mv govindan master
ടോള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യും ബ്രൂവറിയില്‍ പിന്നോട്ടില്ല; എം വി ഗോവിന്ദന്‍
ടോളിനോട് പൊതുവെ അനുകൂല സമീപനം ഇടതുപക്ഷത്തിനില്ല
![](https://assets.sirajlive.com/2024/01/mv-govindan-897x538.jpg)
തിരുവനന്തപുരം | കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍, പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണശാല അനുമതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ടോളിനോട് പൊതുവെ അനുകൂല സമീപനം ഇടതുപക്ഷത്തിനില്ല. കിഫ്ബി ഒരു പ്രത്യേക പദ്ധതിയാണ്. 90,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കടം വീട്ടിത്തീര്‍ക്കാന്‍ കിഫ്ബിക്ക് കൃത്യമായ പദ്ധതികള്‍ വേണമെന്നും അത് ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നുമാണ് സി പി എം പറയുന്നത്.
മദ്യ നിര്‍മ്മാണ ശാലക്കുള്ള നിര്‍മ്മാണ അനുമതിയില്‍ റവന്യു ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് സി പി ഐ എതിര്‍പ്പായി കാണുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നാല് ഏക്കറിലെ നിര്‍മ്മാണ അനുമതി മാത്രമാണ് തടഞ്ഞത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറയുന്നു.