defence
യു എസിൽ നിന്ന് ഡ്രോൺ വാങ്ങും; 21,000 കോടി രൂപയുടെ കരാർ
മുപ്പത് ഡ്രോൺ വാങ്ങും. ലഭ്യമാകുക രണ്ട് ഘട്ടങ്ങളിലായി. ഉന്നതതല യോഗത്തിൽ അംഗീകാരം
ന്യൂഡൽഹി | അമേരിക്കൻ നിർമിതമായ അത്യന്താധുനിക നിരീക്ഷണ ഡ്രോണുകൾ വാങ്ങാൻ നരേന്ദ്ര മോദി സർക്കാർ. 30 യു എസ് പ്രഡേറ്റർ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുക. ഇതിനായി 21,000 കോടി രൂപ ചെലവിടും. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം ഈ നിർദേശത്തിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ കൂറ്റൻ പ്രതിരോധ ഇടപാടുമായി സർക്കാർ മുന്നോട്ട് പോകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ (ഡി എ സി) അംഗീകാരവും നേടേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റിയാകും അന്തിമ അനുമതി നൽകുക.
കഴിഞ്ഞ വർഷം കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള സംഘർഷാവസ്ഥ അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കാൻ യു എസിന്റെ രണ്ട് സീ ഗാർഡിയൻ പ്രഡേറ്റർ ഡ്രോണുകൾ ഇന്ത്യ കരാർ അടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. ആയുധങ്ങൾ ഘടിപ്പിക്കാൻ സാധിക്കാത്തതായിരുന്നു ഇവ. പുതുതായി വാങ്ങുന്ന ഡ്രോണുകൾ ആയുധങ്ങൾ ഘടിപ്പിക്കാവുന്നതായിരിക്കും. 30 എം ക്യു 9 എ പ്രഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഡി എ സിയുടെ അനുമതി തേടാൻ പോകുന്നുവെന്നും കര, നാവിക, വ്യോമ വിഭാഗത്തിന് പത്ത് വീതം ഹെൽ- ഫയർ മിസൈൽ ഫയറിംഗ് ഡ്രോണുകൾ ലഭ്യമാക്കുമെന്നും വാർത്താ ഏജൻസി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിവരം ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇന്നലത്തെ യോഗത്തിൽ നിന്ന് വരുന്നത്.
രണ്ട് ഘട്ടങ്ങളിലായാകും പ്രഡേറ്റർ ഡ്രോണുകൾ ലഭ്യമാകുകയെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചന നൽകി. ആദ്യ ഘട്ടത്തിൽ ആറ് സായുധ ഡ്രോണുകൾ വാങ്ങും. ഇതിന് അറുനൂറ് മില്യൺ ഡോളർ (4,400 കോടി രൂപ) ചെലവ് വരും. കരാർ ഒപ്പുവെച്ച് മാസങ്ങൾക്കകം ഇത് ലഭ്യമാകും. ശേഷിക്കുന്ന 24 ഡ്രോണുകൾ മൂന്ന് വർഷത്തിനകമാകും വാങ്ങുക. സർക്കാറുകൾ തമ്മിലുള്ള ഇടപാടായിരിക്കും ഇവ. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ ഇന്ത്യക്ക് ആയുധശേഷിയില്ലാത്ത ഡ്രോണുകൾ നൽകാമെന്ന് യു എസ് വാഗ്‌ദാനം ചെയ്തിരുന്നു. 2018ൽ അന്നത്തെ യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് സായുധ ഡ്രോൺ ഇടപാടിനുള്ള വാതിലും തുറന്നു.
ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈനീസ് മുങ്ങിക്കപ്പലുകൾ കടന്നുകയറുന്നത് കണ്ടെത്താൻ യു എസ് ഡ്രോണുകൾക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.