Connect with us

Articles

കേരളം കൊടും വരള്‍ച്ചയെ നേരിടേണ്ടി വരുമോ?

1,556 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ ലഭിക്കേണ്ടത്. എന്നാല്‍ 877.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 44 ശതമാനത്തിന്റെ കുറവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ 60 ശതമാനമാണ് മഴ രേഖപ്പെടുത്തിയത്. ജൂലൈയില്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ശക്തമായ മഴ ലഭിച്ചിരുന്നു. ഒമ്പത് ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റില്‍ എത്തിയപ്പോഴേക്കും മഴ ഗണ്യമായി കുറഞ്ഞു

Published

|

Last Updated

സാധാരണയില്‍ മഴ ധാരാളം ലഭിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഈ വര്‍ഷം യഥാര്‍ഥത്തില്‍ കാലവര്‍ഷമുണ്ടായോയെന്ന് സംശയിക്കാവുന്ന തരത്തിലാണ് മഴയുടെ കാര്യം. കാലാവസ്ഥാ നിരീക്ഷകര്‍ക്ക് പോലും പിടികൊടുക്കാതെയാണ് ഇത്തവണ അതിന്റെ ഗതിവിഗതികള്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് പ്രകടമാകാത്ത മഴ ലഭ്യതക്കുറവ് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് കാരണമായിരിക്കുകയാണ്. ഭാവിയില്‍ കേരളം ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനുണ്ടാകില്ല എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അത്രക്കും പരിതാപകരമായ, പേടിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയാണ് നമ്മുടെ സംസ്ഥാനം ഇപ്പോള്‍ കടന്നുപോകുന്നത്.
ഈ വര്‍ഷം പതിവിലേറെ വൈകിയാണ് കേരളത്തില്‍ കാലവര്‍ഷം വന്നത്. മുമ്പൊക്കെ മെയ് അവസാനമാകുമ്പോഴേക്കും മഴയുടെ വരവ് ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ ജൂണ്‍ പകുതിയാകുമ്പോഴാണ് മഴ വന്നത്. എന്നാല്‍ അതിന് പ്രതീക്ഷിച്ച ശക്തിയൊന്നും ഉണ്ടായിരുന്നില്ല. ജൂലൈ മാസത്തില്‍ കുറച്ചുദിവസം മാത്രം മഴ ശക്തമായി പെയ്തു. പിന്നെ ദുര്‍ബലമായ മഴയാണ് പെയ്തത്. ആഗസ്റ്റ് ആയപ്പോഴേക്കും മഴ വല്ലപ്പോഴും എന്ന അവസ്ഥയിലെത്തി.
സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ട് രണ്ടര മാസമാണ് പിന്നിട്ടിരിക്കുന്നത്. എന്നാല്‍ ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ലഭിച്ചതാകട്ടെ വളരെ കുറച്ച് മഴയും. ഇപ്പോള്‍ തീരെ മഴയില്ല. മുന്‍കാലങ്ങളില്‍ ആഗസ്റ്റ് മാസത്തിലാണ് മഴ തകര്‍ത്തുപെയ്യാറുള്ളത്. കര്‍ക്കിടകത്തില്‍ ഇടതടവില്ലാതെ മഴ പെയ്യുന്ന ഓര്‍മയാണ് നമ്മുടെയൊക്കെ മനസ്സിലുള്ളത്. കര്‍ക്കിടകം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ തിമര്‍ത്ത് പെയ്യുന്ന മഴയുടെ ഇരമ്പല്‍ മനസ്സില്‍ ഓടിയെത്തുന്നു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന കാലം. ഏറ്റവും കൂടുതല്‍ വറുതിയുണ്ടാകുന്നതും ഈ മാസത്തില്‍ തന്നെ. എന്നാല്‍ ഇത്തവണത്തെ കര്‍ക്കിടകം കനത്ത മഴ കൊണ്ടല്ല കൊടും വെയില്‍ കൊണ്ടാണ് ചര്‍ച്ചാവിഷയമായത്. പെരുമഴയില്‍ നനയേണ്ട ഭൂമി വെയിലില്‍ ചുട്ടുപൊള്ളുകയായിരുന്നു. അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മഴയില്ലാത്ത കര്‍ക്കിടകമാണ് കടന്നുപോയിരിക്കുന്നത്. വരാനിരിക്കുന്ന നാളുകള്‍ ഏറെ ദുരിതം നിറഞ്ഞതായിരിക്കുമെന്നാണ് മഴയില്ലാതെ ഉണങ്ങിവരണ്ട കര്‍ക്കിടകം കേരളത്തിലെ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നത്. മഴമേഘങ്ങള്‍ പെയ്യാതെ മുഖം തിരിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ തന്നെയാണ് ഇരുള്‍ വീഴ്ത്തുന്നത്.

1,556 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ ലഭിക്കേണ്ടത്. എന്നാല്‍ 877.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 44 ശതമാനത്തിന്റെ കുറവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ 60 ശതമാനമാണ് മഴ രേഖപ്പെടുത്തിയത്. ജൂലൈയില്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ശക്തമായ മഴ ലഭിച്ചിരുന്നു. ഒമ്പത് ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റില്‍ എത്തിയപ്പോഴേക്കും മഴ ഗണ്യമായി കുറഞ്ഞു. ആഗസ്റ്റ് ഒന്ന് മുതല്‍ 18 വരെയുള്ള അവസ്ഥ പരിശോധിക്കുമ്പോള്‍ ദയനീയമാണ് കാര്യങ്ങള്‍. 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 25.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് കാര്യമായ മഴയൊന്നും ലഭിക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അടുത്ത മാസം കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. മഴയുടെ കുറവ് കാര്‍ഷിക മേഖലയിലുണ്ടാക്കിയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. മഴയെ വിശ്വസിച്ച് കൃഷിയിറക്കിയവരെല്ലാം വെട്ടിലായിരിക്കുന്നു. പ്രത്യേകിച്ചും നെല്‍കൃഷിയാണ് കടുത്ത വെല്ലുവിളി നേരിടുന്നത്. വയലില്‍ നല്ല വെള്ളമുണ്ടെങ്കില്‍ മാത്രമേ നെല്‍കൃഷി വളരുകയുള്ളൂ. ഏക്കര്‍ കണക്കിന് നെല്‍കൃഷി കൊടും വെയിലില്‍ ഉണങ്ങിനശിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കിണറുകളില്‍ നിന്നും മറ്റ് ജലാശയങ്ങളില്‍ നിന്നും വെള്ളം പമ്പ് ചെയ്താണ് പലയിടങ്ങളിലും നെല്‍കൃഷി സംരക്ഷിക്കുന്നത്. എന്നാല്‍ മഴയുടെ ലഭ്യതക്കുറവ് തുടരുകയാണെങ്കില്‍ നെല്‍കൃഷിയുടെ ജലസേചനത്തിന് ആവശ്യത്തിന് വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകും. നെല്‍കൃഷി ഉണങ്ങിനശിക്കും. കഴിഞ്ഞ കൊടുംവരള്‍ച്ചയില്‍ കാര്‍ഷിക വിളകള്‍ ഉണങ്ങിനശിച്ച് കോടികളുടെ നഷ്ടമാണുണ്ടായത്. മഴക്കാലത്ത് കൃഷി ചെയ്ത് ആ നഷ്ടം നികത്താനായില്ലെങ്കിലും അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുമെന്നാണ് കര്‍ഷകര്‍ കരുതിയിരുന്നത്. മഴ ഈ അവസ്ഥയിലാണെങ്കില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭീകരമായ വരള്‍ച്ചയായിരിക്കും അടുത്ത തവണയുണ്ടാകുക.

അടുത്ത മാസം മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് യഥാര്‍ഥത്തില്‍ കൃഷിക്കാരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. നെല്ലിന്റെ വിളവെടുപ്പ് സമയത്ത് മഴ കനത്താല്‍ നെല്‍ച്ചെടികള്‍ വീണ് കൃഷി വ്യാപകമായി നശിക്കും. ഇതിന് പുറമെ രണ്ടാം വിളയുടെ വിത്തിറക്കുന്നതിനും ഈ സമയത്തെ മഴ തടസ്സമാകും. വെള്ളപ്പൊക്കവും മറ്റും കാരണം കൃഷിനാശം സംഭവിക്കുന്നതിനാല്‍ രണ്ടാം വിളയിലാണ് കൃഷിക്കാര്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. വിണ്ടുകീറിയ ഭൂമിയിലൂടെ ദാഹജലത്തിനായി മനുഷ്യരും മറ്റ് ജീവജാലങ്ങളും പരക്കം പായും. മഴയുടെ ലഭ്യതക്കുറവ് കാരണം അണക്കെട്ടുകളിലും വെള്ളം കുറവാണ്. കെ എസ് ഇ ബിയുടെയും ജലസേചന വകുപ്പിന്റെയും പ്രധാന അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതിയില്‍ താഴെയാണ് വെള്ളമുള്ളത്. ഇടുക്കിയില്‍ 31.6 ശതമാനവും പമ്പയില്‍ 2.08 ശതമാനവും ഇരട്ടയാറില്‍ 18.23 ശതമാനവും ഇടമലയാറില്‍ 41.8 ശതമാനവുമാണ് വെള്ളമുള്ളത്. ഇത് വൈദ്യുതി ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും.

കുന്നുകള്‍ ഇടിച്ചുനിരത്തിയും വയലുകളും തണ്ണീർത്തടങ്ങളും നികത്തിയുമുണ്ടാക്കിയ കോണ്‍ക്രീറ്റ് വികസനങ്ങള്‍ ഇപ്പോള്‍ വരള്‍ച്ച ഉള്‍പ്പെടെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ദുരന്തങ്ങളായി മാറുകയാണ്. പ്രകൃതിയെ ചൂഷണം ചെയ്തുള്ള വികസനങ്ങള്‍ ആപത്കരമാണെന്ന് പ്രകൃതി തന്നെ ഓര്‍മപ്പെടുത്തുമ്പോഴും ആരും ഇതില്‍ നിന്ന് ഒരു തിരിച്ചറിവും നേടുന്നില്ലെന്നതാണ് ഏറ്റവും വലിയ ദുര്യോഗം.

Latest