Connect with us

Articles

സഖ്യകക്ഷികളെ ജയിക്കുമോ മോദി?

സര്‍ക്കാര്‍ അധികാരമേറ്റതിനൊപ്പം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഈ സര്‍ക്കാറിന്റെ ആയുസ്സിനെപ്രതിയുള്ളതാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴോ രണ്ട് തവണ പ്രധാനമന്ത്രി ആയിരുന്നപ്പോഴോ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത രാഷ്ട്രീയ കാലാവസ്ഥയാണ് നരേന്ദ്ര മോദി ഇപ്പോള്‍ നേരിടുന്നത്.

Published

|

Last Updated

കിസാന്‍ നിധി ഫയലില്‍ ഒപ്പുവെച്ചുകൊണ്ട് മോദി തുടങ്ങി. തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ രാഷ്ട്രീയമായി ദുര്‍ബലമാക്കിയ ഘടകങ്ങളിലൊന്ന് കര്‍ഷക സമരമായിരുന്നു. നെഞ്ചില്‍ തീയുമായി വന്ന കര്‍ഷകരെ അവഗണിച്ചും പരിഹസിച്ചും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബി ജെ പിയെ പഠിപ്പിച്ചു തിരഞ്ഞെടുപ്പ് ഫലം. ആ തിരിച്ചറിവ് ചെറുതല്ല. സൈനിക ദേശീയതയാണ് ലോകമെങ്ങുമുള്ള ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പ്രിയതരമായ പ്രമേയം. ഇന്ത്യന്‍ ഫാസിസവും അത് പല ഘട്ടങ്ങളില്‍ എടുത്തുപ്രയോഗിച്ചിട്ടുണ്ട്. നോട്ട് നിരോധന കാലമോര്‍ക്കുക. ജനം പൊരിവെയിലില്‍ ബേങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് വാടിത്തളര്‍ന്നപ്പോഴും മരിച്ചുവീണപ്പോഴും സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ പറഞ്ഞത് അതിര്‍ത്തികളിലേക്ക് നോക്കൂ എന്നാണ്. വര്‍ഷത്തില്‍ എല്ലാ ദിവസവും അതിര്‍ത്തികളില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരോളം വരുമോ ജനത്തിന്റെ ബേങ്കിന് മുന്നിലെ കാത്തിരിപ്പ് എന്നായിരുന്നു ചോദ്യം. ജനത്തെ പ്രയാസപ്പെടുത്താതെ തന്നെ നിരോധം നടപ്പാക്കാന്‍ കഴിയുമായിരുന്നല്ലോ എന്ന വിമര്‍ശത്തിന് അതിര്‍ത്തികളിലെ പട്ടാളം മറുപടി ആയിരുന്നില്ല. പക്ഷേ, സംഘ്പരിവാറിനറിയാം, സൈന്യവും രാജ്യരക്ഷയുമൊക്കെ എളുപ്പത്തില്‍ ജനത്തിന്റെ വായടപ്പിക്കാവുന്ന മറുപടിയാണെന്ന്. ജനം വായടച്ച് മിണ്ടാതിരിക്കണം, പൊള്ളുന്ന വെയിലിലും പരിഭവം പറയാതിരിക്കണം- അത് മാത്രമായിരുന്നു സംഘ്പരിവാര്‍ ലക്ഷ്യം. അതിനുവേണ്ടിയാണ് അവര്‍ അക്കാലത്ത് സൈനികരെ ചാരി സംസാരിച്ചത്. സൈനിക ദേശീയതക്കൊപ്പം കര്‍ഷക ദേശീയത എന്നൊരു സവിശേഷമായ ഉള്ളടക്കം കൂടിയുണ്ട് ഇന്ത്യക്ക് എന്ന് ബി ജെ പിയെ ബോധ്യപ്പെടുത്താന്‍ ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്ക് സാധിച്ചു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, ജയ്ശങ്കര്‍, നിതിന്‍ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങി കഴിഞ്ഞ സര്‍ക്കാറിലെ പ്രമുഖര്‍ വകുപ്പ് മാറ്റമില്ലാതെ ഇത്തവണയും തുടരും. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ (ആരോഗ്യം), മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ (കൃഷി), ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ (നഗരവികസനം, ഊര്‍ജം) അടക്കം പാര്‍ട്ടിയിലെ പ്രമുഖരെയെല്ലാം അണിനിരത്തിയുള്ള മന്ത്രിസഭയാണ് ചുമതലയേറ്റിരിക്കുന്നത്. പ്രധാന വകുപ്പുകള്‍ വിട്ടുകൊടുക്കാതെ സഖ്യകക്ഷി പ്രതിനിധികളെ കൂടി ഉള്‍ക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിനൊപ്പം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഈ സര്‍ക്കാറിന്റെ ആയുസ്സിനെപ്രതിയുള്ളതാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴോ രണ്ട് തവണ പ്രധാനമന്ത്രി ആയിരുന്നപ്പോഴോ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത രാഷ്ട്രീയ കാലാവസ്ഥയാണ് നരേന്ദ്ര മോദി ഇപ്പോള്‍ നേരിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ സഖ്യകക്ഷി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലാത്ത വിധം പ്രതാപത്തിലായിരുന്നു നരേന്ദ്ര മോദി. ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഏത് നിയമവും സഭ കടത്തിക്കൊണ്ടുപോകാവുന്ന അംഗബലമുണ്ടായിരുന്നു. അന്നും സഖ്യകക്ഷികള്‍ ഉണ്ടായിരുന്നു. ബി ജെ പി തീരുമാനങ്ങള്‍ക്ക് റാന്‍ മൂളുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. 18ാം പാര്‍ലിമെന്റില്‍ ചിത്രം മാറിയിരിക്കുന്നു. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ആഞ്ഞുതുമ്മിയാല്‍ തെറിച്ചുപോകാവുന്ന ബലമേയുള്ളൂ പുതിയ സര്‍ക്കാറിന്.

ബി ജെ പിക്ക് എന്തുകൊണ്ട് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ല? സംഘ് പ്രൊഫൈലുകളില്‍ നിന്ന് തന്നെ പുറപ്പെട്ടുവന്ന ഉത്തരങ്ങളിലൊന്ന്, യു പിയിലടക്കം ബി ജെ പിയുമായി ആര്‍ എസ് എസ് സഹകരിച്ചില്ല എന്നാണ്. ഒരു നുണ ആവര്‍ത്തിച്ച് സത്യമാക്കി മാറ്റാനുള്ള വ്യഗ്രത പ്രകടമാണ്. ആര്‍ എസ് എസിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു, അവരെക്കൂടിയാണ് ജനം തിരസ്‌കരിച്ചത് എന്നതിലുള്ള നാണക്കേട് മറച്ചുവെക്കാനുള്ള തന്ത്രമാണ് മേല്‍പ്രചാരണം. ബി ജെ പിയോട് നിസ്സഹകരിച്ച് ആര്‍ എസ് എസുകാര്‍ യു പിയില്‍ കോണ്‍ഗ്രസ്സിനും എസ് പിക്കും വോട്ട് ചെയ്യുകയായിരുന്നോ? അങ്ങനെ സംഭവിക്കുമെന്ന് ബുദ്ധിയുറച്ച ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ? രാമക്ഷേത്രം നിലകൊള്ളുന്ന ഫൈസാബാദില്‍ ബി ജെ പി സ്ഥാനാര്‍ഥി തോറ്റതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാണ്. ആര്‍ എസ് എസിന്റെ അജന്‍ഡകളെ ജനം കൈയൊഴിഞ്ഞിരിക്കുന്നു. അവര്‍ എക്കാലത്തെയും നേട്ടമായി ഘോഷിച്ചിരുന്ന രാമക്ഷേത്രം വോട്ടായി മാറിയില്ല എന്നാണെങ്കില്‍ അത് ആര്‍ എസ് എസിന്റെ തന്നെ പരാജയമാണ്. അക്കാര്യം മറച്ചുവെക്കാനാണ് നിസ്സഹകരണ സിദ്ധാന്തം ചമച്ചെടുത്തത്.

സഖ്യകക്ഷികളെ ഡീല്‍ ചെയ്തുള്ള അനുഭവസമ്പത്തില്ല പ്രധാനമന്ത്രിക്ക്. സ്റ്റേജ് പെര്‍ഫോമന്‍സ് പോലെ എളുപ്പമല്ല അത്. പാര്‍ട്ടി നേതാക്കളുടെ അവസ്ഥയും മറ്റൊന്നല്ല. ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡയോട് പൂര്‍ണമായും താദാത്മ്യപ്പെടാന്‍ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളാല്‍ നിതീഷിനും നായിഡുവിനും കഴിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ മോദിയും അമിത്ഷായുമടക്കം ബി ജെ പിയിലെയും സര്‍ക്കാറിലെയും പ്രമുഖര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് മുസ്ലിംകള്‍ക്കെതിരെയാണ്. അതിനു മറയാക്കിയതാകട്ടെ മുസ്ലിം സംവരണവും. ബി ജെ പിയെ കേന്ദ്രത്തില്‍ താങ്ങി നിര്‍ത്തുന്ന ആന്ധ്രാപ്രദേശിലെ പുതിയ ഭരണകക്ഷി തെലുഗുദേശം പാര്‍ട്ടിയാകട്ടെ, മുസ്ലിം സംവരണം ആവശ്യമാണ് എന്ന് ചിന്തിക്കുന്നവരാണ്. സംസ്ഥാനത്ത് ഇപ്പോഴുള്ള നാല് ശതമാനം മുസ്ലിം സംവരണം തുടരുമെന്ന് പാര്‍ട്ടി നയം വ്യക്തമാക്കി കഴിഞ്ഞു. അത് സാമൂഹിക നീതിയുടെ പ്രശ്നമാണ്, മുസ്ലിം പ്രീണനമല്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചന്ദ്രബാബു നായിഡുവിന്റെ മകന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ചന്ദ്രബാബു നായിഡു തന്നെ ഇക്കാര്യം ഉറപ്പ് നല്‍കിയതാണ്. മുസ്ലിം സംവരണത്തിനെതിരെ ഘോരഘോരം ഒച്ചയിടുന്ന ബി ജെ പിയും മുസ്ലിം സംവരണ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്ന ടി ഡി പിയും ഒരു കുടക്കീഴില്‍ എത്രകാലം ഒരുമിച്ചു നില്‍ക്കുമെന്ന് കണ്ടറിയണം.

കോണ്‍ഗ്രസ്സ് മുസ്ലിം പാര്‍ട്ടിയാണ്, അവര്‍ മുസ്ലിം ക്ഷേമം മാത്രമാണ് ലക്ഷ്യമിടുന്നത് എന്ന് ചാപ്പയടിക്കാന്‍ മോദി തന്നെ എത്ര വേദികളാണ് ഉപയോഗിച്ചത്. മുസ്ലിംകളെ രണ്ടാംതരം പൗരന്മാരായി കണ്ടുള്ള കടന്നാക്രമണങ്ങള്‍. മറ്റു സമുദായങ്ങളുടെ സമ്പത്ത് ഊറ്റിയെടുക്കുന്നവരായി ചിത്രീകരിച്ചുള്ള പരിഹാസങ്ങള്‍. ജനം അതിനെയെല്ലാം തിരസ്‌കരിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ജീവല്‍പ്രശ്നങ്ങളെ അവര്‍ മുന്നില്‍ കണ്ടു. അതേക്കുറിച്ച് ഒരുവാക്കുമുരിയാടാത്ത നേതാക്കളെ അവര്‍ അവഗണിച്ചു. സ്വന്തം മണ്ഡലത്തില്‍ ഭീമമായ വോട്ടുനഷ്ടം നേരിടേണ്ടിവന്നു പ്രധാനമന്ത്രിക്ക്. ഏകപക്ഷീയമായ മന്‍കി ബാത്തുകളും വേദിയിലെ ശബ്ദവും കൊണ്ട് മാത്രം ജനഹിതം അനുകൂലമാക്കാന്‍ കഴിയില്ല എന്ന പാഠം കൂടിയായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് ബി ജെ പിക്ക് നയം മാറ്റേണ്ടിവരും.

അജന്‍ഡകള്‍ പുനഃക്രമീകരിക്കേണ്ടി വരും, മുസ്ലിംകളെ ശത്രുവായി കണ്ടുള്ള ആക്രോശങ്ങള്‍ അവസാനിപ്പിക്കേണ്ടിവരും. ജെ ഡി യു നേതാവ് കെ സി ത്യാഗി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്, തങ്ങള്‍ ഭരണത്തിലിരിക്കെ മുസ്ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ഒരു നീക്കവും അനുവദിക്കില്ല എന്നാണ്. മുസ്ലിം വിരുദ്ധതയില്‍ ഉറങ്ങിയുണരുന്ന ബി ജെ പിക്ക് ഇത് എത്രമേല്‍ സ്വീകാര്യമാകും?

ഗോരക്ഷാ ഗുണ്ടകള്‍ മനുഷ്യരെ തെരുവില്‍ അടിച്ചുകൊല്ലുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോഴും അറുതി ആയിട്ടില്ലല്ലോ. കൊല്ലപ്പെടുന്നവരില്‍ 90 ശതമാനവും മുസ്ലിംകളാണ്. അവരുടെ സംരക്ഷക റോളില്‍ ആരാണ് എന്ന് ദാദ്രി സംഭവം മുതലിങ്ങോട്ട് ഓരോ കേസും പരിശോധിച്ചാല്‍ മനസ്സിലാകും. കേന്ദ്ര ഭരണത്തിന്റെ തണലിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അവരെ പിടിച്ചുകെട്ടാന്‍ സുപ്രീം കോടതി തന്നെയും ശക്തമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടക്കൊലകളില്‍ റിപോര്‍ട്ട് വാങ്ങിയിട്ടുണ്ട്. ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിന് കുറവുണ്ടായിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളോട് സഖ്യകക്ഷികള്‍, പ്രത്യേകിച്ച് ജെ ഡി യു, തെലുഗുദേശം പാര്‍ട്ടികള്‍ എന്ത് നിലപാടെടുക്കും എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു പുതിയ സര്‍ക്കാറിന്റെ ഭാവി.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെക്കൂടാതെ ജോര്‍ജ് കുര്യനെക്കൂടി മന്ത്രിയാക്കിയിരിക്കുന്നു. രണ്ട് പേരും സഹമന്ത്രിമാരാണ്. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശം പ്രതീക്ഷിച്ചതായിരുന്നു. ജോര്‍ജ് കുര്യന്‍ അപ്രതീക്ഷിതമായാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. സംസ്ഥാന വ്യാപകമായി ക്രൈസ്തവ സഭകള്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണക്കുള്ള പ്രതിഫലമാണ് അദ്ദേഹത്തിന്റെ സ്ഥാനലബ്ധി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ക്രൈസ്തവ സമൂഹത്തെ ബി ജെ പിക്കൊപ്പം നിര്‍ത്തുകയാകും ജോര്‍ജ് കുര്യന്റെ ദൗത്യം. തമ്മില്‍ തല്ലുന്ന ഇടത്-ഐക്യ മുന്നണികള്‍ വോട്ട് ചോര്‍ച്ചയുടെ യഥാര്‍ഥ കാരണങ്ങളിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല എന്നതിനാല്‍ ക്രൈസ്തവരെ ബി ജെ പിക്ക് ഒപ്പം നിര്‍ത്തുന്നത് കുര്യന് പ്രയാസമാകില്ല. മനപ്പൂര്‍വം മറിച്ച വോട്ടുകളല്ല, സ്വാഭാവികമായി ബി ജെ പിയിലേക്ക് മറിഞ്ഞ വോട്ടുകളാണ് തൃശൂരില്‍ ഉള്‍പ്പെടെ ബി ജെ പിയുടെ മുന്നേറ്റത്തിന് കാരണമായത്. രണ്ട് മുന്നണികളും പക്ഷേ, നിങ്ങളും വോട്ട് മറിച്ചില്ലേ എന്ന് പരസ്പരം ചോദിച്ച് സ്വയം പരിശുദ്ധരാകാന്‍ തിടുക്കം കൂട്ടുകയാണ്. ബി ജെ പിയുടെ വോട്ട് വളര്‍ച്ചയെ ഇരു മുന്നണികളും ഗൗരവതരമായി എടുത്തിട്ടില്ല എന്നുതന്നെ. ഇങ്ങനെ പോയാല്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയം ഒന്നിലേറെ മണ്ഡലങ്ങളില്‍ സംഭവിച്ചാലും അതിശയിക്കേണ്ട.

കേരളത്തോട് മോദി 3.0 സര്‍ക്കാരിന്റെ നിലപാട് പഴയപടി തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്. കേരളത്തിന് അര്‍ഹമായി കിട്ടേണ്ട അവകാശങ്ങള്‍ പോലും തടഞ്ഞുവെച്ചതാണ് മുന്‍ വര്‍ഷങ്ങളിലെ അനുഭവം. അന്ന് ധനകാര്യം കൈകാര്യം ചെയ്തിരുന്ന നിര്‍മലാ സീതാരാമന്‍ തന്നെയാണ് പുതിയ സര്‍ക്കാറിലും വകുപ്പ് മന്ത്രി. അതുകൊണ്ട് നിലപാടില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. വായ്പാ പരിധി വെട്ടിക്കുറച്ചും ജി എസ് ടി വിഹിതം നല്‍കാതെയും ബി ജെ പിയുടെ ഏകകക്ഷി ഭരണകാലത്ത് കേരളത്തോട് കാണിച്ച പ്രതികാര നടപടികള്‍ സഖ്യകക്ഷി ഭരണകാലത്തും തുടരും എന്നാണെങ്കില്‍ ബി ജെ പി ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല എന്ന് അനുമാനിക്കേണ്ടിവരും.

 

 

 

 

 

Latest