Kerala
സിപിഎം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമോ? ഇന്നറിയാം
ഹൈക്കമാന്‍ഡിന്റെയും കെ പി സി സിയുടെയും ശക്തമായ വിലക്ക് മറികടന്ന് കെ വി തോമസ് കണ്ണൂരിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കണ്ണൂര്‍ | സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ രാവിലെ 11 മണിക്ക് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഹൈക്കമാന്‍ഡിന്റെയും കെ പി സി സിയുടെയും ശക്തമായ വിലക്ക് മറികടന്ന് കെ വി തോമസ് കണ്ണൂരിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശശി തരൂരിനെയും സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്‍വാങ്ങി. എന്നാല്‍ കെ വി തോമസ് ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചാലെ കെ വി തോമസിന് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം വേദിയില്‍ എത്തിയാല്‍ അത് പാര്‍ട്ടി വിട്ടുകൊണ്ടാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.