗര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സ് പാളയത്തിലെത്തിയത് എ എ പിക്ക് പാരയായിരിക്കുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് ആഷുവിന്റെ രാജി. പാര്‍ട്ടി ഒരു സ്വകാര്യ കുത്തക കമ്പനി പോലെ പ്രവര്‍ത്തിക്കുകയാണെന്നാണ് ആഷുവിന്റെ പ്രധാന ആരോപണം. കഴിഞ്ഞ നവംബറില്‍ പാര്‍ട്ടിയുടെ തന്നെ എം എല്‍ എ ആയിരുന്ന രൂപീന്ദര്‍ കൗര്‍ റൂബിയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇത് ആപ്പ് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കും.
കര്‍ഷക സമരം ഏറ്റവും വലിയ ഇഫക്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള സംസ്ഥാനം കൂടിയാണ് പഞ്ചാബ്. 80 ശതമാനത്തിലധികം ഭൂപ്രദേശം കൃഷി ഭൂമിയാണ്. ആ നിലക്ക് കര്‍ഷക വോട്ടുകള്‍ നിര്‍ണായകമാണ്.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ കൂട്ടിയിണക്കി കര്‍ഷക ബില്ലിനെതിരെ പ്രതിഷേധം നയിച്ചിരുന്നവരില്‍ പ്രധാനികളായിരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രമുഖ നേതാക്കളായ ഗുര്‍നാം സിംഗ് ചാദുനിയും ബല്‍ബീര്‍ സിംഗ് രജേവാളും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. 117 സീറ്റിലും ഇവര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംയുക്ത സമാജ് മോര്‍ച്ച, സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്നീ പേരുകളിലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ച് ഇവര്‍ ഒരു സഖ്യമായി മത്സരിക്കുന്നത്.
കോണ്‍ഗ്രസ്സിനും ശിരോമണി അകാലിദളിനും ഇവിടെ പരമ്പരാഗത വോട്ട് ബേങ്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഉറച്ച വോട്ടുകളില്‍ ഇത്തവണ വലിയ ചോര്‍ച്ചയുണ്ടാകും. കൂടാതെ ജാതി, സമുദായ സമവാക്യങ്ങളും കര്‍ഷക വോട്ടുകളുമാണ് പഞ്ചാബില്‍ നിര്‍ണായകമാകുക. സംസ്ഥാനത്ത് ഒ ബി സി ജനസംഖ്യക്ക് സമാനമാണ് ദളിത് ജനസംഖ്യ.
ഇന്ത്യയിലെ ഏറ്റവും വലിയ ദളിത് വോട്ട് ബേങ്കാണ് പഞ്ചാബിലേത്. രാംദാസിയ സിഖ് സമുദായാംഗമായ ഛന്നിയെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയാക്കിയത് പോലും സംസ്ഥാനത്ത് 32 ശതമാനം വരുന്ന ദളിത് വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് നിരീക്ഷണം. മാത്രമല്ല ഇവിടെ 58 ശതമാനത്തിലധികം സിഖ് സമുദായ വോട്ടുകളുണ്ട്. അതില്‍ തന്നെ സിഖ്-ജാട്ട് വോട്ടുകള്‍ 21 ശതമാനം വരുന്നുണ്ട്. ഇത്തവണ ആപ്പ് ഒഴികെയുള്ള എല്ലാ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടുകളിലും വലിയ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പഞ്ചാബ് ഫോട്ടോ ഫിനിഷിലാകും മത്സരം അവസാനിക്കുക.