Connect with us

International

ജസ്റ്റിൻ ട്രൂഡോക്ക് "ഇന്ത്യൻ' പിൻഗാമി ഉണ്ടാകുമോ?

പ്രധാനമന്ത്രിയാകാൻ അനിത ആനന്ദിന്റെ പേരും

Published

|

Last Updated

ഒട്ടാവ | കാനഡയിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസ്റ്റിൻ ട്രൂഡോ പടിയറങ്ങിയതോടെ പിൻഗാമിയാരാകുമെന്ന ചർച്ച ചൂടുപിടിച്ചു. ഗതാഗത മന്ത്രി അനിതാ ആനന്ദ്, ട്രൂഡോ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ധനമന്ത്രി ക്രിസ്റ്റിനാ ഫ്രീലാൻഡ്, ബേങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണറും ലിബറൽ പാർട്ടി മുൻനിര നേതാവുമായ മാർക് കാർണി എന്നിവരുടെ പേരാണ് പ്രധാനമായും ഉയരുന്നത്.

ഇക്കൂട്ടത്തിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് ഇന്ത്യൻ വംശജയായ അനിതാ ആനന്ദ് ആണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ബി ബി സി തയ്യാറാക്കിയ അഞ്ച് പേരുടെ സാധ്യതാ പട്ടികയിൽ ഒന്നാമത് അനിതയാണ്. 2019ൽ രാഷ്ട്രീയ പ്രവേശം നടത്തിയത് മുതൽ ഏറെ ജനശ്രദ്ധയാകർഷിച്ച നേതാവാണ് ഈ 57കാരി. നിലവിൽ തദ്ദേശ വ്യാപാരം, ഗതാഗതം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അനിതാ ആനന്ദ് നിയമ വിദഗ്ധയാണ്. നേരത്തേ, പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തതിന്റെ അനുഭവ സമ്പത്തും അവർക്കുണ്ട്. ടൊറന്റോക്കടുത്ത ഓക്‌വില്ലയെയാണ് അവർ പാർലിമെന്റിൽ പ്രതിനിധാനം ചെയ്യുന്നത്.

വിദ്യാഭ്യാസത്തിളക്കം
ക്വീൻസ് സർവകശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദവും ജൂറിസ്പ്രൂഡൻസിൽ ഓക്‌സോഫോർഡിൽ നിന്നുള്ള ബിരുദവും അനിതക്കുണ്ട്. ഡൽഹൗസി സർവകാലാശാലയിൽ നിന്നാണ് നിയമ ബിരുദം. യൂനിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും അവർക്കുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കും മുമ്പ് ടൊറന്റോ സർവകലാശാലയിൽ നിയമ പ്രൊഫസറായിരുന്നു. അവരുടെ ഗവേഷണ പ്രബന്ധങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

കുടുംബ പശ്ചാത്തലം
നോവാ സ്‌കോട്ടിയയിലെ കെന്റ്‌വില്ലയിലാണ് അനിതയുടെ ജനനം. ഇന്ത്യൻ ഡോക്ടർമാരായ സരോജ് ഡി റാമും എസ് വി ആനന്ദുമാണ് മാതാപിതാക്കൾ. ഗീത ആനന്ദും സോണിയാ ആനന്ദുമാണ് സഹോദരങ്ങൾ. മാതാവ് പഞ്ചാബ് സ്വദേശിയും പിതാവ് തമിഴ്‌നാട് സ്വദേശിയുമാണ്. 1960കളിൽ അനിതയുടെ കുടുംബം നൈജീരിയയിലേക്ക് കുടിയേറി. പിന്നീട് ഇവിടെ നിന്ന് കാനഡയിലേക്ക് മാറി കെന്റ്വില്ലയിൽ താമസമാക്കുകയായിരുന്നു.
1967ലാണ് അനിത ജനിക്കുന്നത്. ബിരുദ പഠനകാലത്തെ സുഹൃത്ത് ജോണിനെ 1995ൽ വിവാഹം കഴിച്ചു. 21 വർഷമായി ഓക്വില്ലെയിൽ താമസിക്കുന്ന ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്.

കൊവിഡ് കാലം
ലിബറൽ പാർട്ടിയിൽ സജീവമായ ശേഷം പാർട്ടിയുടെ നേതൃനിരയിലേക്ക് വേഗത്തിലെത്തിയ അനിതയുടെ ആദ്യ ഭരണദൗത്യം പബ്ലിക് സർവീസസ് ആൻഡ് പ്രക്യുർമെന്റ്‌‍വകുപ്പിലായിരുന്നു. കൊവിഡ് വ്യാപന സമയത്ത് ഈ വകുപ്പിന്റെ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. കൊവിഡ് വാക്‌സീൻ ശേഖരിക്കുന്നതിൽ അനിതയുടെ നേതൃപാടവം നിർണായകമായി. 2021ലാണ് പ്രതിരോധ മന്ത്രിയായത്. റഷ്യയുമായുള്ള ഏറ്റുമുട്ടലിൽ യുക്രൈനൊപ്പം ഉറച്ചുനിൽക്കുകയെന്ന കനേഡിയൻ നയം രൂപപ്പെടുത്തുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. സൈന്യത്തിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികളിൽ തീർപ്പുണ്ടാക്കുന്നതിനും നിയമം കർക്കശമാക്കുന്നതിനും അവർ നേതൃത്വം നൽകി. അനിതയെ ട്രഷറി ബോർഡിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഡിസംബറിൽ അവർ ഗതാഗത മന്ത്രിയായി.

സമ്മേളനം മാർച്ചിൽ
ധനമന്ത്രി ഡൊമനിക് ഡി ബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. ഈ മാസം 27ന് പാർലിമെന്റ്സമ്മേളനം ചേരാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇടക്കാല പ്രധാനമന്ത്രിയെ നിശ്ചയിക്കാൻ ലിബറൽ പാർട്ടിക്ക് സമയം നൽകുന്നതിന്റെ ഭാഗമായി സമ്മേളനം മാർച്ച് 24ലേക്ക് മാറ്റിയിട്ടുണ്ട്. ഒക്‌ടോബറിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക. ഭരണ കക്ഷിയായ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും ഉയർന്ന കടുത്ത സമ്മർദത്തിനൊടുവിലാണ് ട്രൂഡോ ഒമ്പത് വർഷം നീണ്ട സാരഥ്യത്തിൽ നിന്ന് പടിയിറങ്ങിയത്. പിൻഗാമിയെ തീരുമാനിക്കുന്നത് വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടരും.

Latest