Articles
"മഹാ' തകര്‍ച്ചക്ക് മറുപടിയാകുമോ ഝാര്‍ഖണ്ഡ്?
രണ്ട് മുന്നണികള്‍, ആറ് പാര്‍ട്ടികള്‍. ഇതായിരുന്നു മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചിത്രം. മഹാ യുതിയും മഹാ വികാസ് അഘാഡിയുമായി മുഖാമുഖം നിന്നു പാര്‍ട്ടികള്‍. മഹാ യുതിയുടെ നേതൃത്വം ബി ജെ പിക്ക് തന്നെ. ഒപ്പം ശിവസേനയെ പിളര്‍ത്തിക്കൊണ്ടുവന്ന ഏക്നാഥ് ഷിന്‍ഡെ വിഭാഗം. എന്‍ സി പിയില്‍ നിന്ന് അടര്‍ത്തിയെടുത്ത അജിത് പവാര്‍ വിഭാഗം. അപ്പുറത്ത് മഹാ വികാസ് അഘാഡിയില്‍ ശിവസേന ഉദ്ധവ് വിഭാഗം, എന്‍ സി പി ശരദ് പവാര്‍ വിഭാഗം, പിന്നെ കോണ്‍ഗ്രസ്സും. ആറ് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിക്കായിരുന്നു മേല്‍ക്കൈ. 48 സീറ്റുകളില്‍ 30 ഇടങ്ങളിലും സഖ്യം വിജയം നേടി. ആ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മഹാ വികാസ് അഘാഡി.
അനുകൂലമായ ഘടകങ്ങള്‍ പലതുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ “ഇന്ത്യ’ സഖ്യം ദേശീയതലത്തില്‍ നടത്തിയ മികച്ച മുന്നേറ്റം, ശരദ് പവാറിന്റെ നേതൃമികവ്, താക്കറെ കുടുംബത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യം, രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ നേതൃപദവി- ഇതെല്ലാം വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ ദയനീയമായി പരാജയപ്പെട്ടു.
മഹാ വികാസ് അഘാഡിയുടെ തകര്‍ച്ച സംസ്ഥാനത്തും ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലനം സൃഷ്ടിക്കും. ഇപ്പോള്‍ സഖ്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എന്‍ സി പി ശരദ് പവാര്‍ വിഭാഗത്തിനും ഇതേ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല.
അജിത് പവാറിനോട് പൊറുക്കാന്‍ ശരദ് പവാറിന് ഒരു ദീര്‍ഘ നിശ്വാസത്തിന്റെ സമയമേ വേണ്ടൂ. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള സന്നദ്ധത നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് ശരദ് പവാര്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പാര്‍ട്ടി ജീവച്ഛവമായി മാറും. അജിത് പവാറുമായി ധാരണയില്‍ എത്തുക മാത്രമാകും പരിഹാരം. അജിത്തിലൂടെ മഹാ യുതിയിലേക്ക് വഴി തേടേണ്ടി വരും എന്നുതന്നെ. അധികാരമില്ലാതെ ഉദ്ധവ് താക്കറെ പക്ഷം എത്രകാലം നിലനില്‍ക്കും എന്നതും കാത്തിരുന്ന് കാണണം. ഷിന്‍ഡെയുമായി കോംപ്രമൈസ് ചെയ്യാന്‍ ഉദ്ധവ് നിര്‍ബന്ധിതാനാകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. അവര്‍ക്കും മഹാ യുതിയല്ലാതെ മറ്റൊരു അഭയ കേന്ദ്രമില്ല. ഈ മാറ്റങ്ങള്‍ അസംഭവ്യമല്ല. അത് ദേശീയതലത്തില്‍ “ഇന്ത്യ’ സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നെങ്കിലും ബി ജെ പി ചേരി വിട്ടെത്തുന്ന നിതീഷിനെയും നായിഡുവിനെയും കാത്തിരിക്കുന്ന “ഇന്ത്യ’ മുന്നണിയുടെ പ്രതീക്ഷകള്‍ പാടേ കരിയിച്ചുകളഞ്ഞു മഹാരാഷ്ട്ര ഫലം. അടിത്തറ ദുര്‍ബലമായ ഒരു മുന്നണിയിലേക്ക് എടുത്തുചാടാനുള്ള സാഹസമൊന്നും രണ്ട് നേതാക്കളും കാണിക്കില്ല!
“ഇന്ത്യ’ സഖ്യത്തിന് ആശ്വാസം പകരുന്ന ജനവിധി ഉണ്ടായത് ഝാര്‍ഖണ്ഡിലാണ്. 81ല്‍ 56 സീറ്റുകളില്‍ ജയിച്ചാണ് ഹേമന്ത് സോറന്‍ തുടര്‍ഭരണം ഉറപ്പിക്കുന്നത്. അവിടെ രണ്ട് ഘടകങ്ങളാണ് “ഇന്ത്യ’ സഖ്യത്തെ സഹായിച്ചത്. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ ബി ജെ പി നടത്തിയ പ്രചാരണം. അവര്‍ നുഴഞ്ഞുകയറ്റക്കാരാണ് എന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഗോത്രമേഖലകളില്‍ ജെ എം എമ്മും “ഇന്ത്യ’ സഖ്യവും മികച്ച മുന്നേറ്റം കാഴ്ച വെച്ചു. ദളിതുകളുടെ പിന്തുണ ഉറപ്പാക്കാനും മുന്നണിക്ക് സാധിച്ചു. ജെ എം എം നേതാവ് ഹേമന്ത് സോറനെ ജയിലിലടച്ച നടപടി ബി ജെ പിക്കെതിരായ വികാരമാക്കി മാറ്റാന്‍ “ഇന്ത്യ’ക്ക് സാധിച്ചു. അത് വോട്ടായി മാറി എന്നുറപ്പിക്കാവുന്ന ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്രയില്‍ “ഇന്ത്യ’ മുന്നണിക്കുണ്ടായ പരാജയം മറയ്ക്കാന്‍ ഝാര്‍ഖണ്ഡ് മതിയാകില്ല. എങ്കില്‍പ്പോലും അതൊരു പ്രതീക്ഷയാണ്.
ബി ജെ പി ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് അധികാരം കിട്ടുന്നു എന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തെ അനുഭവം. മഹാരാഷ്ട്രയിലും അതിനു മാറ്റമുണ്ടായില്ല. അവര്‍ അവിടെ വിജയം ആഗ്രഹിച്ചിരുന്നു. അവരത് നേടി. മഹാ വികാസ് അഘാഡി 50 കടന്നില്ല. ആകെ സീറ്റുകള്‍ 288. ഇത്ര കനത്ത തോല്‍വി പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ സി വേണുഗോപാല്‍ തന്നെ പറയുകയുണ്ടായി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് രമേശ് ചെന്നിത്തല ആയിരുന്നു. ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പരാജയം കൂടിയായി മാറുന്നുണ്ട് കോണ്‍ഗ്രസ്സിന്റെ 16 സീറ്റുളിലേക്കുള്ള വീഴ്ച.