National
ഖാര്‍ഗെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വിനിയോഗിക്കുമോ?
സംഘപരിവാര്‍ രാജ്യത്തിന്റെ ഭരണഘടനക്കും മതേതര പാരമ്പര്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ മതേതര ചേരിയുടെ നായക സ്ഥാനത്തു പ്രതിഷ്ഠിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് എണ്‍പതു കാരനായ ഖാര്‍ഗെയില്‍ വന്നു ചേരുന്നത്. ഹൈക്കമാന്റ് എന്ന പേരില്‍ നെഹ്രു കുടുംബം കല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയുന്ന പ്രസിഡന്റാവാനാണ് നിയോഗമെങ്കില്‍ ഇപ്പോള്‍ പൂര്‍ത്തിയായ ജനാധിപത്യ പ്രക്രിയ വ്യര്‍ഥമായിത്തീരും.
കോഴിക്കോട് | ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുക ഹൈക്കമാന്റ് തന്നെയായിരിക്കുമോ എന്ന ചോദ്യം ഉയരുന്നു. നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് എന്ന വിശേഷണമുള്ള ഖാര്‍ഗേ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പ്രയോഗിക്കുമോ അതോ നെഹ്രു കടുംബത്തിന്റെ പ്രീതിക്കു വിധേയമായി മാത്രം പ്രവര്‍ത്തിക്കുമോ എന്നാവും വരും നാളുകളില്‍ രാജ്യം ഉറ്റു നോക്കുക.
ദലിത് വിഭാഗത്തില്‍ നിന്നുള്ള കരുത്തനായ ഈ നേതാവ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരേ ഒരു തവണ മാത്രമേ തോൽവി രുചിച്ചിട്ടുള്ളൂ. പ്രായത്തിന്റെ പരിമിതികളൊന്നുമില്ലാതെയാണ് അദ്ദേഹം കോണ്‍ഗ്രസ്സിനെ നയിക്കാനെത്തുന്നത്. 24 വര്‍ഷത്തിനു ശേഷം നെഹ്രു കുടുംബത്തില്‍ നിന്നൊരാള്‍ പാര്‍ട്ടി പ്രസിഡന്റാവുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ നെഹ്രുകുടുംബത്തിന്റെ ഇച്ഛകള്‍ നടപ്പാക്കുന്ന പ്രസിഡന്റായിരിക്കും അദ്ദേഹം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പഠനകാലത്തു തുടങ്ങിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. ഗുല്‍ബര്‍ഗയിലെ എസ് എസ് എല്‍ ലോ കോളജിലെ നിയമപഠനം കാലത്തു വിദ്യാര്‍ഥി നേതാവായി ഉയര്‍ന്ന അദ്ദേഹം 1969ല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. കല്‍ബുര്‍ഗി സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായായി തുടങ്ങിയ അദ്ദേഹം 1972ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. അന്നുമുതല്‍ നീണ്ട 36 വര്‍ഷക്കാലമാണ് അദ്ദേഹം നിയമസഭാ സാമാജികനായത്.
ഹൈദരാബാദ്-കര്‍ണാടക അതിര്‍ത്തിയിലെ ബിദര്‍ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലാണ് ഖാര്‍ഗെ കുടുംബത്തിന്റെ തായ്‍വേര്. ഖാര്‍ഗെയ്ക്ക് ഏഴ് വയസുളളപ്പോള്‍ വര്‍ഗീയ കലാപത്തില്‍ അദ്ദേഹത്തിന്റെ അമ്മയടക്കം കുടുംബത്തിലെ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു കുടുംബം കല്‍ബുര്‍ഗിയിലേക്കു കുടിയേറി.
വര്‍ഗീയ കലാപത്തിന്റെ ഇര എന്ന നിലയില്‍ തന്നെ അദ്ദേഹം മതേതര പക്ഷത്തിന്റെ കരുത്തനായ നേതാവി വളര്‍ന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം ഉപജീവനത്തിനായി ഒരു സിനിമാ തിയറ്ററിലും ജോലി ചെയ്തിരുന്നു. ദലിത് കുടുംബത്തില്‍നിന്ന് വന്നതുകൊണ്ട് തന്നെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ വേദന അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. അഭിഭാഷകന്‍ എന്ന നിലയില്‍ തൊഴിലാളി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത്തരം കേസുകള്‍ വാദിച്ച് ജയിക്കുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടിയതോടെ കോണ്‍ഗ്രസില്‍ അവഗണിക്കാനാകാത്ത നേതാവായി ഖാര്‍ഗെ മാറി.
പലവിധ വകുപ്പുകളില്‍ മന്ത്രിയായി. 1999, 2004 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഖാര്‍ഗെയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ്, പ്രതിപക്ഷ നേതാവ്, കെ പി സി സി പ്രസിഡന്റ് എന്നീ നിലകളിലെല്ലാം തിളങ്ങിയ ഖാര്‍ഗെ എക്കാലത്തും സംഘപരിവാരത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. സംഘ്പരിവാരം അദ്ദേഹത്തെ വലിയ ശത്രുവായി കണ്ടു.
കന്നടയ്ക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിള്‍ അദ്ദേഹം അനായാസേന കൈകാര്യം ചെയ്യും. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ഖാര്‍ഗെയുടെ മികച്ച പ്രതിച്ഛായക്ക് നേരിയ കളങ്കമേല്‍പ്പിച്ചു.
സംഘപരിവാര്‍ രാജ്യത്തിന്റെ ഭരണഘടനക്കും മതേതര പാരമ്പര്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ മതേതര ചേരിയുടെ നായക സ്ഥാനത്തു പ്രതിഷ്ഠിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് എണ്‍പതു കാരനായ ഖാര്‍ഗെയില്‍ വന്നു ചേരുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തിന്റെ മതേതര ചേരിയെ ഏകോപിപ്പിക്കാനുള്ള ഭാരിച്ച പരിശ്രമമാണു രാഹുല്‍ ഗാന്ധി നടത്തുന്നത്.
രാഹുല്‍ അധ്യക്ഷ പദവിയിലേക്കില്ലെന്ന ഉറച്ച തീരുമാനം പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്കു നെഹ്രുകടുംബത്തിനു പുറത്തുനിന്നുള്ള ഒരു പ്രസിഡന്റ് ആവശ്യമായി വന്നത്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കു അനുസൃതമായി പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിന് തന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം ഇന്ധനമാക്കാന്‍ കഴിയുമോ എന്നതാണു കണ്ടറിയേണ്ടത്.
ഹൈക്കമാന്റ് എന്ന പേരില്‍ നെഹ്രു കുടുംബം കല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയുന്ന പ്രസിഡന്റാവാനാണ് നിയോഗമെങ്കില്‍ ഇപ്പോള്‍ പൂര്‍ത്തിയായ ജനാധിപത്യ പ്രക്രിയ വ്യര്‍ഥമായിത്തീരും. പാര്‍ട്ടിയെ എണ്ണയിട്ട യന്ത്രം പോലെ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിനു മുമ്പു സജ്ജമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞാല്‍ പ്രായം വെറുമൊരു സംഖ്യമാത്രമാണെന്നു ലോകം സമ്മതിക്കും.
ദീര്‍ഘവീക്ഷണങ്ങളുള്ള നേതാവാണു രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ ചിന്തക്കും ലക്ഷ്യങ്ങള്‍ക്കും അനുഗുണമാവും വിധം ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.