Connect with us

Articles

ഈ ഗുരുതര മുറിവുകള്‍ ഫെഡറലിസം അതിജയിക്കുമോ?

ഭരണഘടന നിലവില്‍ വന്ന് 72 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, യൂനിയനില്‍ നിലവിലുള്ള ഫെഡറല്‍ ഭരണക്രമത്തിന്റെ ഭാവി സംബന്ധിച്ച് ഗൗരവമുള്ള പല ചോദ്യങ്ങളും ഉയരുന്നുണ്ട്. 2014ല്‍ ലോക്‌സഭയില്‍ ഭൂരിപക്ഷം നേടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വരികയും 2019ല്‍ അധികാരം നിലനിര്‍ത്തുകയും ചെയ്തതോടെ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പരിമിതപ്പെടുത്താന്‍ വലിയ തോതിലുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് ആക്ഷേപം.

Published

|

Last Updated

ഇന്ത്യന്‍ യൂനിയന്റെ ഭരണഘടന നിലവില്‍ വന്ന് 72 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, യൂനിയനില്‍ നിലവിലുള്ള ഫെഡറല്‍ ഭരണക്രമത്തിന്റെ ഭാവി സംബന്ധിച്ച് ഗൗരവമുള്ള പല ചോദ്യങ്ങളും ഉയരുന്നുണ്ട്. 2014ല്‍ ലോക്സഭയില്‍ ഭൂരിപക്ഷം നേടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വരികയും 2019ല്‍ അധികാരം നിലനിര്‍ത്തുകയും ചെയ്തതോടെ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പരിമിതപ്പെടുത്താന്‍ വലിയ തോതിലുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് ആക്ഷേപം. പുതിയ നിയമങ്ങള്‍ നിര്‍മിച്ചും നിലവിലുള്ള നിയമങ്ങളുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയും ഇക്കാലത്തിനിടെ മനുഷ്യ വിഭവശേഷിയിലും ആരോഗ്യ മേഖലയിലുമൊക്കെ കൈവരിച്ച നേട്ടങ്ങളുള്‍പ്പെടെ പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമ്പത്തിക സഹായം വെട്ടിക്കുറച്ചുമൊക്കെയാണ് സംസ്ഥാനാധികാരത്തെ പരിമിതപ്പെടുത്തി, അധികാരം കൂടുതലായി കേന്ദ്രീകരിക്കാനുള്ള ശ്രമം നടക്കുന്നത്.

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് പാര്‍ട്ടി ദശകങ്ങളോളം രാജ്യം ഭരിച്ചപ്പോഴും അധികാരം താഴേത്തട്ടിലേക്ക് കൈമാറി, ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിക്കാനോ ഭരണനിര്‍വഹണത്തില്‍ താഴേത്തട്ടിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാനോ വലിയ തോതിലുള്ള ശ്രമമുണ്ടായിരുന്നില്ല. 1984ല്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ഭരണഘടന ഭേദഗതി ചെയ്ത് ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വരുത്താനും അതുവഴി പ്രാദേശിക സര്‍ക്കാറുകളെ ശക്തിപ്പെടുത്താനും ശ്രമിച്ചത്. ആ ശ്രമം പോലും എത്രകണ്ട് ഗുണം ചെയ്തുവെന്നത് ഇനിയും വിലയിരുത്തപ്പെടേണ്ടതുണ്ട്. പ്രാദേശിക സര്‍ക്കാറുകളെയും സംസ്ഥാന സര്‍ക്കാറുകളെയും പേരിന് നിലനിര്‍ത്തിക്കൊണ്ട്, കേന്ദ്ര ഭരണകൂടത്തിന്റെ നിര്‍വഹണ ഏജന്‍സികള്‍ മാത്രമാക്കി മാറ്റി, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) അജന്‍ഡ പൂര്‍ത്തീകരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള മറ്റൊരു നീക്കമാണ് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നത്.

യൂനിയന്‍ ഓഫ് സ്റ്റേറ്റ്സ് എന്ന സങ്കല്‍പ്പത്തിലൂന്നിക്കൊണ്ട് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ അധികാരാവകാശങ്ങളെ നിര്‍ണയിക്കുമ്പോള്‍ ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ ഫെഡറല്‍ സമ്പ്രദായത്തെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ച നടന്നിരുന്നു. ഫെഡറല്‍ ഭരണക്രമമെന്ന് പറയുമ്പോള്‍ തന്നെ, അമിതമായ അധികാര കേന്ദ്രീകരണത്തിനാണ് നിര്‍ദിഷ്ട രീതി വഴിവെക്കുക എന്ന് ഭരണഘടനാ നിര്‍മാണ സഭയില്‍ പലരും വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറുകളെ മുനിസിപ്പാലിറ്റികളാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത് എന്ന് വരെ വിമര്‍ശമുണ്ടായി. ഇതിന് മറുപടി നല്‍കുമ്പോള്‍ ഭരണഘടനാ നിര്‍മാണസഭയുടെ അധ്യക്ഷന്‍, കേന്ദ്ര സര്‍ക്കാറിന് സംസ്ഥാനങ്ങളെ അപ്രസക്തമാക്കും വിധത്തിലുള്ള അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സമ്മതിച്ചു, അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കേന്ദ്രത്തിന് ഈ അധികാരങ്ങള്‍ പ്രയോഗിക്കാനാകൂ, ആ വിധത്തിലാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് എന്നും അംബേദ്കര്‍ വിശദീകരിച്ചു. മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കര്‍, വിചാരധാരയിലെഴുതിയത് പോലെ ഏകാത്മകമായ രാഷ്ട്രം സ്വപ്നം കാണുന്ന, രാജ്യമെന്ന സങ്കല്‍പ്പത്തോട് ചേര്‍ന്നുപോകുന്നതല്ല ഫെഡറലിസമെന്ന് കരുതുന്ന, ജനാധിപത്യമെന്നത് ഏകപക്ഷീയമായ അധികാര പ്രയോഗമാണെന്ന് വിശ്വസിക്കുന്നവര്‍ രാജ്യാധികാരം കൈയാളുമെന്ന വിദൂര പ്രതീക്ഷ പോലും ഒരുപക്ഷേ, അംബേദ്കര്‍ക്കുണ്ടായിട്ടുണ്ടാകില്ല. താഴ്ന്ന ജാതിക്കാരനെന്ന് ആക്ഷേപിച്ച് തന്നെ നീക്കിനിര്‍ത്തിയത് പോലെയാകില്ല ജനാധിപത്യ സമൂഹത്തിലെ പിന്‍ഗാമികളെന്നും അദ്ദേഹം പ്രതീക്ഷിച്ചുകാണും.

സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് നേരത്തേ തന്നെ വിമര്‍ശിക്കപ്പെട്ട ചരക്ക് സേവന നികുതി (ജി എസ് ടി) സമ്പ്രദായത്തിന്റെ ഏകപക്ഷീയമായ നടപ്പാക്കലില്‍ തുടങ്ങി, ആ നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്ത നഷ്ടപരിഹാര വിതരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിച്ച് തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു രാജ്യം ഒരു നിയമമെന്നതാണ് ലക്ഷ്യമെന്ന് പിന്നീട് പാര്‍ലിമെന്റില്‍ തന്നെ പ്രഖ്യാപിച്ചു. ദേശീയ വിദ്യാഭ്യാസ നയം, രാജ്യത്ത് പൊതുവായ ജുഡീഷ്യല്‍ സര്‍വീസ് എന്ന് തുടങ്ങി സംസ്ഥാന വിഷയമായ കൃഷിയില്‍ കടന്നുകയറി നിയമം നിര്‍മിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. കര്‍ഷകരുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നുവെങ്കിലും അടുത്തൊരു അവസരത്തില്‍ ഈ നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രം മടികാണിക്കില്ല. 2003ലെ വൈദ്യുതി നിയമം ഭേദഗതി ചെയ്ത്, വിതരണ മേഖലയില്‍ സ്വകാര്യ മേഖലക്ക് മത്സരിക്കാന്‍ അവസരമൊരുക്കുമ്പോള്‍ സംസ്ഥാന ഉടമസ്ഥതയിലുള്ള പ്രസരണ – വിതരണ ശൃംഖലയെ ഇല്ലാതാക്കുകയും നിരക്കുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴുള്ള പരിമിതമായ അവകാശങ്ങള്‍ പോലും കവരുകയുമാണ് ഉദ്ദേശ്യം. സംസ്ഥാനങ്ങളുടെ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് കൈമാറുമ്പോള്‍, നടപ്പാകുന്നത് സ്വകാര്യവത്കരണം മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കുള്ളില്‍, അവക്ക് ഒരു നിയന്ത്രണവുമില്ലാത്ത സോണുകളുടെ സൃഷ്ടി കൂടിയാണ്. എന്‍ ഐ എ, യു എ പി എ നിയമ ഭേദഗതികളും സി ബി ഐ – എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് – ആദായ നികുതി വകുപ്പ് തുടങ്ങിയവയെ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഏകപക്ഷീയമായി ഉപയോഗിക്കുമ്പോഴും സംസ്ഥാനാധികാരങ്ങളെയും അവയെ നിയന്ത്രിക്കാന്‍ ഇടയുള്ള രാഷ്ട്രീയ ശക്തികളെയും വരുതിയില്‍ നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരുടെ സേവനം സംബന്ധിച്ച ചട്ടങ്ങളില്‍ വരുത്തുന്ന ഭേദഗതികള്‍. നിലവില്‍ അഖിലേന്ത്യാ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് സേവനം ചെയ്യാന്‍ ഇഷ്ടമുള്ള സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാം. അവിടെ സേവനം ആരംഭിക്കുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം (ഏതെങ്കിലും വീഴ്ചകളില്‍ ശിക്ഷാ നടപടികള്‍ എടുക്കാനുള്ളതടക്കം) അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. ഈ ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലേക്ക് പോകണമെങ്കില്‍ സംസ്ഥാനത്തിന്റെ അനുവാദം വേണം. ഇനിമേല്‍ ആ അനുവാദം ആവശ്യമില്ലെന്ന് വ്യവസ്ഥ ചെയ്യാനാണ് കേന്ദ്രം ഇപ്പോഴുദ്ദേശിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെടുകയോ ഡെപ്യൂട്ടേഷനില്‍ വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ സംസ്ഥാനം വിയോജിപ്പ് അറിയിച്ചാല്‍ അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണെന്നാണ് പുതിയ ഭേദഗതി നിര്‍ദേശിക്കുന്നത്. അതായത്, ഐ എ എസ് – ഐ പി എസ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും കേന്ദ്രാധികാരത്തിന്‍ കീഴിലേക്ക് മാറ്റപ്പെടും. സംസ്ഥാന ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകില്ലെന്ന് ചുരുക്കം. സംസ്ഥാന ഭരണകൂടങ്ങളുടെ തീരുമാനങ്ങളെ അട്ടിമറിക്കാന്‍ പാകത്തില്‍ പദവിയെ ഉപയോഗപ്പെടുത്താനും ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചേക്കും.

രാഷ്ട്രീയ എതിരാളികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കഴിവുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് കേന്ദ്ര സര്‍വീസിലേക്ക് കൊണ്ടുപോകാനും അതുവഴി, സംസ്ഥാന ഭരണത്തിന്റെ മികവ് ഇല്ലാതാക്കാനും പുതിയ ചട്ടഭേദഗതി ഉപയോഗപ്പെടുത്തിയേക്കാം. വിധേയത്വം കേന്ദ്ര ഭരണം കൈയാളുന്നവരോടാണെന്ന തിരിച്ചറിവ് സര്‍വീസില്‍ കയറുന്നതിന് മുമ്പേ തന്നെ ഉണ്ടാകുമെന്നതിനാല്‍, സേവനത്തിനായി തിരഞ്ഞെടുക്കേണ്ട സംസ്ഥാനമേതെന്ന കാര്യം മുതല്‍ ഉദ്യോഗാര്‍ഥികള്‍ ചിന്തിച്ച് തുടങ്ങും. കേന്ദ്രാധികാരം കൈയാളുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ എതിരാളികള്‍ ഭരിക്കുന്ന സംസ്ഥാനം തിരഞ്ഞെടുത്ത് കരിയര്‍ നശിപ്പിക്കണമോ എന്ന ചിന്ത സ്വാഭാവികമായി ഉയരും.

സംസ്ഥാനങ്ങളെ നിഷ്‌ക്രിയമാക്കുകയോ, കേന്ദ്രാധികാരത്തിന്റെ നിര്‍വഹണ ഏജന്‍സികളായി മാത്രം നിലനിര്‍ത്തുകയോ ചെയ്യുക എന്ന ആര്‍ എസ് എസ് ലക്ഷ്യത്തിലേക്കുള്ള അടുത്ത ചുവടുവെപ്പാണ് നിര്‍ദിഷ്ട ചട്ടഭേദഗതി. പശ്ചിമ ബംഗാളും തമിഴ്നാടും കേരളവുമൊക്കെ ഇതില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന ഭരണകൂടം ഈ എതിര്‍പ്പിനെ പരിഗണിക്കാന്‍ സാധ്യതയില്ല. എതിര്‍പ്പുകള്‍ അവഗണിക്കപ്പെടുമ്പോള്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്നുള്ളവരെ കൂടുതലായി ആശ്രയിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകും. അത് പുതിയ പോര്‍മുഖങ്ങള്‍ തുറക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം വൈരാഗ്യബുദ്ധികാട്ടാനും കാരണമായേക്കും. ഇതുണ്ടാക്കാന്‍ ഇടയുള്ള ഭരണ – ഭരണഘടനാ പ്രതിസന്ധി മുതലെടുക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം ഒരു മടിയും കാണിക്കുകയുമില്ല.