തെളിയോളം
നർമം കൊണ്ട് ഉള്ള് നീറുമോ, നിറയുമോ?
കാര്യങ്ങളെ വളരെ വ്യക്തിപരമായി എടുക്കുകയും നിരുപദ്രവകരമായ തമാശകളോട് പോലും അമിതമായി പ്രതികരിക്കുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ദീർഘനിശ്വാസം എടുത്ത് ആശ്വാസം കണ്ടെത്തണം. കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും അവരുടെ വേദനിപ്പിക്കുന്ന നർമത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ ശ്രമിക്കുമ്പോൾ, അവരോട് ക്ഷമയും സ്നേഹവും പുലർത്തണം.

പരസ്പരം കൂടിയിരിക്കുമ്പോൾ ഉള്ളു തുറന്ന ചിരിയും ഉപചാരങ്ങളില്ലാത്ത സംസാരവും തമ്മിൽ നമ്മിലുള്ള ഗുണാത്മക സംവാദവും ഒക്കെ ബന്ധങ്ങളുടെ ഇഴയടുപ്പം കൂടുതൽ ഊഷ്മളമാക്കും. നർമം പ്രണയത്തിന്റെ ഭാഷയായി കണക്കാക്കാറുണ്ട്. തമാശകൾ, രസം പറച്ചിൽ, പുതുതലമുറ ഭാഷയിലെ “ഊക്കൽ’ ഇതൊക്കെ സ്നേഹസൗഹാർദങ്ങൾക്ക് ഈട് കൂട്ടുകയും പിരിമുറുക്കങ്ങളില്ലാത്ത ഇടപഴക്കം സാധ്യമാക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. നർമം ഒരു രോഗശാന്തി ഘടകവും ചിരി ഏറ്റവും നല്ല ഔഷധവുമൊക്കെയായി മനശ്ശാസ്ത്രത്തിൽ ഉപയോഗിച്ചു വരുന്നുമുണ്ട്.
എന്നാൽ, കോമഡി നല്ല അന്തരീക്ഷത്തിന്റെ അതിരുകൾ ലംഘിക്കുകയും കുത്തിനോവിക്കലിന്റെ വെട്ടുകത്തിയായി മാറുകയും ചെയ്യുന്ന സന്ദർഭങ്ങളുടെ കാര്യമോ? നമ്മുടെ കുടുംബത്തിലോ കൂട്ടായ്മകളിലോ ജോലിസ്ഥലത്തോ പൊതു ഇടങ്ങളിലോ പ്രഭാഷണങ്ങളിലോ ചർച്ചാ വേദികളിലോ ആരെയെങ്കിലും വേദനിപ്പിക്കുന്ന ഒന്നായി നർമം കടന്നു വരാറുണ്ടോ? മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തുന്ന പരിഹാസം, ചീത്തവിളി, അവമതിക്കൽ, അപമാനിക്കൽ, വിലയിടിക്കൽ എന്നിങ്ങനെ ഏതു രീതിയിൽ അവതരിപ്പിച്ചാലും അതുകൊണ്ടുണ്ടാകുന്ന വേദന വിനാശകരവും പല സാഹചര്യങ്ങളിലും വിഷലിപ്തമായി മാറുന്നതുമാണ്. ചിലപ്പോഴൊക്കെ നമ്മൾ ഉപയോഗിക്കുന്ന നിഷ്കളങ്കമായ വാക്കുകൾ സൂക്ഷ്മമായതോ അല്ലാത്തതോ ആയ ഒരു ആഘാതം ഉണ്ടാക്കുന്നുണ്ടാകും. ചിലർക്ക് ഇങ്ങനെ വേദനാജനകമായ കളിപറച്ചിൽ ഇടയ്ക്കിടെ നടത്തുന്നത് നിഗൂഢമായ ഒരു ആനന്ദമാണ്. ദുരുദ്ദേശ്യത്തോടെ ചെയ്തതായാലും നിഷ്കളങ്കതയോടെ ചെയ്തതായാലും, ഇത്തരം തമാശകൾ ആളുകളിൽ ആഴത്തിൽ മുറിവുണ്ടാക്കുന്നതും പറയുന്നവന്റെ അന്തസ്സ് നശിപ്പിക്കുന്നതുമായ ഒരു മുൾച്ചുമടാണ്.
വേദനിപ്പിക്കുന്ന നർമം ഉപയോഗിക്കുന്ന അധികപേരും അവർ ചെയ്യുന്നതിന്റെ പ്രത്യാഘാതം എത്രമാത്രമുണ്ട് എന്നതിനെക്കുറിച്ച് അജ്ഞരാണെന്നത് അതിശയകരമാണ്. നമ്മളോട് ഇതേ കാര്യങ്ങൾ ആരെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ നമുക്ക് എങ്ങനെ തോന്നുമെന്ന് സ്വയം ചോദിക്കാൻ കഴിയണം. ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, നമ്മുടെ ചിന്തകളും വികാരങ്ങളും മൂർച്ചയുള്ള അഭിപ്രായങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിനുപകരം, നേരിട്ട്, ബഹുമാനത്തോടെ, തുറന്ന രീതിയിൽ പ്രകടിപ്പിക്കുന്നതാണ് എപ്പോഴും നല്ലത് എന്ന് ബോധ്യമുണ്ടാകണം. ചിരിപ്പിക്കുന്ന നർമവും കരയിക്കുന്ന നർമവും തമ്മിൽ വേർതിരിച്ചറിയുകയും വ്യക്തിപരവും സാമൂഹികവും സംഘടനാപരവുമായ നർമ ഉപയോഗത്തിനായി ഒരു പെരുമാറ്റച്ചട്ടം സ്വീകരിക്കുകയും വേണം. ഒരു ഹ്യൂമർ സെൽഫ് ഓഡിറ്റ് നടത്തുകയും നർമം ഉപയോഗിക്കുമ്പോൾ ദയ കാണിക്കുമെന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്.
കാര്യങ്ങളെ വളരെ വ്യക്തിപരമായി എടുക്കുകയും നിരുപദ്രവകരമായ തമാശകളോട് പോലും അമിതമായി പ്രതികരിക്കുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ദീർഘനിശ്വാസം എടുത്ത് ആശ്വാസം കണ്ടെത്തണം. കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും അവരുടെ വേദനിപ്പിക്കുന്ന നർമത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ ശ്രമിക്കുമ്പോൾ, അവരോട് ക്ഷമയും സ്നേഹവും പുലർത്തണം.
ക്രൂരമായ തമാശ, അപകീർത്തികരമായ പരിഹാസം എന്നിവക്ക് ഇരയായിട്ടുള്ളവർക്ക് ആ വേദനയും നാണക്കേടും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുമെന്നും ഏറ്റവും സുരക്ഷിതവും കരുതലുള്ളതുമായ വീടുകൾ, ക്ലാസ്സ് മുറികൾ, മീറ്റിംഗ് റൂമുകൾ, കിടപ്പുമുറികൾ എന്നിവയെ പോലും അത് ദുർബലപ്പെടുത്തുമെന്നും നാമറിയണം. അത് മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഇണയുടെയോ, അധ്യാപകന്റെയോ, ബോസിന്റെയോ, സഹപ്രവർത്തകന്റെയോ, സുഹൃത്തിന്റെയോ അധരങ്ങളിൽ നിന്നായാലും, വേദനിപ്പിക്കുന്ന നർമം, അതിന്റെ എല്ലാ രൂപങ്ങളിലും, അസ്വീകാര്യമാണ്, നമ്മുടെ ബന്ധങ്ങളിൽ അതിന് സ്ഥാനമില്ല.