Kerala
സെമിനാറില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് വിട്ടുപോകില്ല; അന്ത്യം വരെ ഈ പാര്‍ട്ടിയില്‍ തന്നെ: കെ വി തോമസ്
താന്‍ കോണ്‍ഗ്രസില്‍ നൂലില്‍കെട്ടി വന്നതല്ലെന്നും ഡിസിസി തലം മുതല്‍ പ്രവര്‍ത്തിച്ചുവന്ന ആളാണെന്നും കെ വി തോമസ്
കണ്ണൂര്‍ | സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിൻെറ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ വി തോമസ്. കേന്ദ്ര നേതൃത്വത്തിൻെറ വിലക്ക് മറികടന്നാണ് തീരുമാനം. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. പാർട്ടിയിലേക്കല്ല സെമിനാറിലേക്കാണ് പോകുന്നതെന്നും അദ്ദഹം വ്യക്തമാക്കി.
സിപിഎം സെമിനാര്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്തിനാണ് വിരോധം? രാഹുല്‍ ഗാന്ധി അടക്കം സിപിഎം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുവാനാണ് വാര്‍ത്താസമ്മേളനമെന്ന് പറഞ്ഞുകൊണ്ടാണ് കെ വി തോമസ് സംസാരിച്ചുതുടങ്ങിയത്. തുടര്‍ന്ന് തന്റെ പാര്‍ട്ടി ചരിത്രം അദ്ദേഹം വിവരിച്ചു.
മാര്‍ച്ചില്‍ ഡല്‍ഹിയില്‍ യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഎം സെമിനാറിലേക്ക് ക്ഷണം ലഭിച്ചത്. ശശി തരൂരിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചപ്പോള്‍ അനുമതി ലഭിച്ചില്ല. പിന്നീട് വീണ്ടും കേന്ദ്ര നേതാക്കളെ കണ്ട് ഇന്നത്തെ രാഷ്ട്രീയ പ്രാധാന്യം ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത കാലഘട്ടങ്ങളില്‍ സംസ്ഥാനങ്ങളിലുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല. സിപിഎം അടക്കം ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കൈകോര്‍ത്തുപിടിച്ച് ആണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. 2024ല്‍ അവസരം നഷ്ടപ്പെട്ടാല്‍ നമ്മുടെ ദേശീയ സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടുന്ന കാലഘട്ടമാകും സംജാതാമാകുകയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കോണ്‍ഗ്രസില്‍ നൂലില്‍കെട്ടി വന്നതല്ല. ഡിസിസി തലം മുതല്‍ പ്രവര്‍ത്തിച്ചുവന്ന ആളാണ്. അച്ചടക്കത്തോടെയാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചത്. അങ്ങനെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയാണോയെന്ന് അദ്ദേഹം ചോദിച്ചു.
താൻ കോൺഗ്രസ് വിട്ടു പോകില്ലെന്നും മരണം വരെ ഈ പാർട്ടിയിൽ തുടരുമെന്നും കെ വി തോമസ് പറഞ്ഞു. സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസിൽ നിന്ന് പുറത്തുപോകേണ്ടി വരില്ലേ എന്ന ചോദ്യത്തിന് അക്കാര്യം നേതൃത്വം തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. തന്നെ പുറത്താക്കാൻ എ ഐ സി സിക്കാണെന്നും അദ്ദേഹം പറഞ്ഞു.