Kerala
കേരളത്തിന് എയിംസ് കിട്ടുമോ; കിനാലൂര്‍ കാത്തിരിക്കുന്നു
കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ അടക്കം നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് മുന്‍പില്‍ കേരളം നിര്‍ദേശിച്ചത്. ഒടുവില്‍ കിനാലൂര്‍ തന്നെയാണു കേരളം താല്‍പര്യപ്പെടുന്നത്.
കോഴിക്കോട് | സംസ്ഥാനത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അുവദിച്ചുകൊണ്ടുള്ള പ്രഖ്യാനം ഇത്തവണ കേന്ദ്ര ബജറ്റില്‍ ഉണ്ടാവുമോ എന്ന കാത്തിരിപ്പിലാണ് കേരളം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം എയിംസിനായി കാത്തിരിക്കുന്നു. കേന്ദ്ര പ്രഖ്യാപനം ഉണ്ടായാല്‍ സ്ഥാപനം സാക്ഷാത്കരിക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കിനാലൂരിലല്‍ കാമ്പസ് ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.
ഇവിടെ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും അതോടൊപ്പം സ്വകാര്യ ഭൂമി അക്വയര്‍ ചെയ്യാനുമാണു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. വ്യവസായ വകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിന് കീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ മുന്നേറിക്കഴിഞ്ഞു.
കേരളത്തില്‍ എയിംസ് അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലാണെന്ന് കേന്ദ്രം പറയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ അടക്കം നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് മുന്‍പില്‍ കേരളം നിര്‍ദേശിച്ചത്. ഒടുവില്‍ കിനാലൂര്‍ തന്നെയാണു കേരളം താല്‍പര്യപ്പെടുന്നത്. കിനാലൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 200 ഏക്കര്‍ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. എയിംസ് ലഭിച്ചാല്‍ അതിനൊത്തുള്ള വികസനക്കുതിപ്പിനായി കാത്തിരിക്കുകയാണ് ബാലുശ്ശേരി മണ്ഡലമാകെയും.
കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഘട്ടത്തിലും കേരളം ഉയര്‍ന്ന പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. എന്നാല്‍ കൈയ്യെത്താ ദുരത്ത് പ്രഖ്യാപനം അകന്നു പോവുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണു കേരളം. 2024 ല്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്നാണു കരുതുന്നത്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയം അതിന്റെ തുടര്‍നടപടികളിലേക്കു പോയ സാഹചര്യത്തില്‍ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുകയാണ് കേരളം.
കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള എം പി മാരും എയിംസ് അനുവദിക്കണമെന്ന് പലവട്ടം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തിയാല്‍ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിനുള്ള അംഗീകാരമാകും.