National
എൻ ഡി എ മൂന്നാമതും സർക്കാറുണ്ടാക്കുമോ? നിതീഷും നായിഡുവും തീരുമാനിക്കും
ഇന്ത്യ മുന്നണി രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച നിതീഷിനെ ഇന്ത്യ സഖ്യവും ചാക്കിട്ട് പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഉപപ്രധാന മന്ത്രി സ്ഥാനം വരെ നിതീഷിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ നിതീഷിനെ കാര്യമായി പരിഗണിച്ചെങ്കിൽ മാത്രമേ ബിജെപിക്ക് സുഗമമായി സർക്കാറുണ്ടാക്കാൻ സാധിക്കുകയുള്ളൂ.
ന്യൂഡൽഹി | നാന്നൂറിലധികം സീറ്റുകളുമായി ഹാട്രിക് നേടുമെന്ന ബിജെപിയുടെ ആശ തല്ലിത്തകർത്ത് ജനാധിപത്യവിശ്വാസികൾ നൽകിയ ഷോക് ട്രീറ്റ്മെന്റിൽ വിയർത്ത് എൻ ഡി എ. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും, 2014 ലെയും 2019 ലെയും തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേവലഭൂരിപക്ഷത്തിന് ആവശ്യമായ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ സാധിക്കാത്തിനാൽ ബിജെപിക്ക് ഒറ്റക്ക് സർക്കാർ ഉണ്ടാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഇന്ത്യമുന്നണി വിട്ട് എൻ ഡി എയിൽ എത്തിയ നിതീഷ് കുമാറും തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും സർക്കാർ രൂപത്കരണത്തിൽ നിർണായകമാകും.
ഇതുവരെയുള്ള ലീഡ് നില അനുസരിച്ച് എൻ ഡി എ 298 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ ബിജെപി സ്വന്തമായി ലീഡ് ചെയ്യുന്നത് 239 സീറ്റുകളിലാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 വോട്ടുകൾ ലഭിക്കാത്തതിനാൽ ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ഇല്ലാതെ സർക്കാർ ഉണ്ടാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ആണ് 16 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന തെലുങ്ക് ദേശം പാർട്ടിയും 15 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ജെഡിയുവും നിർണായകമാകുന്നത്. ഇവർ മുന്നോട്ടു വെക്കുന്ന ഉപാധികൾ ബിജെപിക്ക് അംഗീകരിക്കേണ്ടി വരും.
ഇന്ത്യ മുന്നണി രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച നിതീഷിനെ ഇന്ത്യ സഖ്യവും ചാക്കിട്ട് പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഉപപ്രധാന മന്ത്രി സ്ഥാനം വരെ നിതീഷിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ നിതീഷിനെ കാര്യമായി പരിഗണിച്ചെങ്കിൽ മാത്രമേ ബിജെപിക്ക് സുഗമമായി സർക്കാറുണ്ടാക്കാൻ സാധിക്കുകയുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചു. അതേസമയം ബിഹാർ ബിജെപി അധ്യക്ഷനും സ്വന്തം സർക്കാരിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണാൻ മുഖ്യമന്ത്രി ഭവനിലെത്തിയെങ്കിലും അദ്ദേഹത്തിന് നിതീഷ് കുമാറിനെ കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഒഴികെ, ഒരു പ്രധാനമന്ത്രിയും തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ വിജയിച്ചിട്ടില്ല. തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിച്ച് പണ്ഡിറ്റ് നെഹ്രുവിൻ്റെ റെക്കോർഡിന് ഒപ്പമെത്താൻ പ്രധാനമന്ത്രി മോദിക്ക് അവസരം ലഭിച്ചു. എന്നാൽ എൻ ഡി എ സഖ്യം പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാത്ത സാഹചര്യത്തിലും വരാണസിയിൽ ജനപ്രീതി കുറഞ്ഞതും മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ ഇടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.