Connect with us

siraj explainer

കരകയറാന്‍ ഒരുങ്ങുന്ന വ്യവസായങ്ങളെ ബാധിക്കുമോ? രാജ്യത്തെ കല്‍ക്കരി ക്ഷാമത്തിന്റെ യാഥാര്‍ഥ്യമെന്ത്!

എന്താണ് രാജ്യത്തെ കല്‍ക്കരി ക്ഷാമത്തിന്റെ യാഥാര്‍ഥ്യം. അത് ആരെയൊക്കെ ബാധിക്കും, കേരളത്തിലും പവര്‍ക്കട്ടിന്റെ ഇരുണ്ട ദിനങ്ങള്‍ വന്നെത്തുമോ എന്ന സംശങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

Published

|

Last Updated

രാജ്യത്തെ ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പവര്‍ക്കട്ടിലേക്ക് നീങ്ങേണ്ടി വരും എന്ന് നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ വൈദ്യുതി ഉത്പാദനത്തിന് കല്‍ക്കരി ആവശ്യമായ അളവില്‍ ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് എത്ര അളവില്‍ ഉണ്ടെന്നോ, എത്ര കാലത്തേക്ക് ഉണ്ടെന്നോ എന്നതിനെക്കുറിച്ച് ഒരു വിശദീകരണവുമില്ല. എന്നാല്‍ കല്‍ക്കരി ക്ഷാമം രൂക്ഷമാണ് എന്ന പ്രസ്താവനയില്‍ ഡല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്താണ് രാജ്യത്തെ കല്‍ക്കരി ക്ഷാമത്തിന്റെ യാഥാര്‍ഥ്യം. അത് ആരെയൊക്കെ ബാധിക്കും, കേരളത്തിലും പവര്‍ക്കട്ടിന്റെ ഇരുണ്ട ദിനങ്ങള്‍ വന്നെത്തുമോ എന്ന സംശങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

ലോകത്തിലെ നാലാമത്തെ വലിയ കല്‍ക്കരി ശേഖരം ഇന്ത്യയിലാണ്. ഇതിന് പുറമെ ലോകത്തിലെ രണ്ടാമത്തെ വലിയ കല്‍ക്കരി ഇറക്കുതി രാജ്യവും ഇന്ത്യയാണ്. ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. ആ നിലക്ക് മറ്റ് ഊര്‍ജ്ജോത്പാദന മേഖലകളെക്കാള്‍ ഇന്ത്യ ആശ്രയിക്കുന്നത് കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുത ഉത്പാദനത്തെയാണ്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 70 ശതമാനവും കല്‍ക്കരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതാണ് എന്നാണ് കണക്കുകള്‍.

മൂന്ന് കാരണങ്ങളാണ് പ്രധാനമായും ഇന്ത്യയില്‍ ഇപ്പോള്‍ നേരിടുന്ന കല്‍ക്കരി ക്ഷാമത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ ഏറ്റവും പ്രധാനം വൈദ്യുത ഉപയോഗത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വര്‍ധനയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് വരെ 106 ബില്ല്യണ്‍ യൂനിറ്റ് വൈദ്യതി രാജ്യത്ത് ഉപയോഗിച്ചിരുന്നിടത്ത് ഈ വര്‍ഷം അത് 124 ബില്ല്യണാണ്. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നതും ഈ വര്‍ധിച്ച ഉപയോഗത്തിന് കാരണമാവും. അങ്ങനെയെങ്കില്‍ കല്‍ക്കരി ക്ഷാമം നിവരാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലിനെ സാരമായി ബാധിക്കും.

കല്‍ക്കരി പാടങ്ങളില്‍ ഉണ്ടായ മഴയാണ് ക്ഷാമത്തിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മികച്ച കാലാവസ്ഥാ പ്രവചന സൗകര്യങ്ങളുള്ള രാജ്യം ഇത് മുന്നില്‍ കണ്ട് വേണ്ട നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല എന്ന് മാത്രമല്ല അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാവും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുമാത്രമാണ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പ്രഹ്ലാദ് ജോഷി ചെയ്യുന്നത്.

ആഗോള തലത്തില്‍ കല്‍ക്കരിക്ക് വില ക്രമാതീതമായി ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു ഘടകം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടണ്ണിന് വെറും 58 ഡോളര്‍ വിലയുണ്ടായിരുന്ന കല്‍ക്കരിക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് വില 269.50 ഡോളറായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയില്‍ കല്‍ക്കരി ഇറക്കുമതി ചെയ്തിരുന്ന വൈദ്യുത നിലയങ്ങളെല്ലാം പ്രതിസന്ധിയിലായി. ഇതോടെയാണ് വൈദ്യുത ക്ഷാമം നേരിടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കല്‍ക്കരി സ്റ്റോക്ക് ഉണ്ടെന്നാണ് കേന്ദ്രം ആവര്‍ത്തിച്ച് പറയുന്നത്. അതേസമയം, സ്റ്റോക്ക് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും കേന്ദ്ര മന്ത്രി അറിയിക്കുന്നു. വൈദ്യുത നിലയങ്ങളിലേക്ക് എത്തുന്ന പ്രതിദിന കല്‍ക്കരിയുടെ അളവ് മൂന്ന് ദിവസത്തിനുള്ളില്‍ 1.6 മില്ല്യണ്‍ ടണ്‍ എന്നാക്കുമെന്നും പിന്നീട് അത് 1.7 മില്ല്യണ്‍ ടണ്‍ ആയി ഉയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം, പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ തന്നെ കടുത്ത ക്ഷാമം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ പവര്‍കട്ടും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

Latest