Articles
ലിംഗായത്തുകള്‍ ബി ജെ പിയെ കൈവിടുമോ?
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതേതരമായി ചിന്തിക്കുന്ന ഹിന്ദു വോട്ടര്‍മാരുടെ എണ്ണത്തിലും കര്‍ണാടക മുന്നിലാണ്. രണ്ടര പതിറ്റാണ്ടായി ഭരണവിരുദ്ധ വികാരവും ജാതി സമവാക്യങ്ങളുമാണ് ഇവിടുത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുള്ള പ്രധാന ഘടകം. അഴിമതിയും അത്ര തന്നെ അളവില്‍ സംസ്ഥാനത്ത് ചര്‍ച്ചയാകാറുണ്ട്.
ബി ജെ പിക്ക് നാളിതുവരെ ദക്ഷിണേന്ത്യയില്‍ അധികാരം പിടിക്കാന്‍ സാധിച്ച ഏക സംസ്ഥാനമാണ് കര്‍ണാടക. അതേസമയം സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതേതരമായി ചിന്തിക്കുന്ന ഹിന്ദു വോട്ടര്‍മാരുടെ എണ്ണത്തിലും കര്‍ണാടക മുന്നിലാണ്. രണ്ടര പതിറ്റാണ്ടായി ഭരണവിരുദ്ധ വികാരവും ജാതി സമവാക്യങ്ങളുമാണ് ഇവിടുത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുള്ള പ്രധാന ഘടകം. അഴിമതിയും അത്ര തന്നെ അളവില്‍ സംസ്ഥാനത്ത് ചര്‍ച്ചയാകാറുണ്ട്. ഏറെക്കാലം കോണ്‍ഗ്രസ്സിന്റെ കോട്ടയായിരുന്ന സംസ്ഥാനം 1983ലെ തിരഞ്ഞെടുപ്പിലാണ് ജനതാ പാര്‍ട്ടിക്ക് അധികാരം നല്‍കി കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ ആദ്യമായി അധികാരത്തിന് പുറത്തിരുത്തുന്നത്. എന്നാല്‍ 1989ല്‍ തന്നെ കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ചുവന്നെങ്കിലും 1994ലെ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ ഇളകും വിധം വലിയ ചലനങ്ങളുണ്ടായി. കോണ്‍ഗ്രസ്സിന്റെ വോട്ടുബേങ്കിനെ തന്നെ ചോര്‍ത്തി എടുത്ത് എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ അധികാരത്തില്‍ വരുന്നതും അതുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന ബി ജെ പി വെറും നാല് സീറ്റും നാല് ശതമാനം വോട്ടും മാത്രമുണ്ടായിരുന്നിടത്ത് നിന്ന്40 സീറ്റിലേക്കും 17 ശതമാനം വോട്ടിലേക്കും വളരുന്നതും ഈ തിരഞ്ഞെടുപ്പിലാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നതിനാല്‍ നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസ്സിനും ലാഭം കൊയ്തത് ബി ജെ പിയും ജനതാദളുമായിരുന്നു. സംസ്ഥാനത്ത് മതാടിസ്ഥാനത്തില്‍ വോട്ട് ബേങ്ക് ധ്രുവീകരിച്ചു തുടങ്ങുന്നതും 94ലെ ഈ തിരഞ്ഞെടുപ്പോട് കൂടിയാണ്. എന്നിരുന്നാലും വര്‍ഗീയ രാഷ്ട്രീയത്തിന് അത്രപെട്ടെന്ന് വിധേയപ്പെടാതെ അതിനോട് ബലാബലം പോരാടാന്‍ സന്നദ്ധമായ വലിയൊരു ജനസമൂഹം ഇന്നും സംസ്ഥാനത്തുണ്ട്. അതാണ് ഇപ്പോള്‍ ഇവിടുത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ ഏറ്റവും ആവേശം കൊള്ളിക്കുന്നത്.
ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ കര്‍ണാടകയില്‍ ബി ജെ പിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബി എസ് യെദിയുരപ്പ എന്ന ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗം തിരഞ്ഞെടുപ്പിന്റെ ഫലഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ള ജാതി സമുദായമാണ്. 1994ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുന്നതും പ്രധാന പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപ്പെടുത്തുന്ന തരത്തില്‍ വലിയ വീഴ്ചയുണ്ടാക്കിയതും ലിംഗായത്ത് വോട്ട് ബേങ്കിലെ ചോര്‍ച്ചയായിരുന്നു. ബാബരി വിവാദ കാലത്ത് തൊണ്ണൂറുകളില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ കഴിയാതിരുന്ന ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി വിരേന്ദ്ര പട്ടേലിനെ രാജീവ് ഗാന്ധി പുറത്താക്കിയതായിരുന്നു ലിംഗായത്ത് വോട്ട് ബേങ്ക് ആദ്യമായി കോണ്‍ഗ്രസ്സിനെ കൈവിടാനുണ്ടായ കാരണം. ഈ സാഹചര്യം മുതലെടുത്താണ് അതേ സമുദായത്തില്‍ നിന്നുള്ള കര്‍ഷക നേതാവായി ഉയര്‍ന്നു വന്ന ബി എസ് യെദിയുരപ്പ സംസ്ഥാന രാഷ്ട്രീയത്തില്‍ സമുദായത്തിന്റെ വക്താവായി ചുവടുറപ്പിക്കുന്നത്. പിന്നീട് യെദിയുരപ്പ ലിംഗായത്ത് വോട്ട് ബേങ്കിനെ ബി ജെ പിയിലേക്ക് ഏകീകരിച്ചു.
രണ്ടായിരത്തിന് ശേഷം ലിംഗായത്ത് വോട്ടിനെ കോണ്‍ഗ്രസ്സില്‍ നിന്ന് പൂര്‍ണമായും അടര്‍ത്തിയെടുത്ത് ബി ജെ പിയുടെ പ്രധാന വോട്ട് ബേങ്കാക്കി മാറ്റിയത് യെദിയുരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു. ആ തന്ത്രങ്ങള്‍ തന്നെയാണ് യെദിയുരപ്പയെ ദക്ഷിണേന്ത്യയിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയാക്കി വളര്‍ത്തിയതും. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളില്‍ 100ലും ലിംഗായത്ത് സമുദായത്തിന് ആധിപത്യമുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വടക്കന്‍ കര്‍ണാടകയിലാണ്. ഇവിടുത്തെ വോട്ട് മാറ്റങ്ങളാണ് പലപ്പോഴും സംസ്ഥാന തിരഞ്ഞെടുപ്പ് ഫലഗതി നിര്‍ണയിച്ചിട്ടുള്ളത്.
2018ല്‍ നടന്ന അവസാന അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ ആണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ അവിശ്വാസ പ്രമേയത്തിന് തൊട്ട് മുമ്പ് തന്നെ യെദിയുരപ്പ രാജിവെക്കുകയും പിന്നീട് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ്, ജനതാദള്‍ (എസ്) സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തുകയുമായിരുന്നു. പക്ഷേ സര്‍ക്കാറിന് 14 മാസത്തെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഓപറേഷന്‍ താമര എന്ന ഓമനപ്പേരില്‍ ബി ജെ പി നടത്തിയ കുതിരക്കച്ചവടത്തില്‍ 17 ഭരണകക്ഷി സാമാജികര്‍ ബി ജെ പിയിലേക്ക് കൂടുമാറി. അതോടെ കുമാരസ്വാമി രാജിവെക്കുകയും യെദിയുരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പിയുടെ പുതിയ മന്ത്രിസഭ അധികാരത്തിലെത്തുകയും ചെയ്തു. ഈ സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ അപ്രതീക്ഷിതമായിട്ടാണ് ബി എസ് യെദിയുരപ്പയെ ബി ജെ പി കേന്ദ്ര നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലെ ചെറിയ വിഭാഗീയ പ്രശ്നങ്ങളായിരുന്നു കാരണം. യെദിയുരപ്പക്കും അനുയായികള്‍ക്കും ഇടയില്‍ വലിയ അസ്വസ്ഥതകള്‍ ഇത് ഉണ്ടാക്കി. ലിംഗായത്ത് സമുദായ നേതാക്കളും പരസ്യമായ പ്രതിഷേധം അറിയിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടാണ് യെദിയുരപ്പ അന്ന് രാജി അറിയിച്ചത്. സംസ്ഥാനത്ത് ബി ജെ പി എന്നാല്‍ അത് യെദിയുരപ്പ മാത്രമായിരുന്ന ഒരു കാലത്ത് നിന്ന് മോദി-അമിത് ഷാ ദ്വയത്തിന് മുന്നില്‍ നിസ്സഹായനായി അനുസരണയോടെ നില്‍ക്കേണ്ടി വരുന്നതില്‍ യെദിയുരപ്പക്ക് വലിയ അഭിമാനക്ഷതമുണ്ട്. കാരണം മോദി ഗുജറാത്തില്‍ ചിത്രത്തില്‍ വരുന്നതിന് മുന്നേ തന്നെ കര്‍ണാടകയില്‍ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണ് യെദിയുരപ്പ. ഇടക്കാലത്ത് രണ്ട് വര്‍ഷം സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി ജെ പിയില്‍ നിന്ന് പുറത്ത് പോയിട്ടുണ്ടെങ്കിലും ബി ജെ പിയുടെ വളര്‍ച്ചയില്‍ യെദിയുരപ്പയോളം പങ്കുവഹിച്ച മറ്റൊരു നേതാവിനെ ഇന്നും സംസ്ഥാനത്ത് ചൂണ്ടിക്കാണിക്കുക പ്രയാസമാണ്. മകന്‍ ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അധികാര രാഷ്ട്രീയത്തില്‍ അപ്രസക്തനായ യെദിയുരപ്പയുടെ ലിംഗായത്ത് വോട്ടുകള്‍ എങ്ങോട്ട് ചായുമെന്നത് കണ്ടറിയേണ്ടി വരും.
യെദിയുരപ്പക്ക് ശേഷം ലിംഗായത്ത് വോട്ട് ബേങ്കിനെ സ്വാധീനിക്കാന്‍ ശേഷിയുണ്ടായിരുന്ന നേതാവാണ് കഴിഞ്ഞ ദിവസം ബി ജെ പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് ക്യാമ്പിലെത്തിയ ബി ജെ പിയുടെ മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാര്‍. തിരഞ്ഞെടുപ്പ് ആവശേം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് തന്നെ ജഗദീഷ് ഷെട്ടാറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞത് ബി ജെ പിക്ക് മേല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസ്സിന് വലിയ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ബി ജെ പിക്കുള്ളില്‍ ലിംഗായത്ത് നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷെട്ടാര്‍ പാര്‍ട്ടി വിട്ട ശേഷം പറഞ്ഞിരുന്നു. ബി ജെ പി ലിംഗായത്ത് സമുദായ നേതാക്കളോട് കാണിക്കുന്ന അനീതി കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തമായ ആയുധമാക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് ഏറെ പണിയെടുക്കുന്നതും നഷ്ടപ്പെട്ട പഴയ ലിംഗായത്ത് വോട്ടുകള്‍ തിരിച്ചുകൊണ്ടുവരാനാണ്.
സംസ്ഥാനത്തെ മറ്റൊരു പ്രബല ജാതി സമൂഹമാണ് 15 ശതമാനത്തോളം വരുന്ന വൊക്കലിഗകള്‍. ലിംഗായത്ത് സമുദായത്തിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് രംഗത്ത് സ്വാധീനം ചെലുത്താനുള്ള ശേഷി ഇവര്‍ക്കുണ്ട്. ദക്ഷിണ കര്‍ണാടക, മധ്യ കര്‍ണാടക, ഉഡുപ്പി എന്നിവിടങ്ങളില്‍ വൊക്കലിഗകള്‍ക്ക് വലിയ സ്വാധീനമുണ്ട്. പക്ഷേ ഈ വോട്ട് ബേങ്ക് പരമ്പരാഗതമായി ജനതാദളിനെയാണ് കാര്യമായി സഹായിച്ച് വരുന്നത്. പ്രതിപക്ഷ നേതാവായ സിന്ദരാമയ്യയും പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറും ജനതാദള്‍ നേതാവ് എച്ച് ഡി ദേവഗൗഡയുമൊക്കെ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരാണ്. ബി ജെ പിക്ക് കിട്ടാക്കനിയായ ഈ വോട്ട് മറിക്കാനാണ് സംഘ്പരിവാര്‍ ടിപ്പു സുല്‍ത്താനെ വര്‍ഗീയ വാദിയാക്കി ചിത്രീകരിക്കുന്നത്. വൊക്കലിഗകള്‍ക്ക് ആധിപത്യമുള്ള ഓള്‍ഡ് മൈസൂര്‍ ഭാഗത്ത് ഇതുവരെ 30 ശതമാനം പോലും കടക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. വൊക്കലിഗ നേതൃത്വത്തെ ആര്‍ എസ് എസ് ഒതുക്കുന്നുവെന്ന് ബി ജെ പി നേതാവ് സി എ എച്ച് വിശ്വനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ഹിന്ദു ജനസംഖ്യ കഴിഞ്ഞാല്‍ വലിയ ന്യൂനപക്ഷം മുസ്ലിംകളാണ്. 12.92 ശതമാനം വരുന്ന മുസ്ലിം വോട്ട് ബേങ്കില്‍ കോണ്‍ഗ്രസ്സിനും ജനതാദള്‍ സെക്യുലറിനും ഒരുപോലെ പ്രതീക്ഷയുണ്ട്. 35 ശതമാനം ഒ ബി സികളും പട്ടികജാതി (എസ് സി) പട്ടികവര്‍ഗം (എസ് ടി) ഏകദേശം 18 ശതമാനവും വരുന്നുണ്ട്. ഇതില്‍ ഒരു വോട്ട് ബേങ്കിലും സ്ഥിരമായി ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ കഴിയില്ല എന്നതാണ് അടുത്ത കാലത്ത് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയ സൂചന. ഇത്തവണ ഭൂരിപക്ഷ വോട്ടിനെ ഏകീകരിക്കാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് ബസവരാജ് ബൊമ്മയുടെ ബി ജെ പി സര്‍ക്കാര്‍ മുസ്ലിം സംവരണം റദ്ദാക്കി അത് ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയത്. അതോടൊപ്പം തന്നെ പട്ടികജാതി സംവരണത്തിലെ ആഭ്യന്തര വിഭജനവും സംസ്ഥാനത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബഞ്ചാര സമുദായം തെരുവിലിറങ്ങുകയും മുന്‍ മുഖ്യമന്ത്രി യെദിയുരപ്പയുടെ വീടിന് നേരേ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
ഹിജാബ് വിവാദം സംസ്ഥാനത്ത് മുസ്ലിംകള്‍ക്കിടയില്‍ ഇപ്പോഴും പൊള്ളുന്ന ചര്‍ച്ചാ വിഷയമാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഹിജാബ് വിഷയം ബി ജെ പി അത്ര കാര്യമായി ചര്‍ച്ചക്കെടുക്കാത്തത്. മാത്രവുമല്ല, മുസ്ലിം സംവരണ പ്രശ്നം സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെയാണ് കൂടുതല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കേണ്ടത്. ഇരു വിഷയങ്ങളിലും മുസ്ലിം സമുദായത്തിന്റെ ശബ്ദമായി മാറിയത് കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു. എന്നിരുന്നാലും ന്യൂനപക്ഷ വോട്ട് ബേങ്കില്‍ ജെ ഡി എസ് എത്ര വിഹിതമെടുക്കുന്നു എന്നതിനെ ആശ്രയിച്ചാകും കോണ്‍ഗ്രസിന്റെ ശക്തി തീരുമാനിക്കപ്പെടുന്നത്. ഈ ജാതി, മത സമവാക്യങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ്സിന് മതേതര വോട്ട് ബേങ്കിനെ ഏതളവില്‍ പരിപോഷിപ്പിക്കാനാകും എന്നതിനെ അപേക്ഷിച്ചാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുക.