Kerala
സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും സംസാരിക്കും, ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കും: പി.കെ കുഞ്ഞാലിക്കുട്ടി
അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട്| ജനകീയ സമരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങള്‍ ഉണ്ടാക്കി അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്തു. അവര്‍ക്കെതിരെ ഇല്ലാകഥകള്‍ ഉണ്ടാക്കിയാണ് കേസ് എടുത്തത്. ഇപ്പോള്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ല. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍മിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്.