Connect with us

Kerala

മാന്യമായ പുനരധിവാസം ഉറപ്പാക്കും; തീരദേശ ഹൈവേക്കായി പ്രത്യേക പാക്കേജ് : മന്ത്രി പി എ മുഹമ്മദ് റിയാസ്

ആകെ 52 സ്ട്രെച്ചുകളിലായി 623 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക

Published

|

Last Updated

തിരുവനന്തപുരം |  തീരദേശ ഹൈവേക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനു പ്രത്യേക പുനരധിവാസ പാക്കേജ് തയാറാക്കിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാന്യമായ പുനരധിവാസം ഉറപ്പാക്കുന്നതാണ് പാക്കേജെന്നും മന്ത്രി വ്യക്തമാക്കി. തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. സമഗ്രമായ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്.തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

ഉടമസ്ഥാവകാശ രേഖകള്‍ ഉള്ളവര്‍ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ടവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോള്‍ കെട്ടിടത്തിനു കണക്കാക്കുന്ന തുകയില്‍നിന്ന് ഡിപ്രീസിയേഷന്‍ മൂല്യം കിഴിച്ച്, സൊളേഷ്യം നല്‍കി, ഡിപ്രീസിയേഷന്‍ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നല്‍കും. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്കു 2013ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നല്‍കും. അതോടൊപ്പം പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് 600 ചതുരശ്ര അടി ഫ്‌ലാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമോ നല്‍കും.

ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഡിപ്രീസിയേഷന്‍ മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണു നഷ്ടപരിഹാരമായി നല്‍കുക.

ആകെ 52 സ്ട്രെച്ചുകളിലായി 623 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പ്രവൃത്തി നടത്തുന്നത്. 24 സ്‌ട്രെച്ചുകളിലായി 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ആകെ 12 ഇടങ്ങളില്‍ പ്രത്യേക ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. സൈക്കിള്‍ ട്രാക്ക്, ചാര്‍ജിങ് സ്റ്റേഷനുകള്‍, റസ്റ്ററന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും.

Latest